Site iconSite icon Janayugom Online

ആറ്റുകാല്‍ പൊങ്കാല നാളെ

ആഗ്രഹ സാഫല്യത്തിനായി ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനൊരുങ്ങി ഭക്തജനങ്ങള്‍. സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ക്ക് പുറമെ വിവിധ സംഘടനകളും പൊങ്കാല നടത്തിപ്പിനായി സജ്ജമായി കഴിഞ്ഞു. നാളെ രാവിലെ രാവിലെ 9.45ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നിവേദ്യം. 

പൊങ്കാലയും ചന്ദ്രഗ്രഹണവും ഒന്നിച്ചെത്തുന്ന ദിവസമായതിനാല്‍ നാളെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.30 മുതലാണ് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 2.45നാണ് ക്ഷേത്രത്തിലെ കണക്ക് പ്രകാരം ഗ്രഹണം. വൈകിട്ട് ഏഴ് വരെ ദര്‍ശനം ഉണ്ടായിരിക്കില്ല. രാത്രി 8.30നാണ് കുത്തിയോട്ടത്തിനുള്ള ചൂരല്‍ക്കുത്ത് തുടങ്ങുന്നത്. 581 ബാലന്മാര്‍ക്ക് ചൂരല്‍ക്കുത്ത് കഴിഞ്ഞ് പുറത്തിറങ്ങുന്ന മുറയ്ക്ക് ഭഗവതിയുടെ പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. 

വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഭക്തര്‍ തലസ്ഥാനത്തെത്തി തുടങ്ങി. ആരോഗ്യം, പൊലീസ്, നഗരസഭ, അഗ്നിരക്ഷാ സേന, കെഎസ്ആര്‍ടിസി, റെയില്‍വേ തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം പൊങ്കാല മേഖലയിലുണ്ടാകും. വിവിധ റസിഡന്റസ് അസോസിയേഷനുകളും സംഘടനകളും പൊങ്കാലയ്ക്കെത്തുന്നവരുടെ സഹായത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ കെ കാർത്തിക് ഐപിഎസിന്റെ നേതൃത്വത്തിൽ 4,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ളത്. നഗരത്തില്‍ 300ഓളം കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും.

നാളെ പൊങ്കാലയ്ക്ക് ശേഷം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകൾ തീർത്ഥാടകരുടെ സൗകര്യാർത്ഥം ക്രമീകരിച്ചിട്ടുണ്ട്. കൊല്ലം ജങ്ഷൻ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്ന്, രണ്ട്, മൂന്ന്, നാല് പ്ലാറ്റ്ഫോമുകളിൽ നിന്നും നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്നുമാകും പുറപ്പെടുകയെന്ന് റെയില്‍വേ അറിയിച്ചു. കൂടാതെ തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന വിവിധ ട്രെയിനുകള്‍ക്ക് നാളെ പേട്ടയില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിക്കും. 

Exit mobile version