Site iconSite icon Janayugom Online

അശോക ഹോട്ടല്‍ ശൃംഖല കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്നു

ashoka hotelashoka hotel

പൊതു ആസ്തി വിറ്റ് മൂലധനമുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡല്‍ഹിയിലെ പ്രശസ്തമായ അശോകാ ഹോട്ടല്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു.

ഐടിഡിസിയുടെ അശോക ശൃംഖലയിലെ എട്ട് ഹോട്ടലുകള്‍ 60 വര്‍ഷത്തെ കരാറിന് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിനാണ് ദേശീയ ധനസമ്പാദന പദ്ധതിയുടെ ഭാഗമായി രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഇതിന് കേന്ദ്ര മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കിയേക്കും.

ഓപ്പറേഷണല്‍ ആന്റ് മെയിന്റനന്‍സ് അടിസ്ഥാനത്തിലായിരിക്കും സ്വകാര്യ കമ്പനികളുമായുള്ള കരാര്‍. ഹോട്ടല്‍ ഏറ്റെടുക്കുന്നവര്‍ക്ക് പുതുക്കിപ്പണിയുകയുമാകാം. 550 മുറിയുള്ള ഹോട്ടലിന്റെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി 500 കോടിയെങ്കിലും ചെലവാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ജമ്മു കശ്മീര്‍ രാജകുടുംബം 1956ല്‍ കൈമാറിയ 25 ഏക്കര്‍ ഭൂമിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഹോട്ടല്‍ നിര്‍മ്മിച്ചത്. ആ വര്‍ഷം ഡല്‍ഹിയില്‍ യുനെസ്‌കോ സമ്മേളനത്തിനെത്തിയ ലോകനേതാക്കാളും പ്രതിനിധികളും താമസിച്ചത് ഇവിടെയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന സെമിനാറുകളും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി അശോക ഗ്രൂപ്പ് ഹോട്ടലുകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്.

അശോക ഗ്രൂപ്പ് സംയുക്ത സംരംഭങ്ങളടക്കം എട്ട് ഹോട്ടലുകളുടെ വില്പനയ്ക്കാണ് രൂപരേഖയായിട്ടുള്ളത്. ഡല്‍ഹി അശോകിന് പുറമെ പോണ്ടിച്ചേരി അശോക ഹോട്ടല്‍. ഭുവനേശ്വറിലെ ഹോട്ടല്‍ കലിംഗ അശോക്, റാഞ്ചിയിലെ അശോക് ഹോട്ടല്‍. പുരിയിലെ നീലാചല്‍ ഹോട്ടല്‍, ഡല്‍ഹിയിലെ സാമ്രാട്ട് ഹോട്ടല്‍, ജമ്മുവിലെ അശോക് ഹോട്ടല്‍, അനന്ത്പൂരിലെ സാഹിബ് ഹോട്ടല്‍ എന്നിവയാണിവ.

ഐടിഡിസിയുടെ കീഴിലുള്ള ഏഴ് ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍, 14 തുറമുഖങ്ങളിലെ വ്യാപാര സമുച്ചയങ്ങള്‍, നാല് കേറ്ററിങ് സെന്ററുകള്‍ എന്നിവയും വില്പനയ്ക്കുവച്ചിട്ടുണ്ട്. അടുത്ത വര്‍ഷമെങ്കിലും ഹോട്ടല്‍ കൈമാറ്റം പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.

Eng­lish Sum­ma­ry: The Ashoka Hotel chain is being sold by the Cen­tral Government

You may like this video also

Exit mobile version