Site iconSite icon Janayugom Online

ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ ഏകദിന, ടി20 ക്രിക്കറ്റ് പരമ്പരകള്‍ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലേക്ക് തിരിച്ചെത്തി. നേരത്തെ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച സ്റ്റാര്‍ക്കിനെ ഏകദിന ടീമിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങൾക്കും രണ്ട് ടി20 മത്സരങ്ങള്‍ക്കുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
ചില സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. പാറ്റ് കമ്മിന്‍സന്റെ അഭാവത്തില്‍ സ്റ്റാര്‍ക്കിനെ കൂടാതെ ജോഷ് ഹെയ്സല്‍വുഡും പേസ് നിരയില്‍ കരുത്ത് കൂട്ടും. ഗ്ലെന്‍ മാക്സ്‌വെല്ലും പരിക്കിനെ തുടര്‍ന്ന് ടീമിലുണ്ടാകില്ല. ക്വീൻസ്‌ലാൻഡ് ടീമുകൾക്കായി മികച്ച പ്രകടനം കാഴ്ചവച്ച മാത്യു റെൻഷായെ മൂന്ന് വർഷത്തിനുശേഷം വീണ്ടും ഏകദിന ടീമിലേക്ക് തെരഞ്ഞെടുത്തു. 

ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഓൾ റൗണ്ടർമാരായ കാമറൂൺ ഗ്രീൻ, കൂപ്പർ കോനോലി എന്നിവരാണ് ഏകദിനത്തിലെ ബാറ്റര്‍മാര്‍. ഷെഫീല്‍ഡ് ഷീല്‍ഡില്‍ മത്സരിക്കുന്നതിനാല്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ആദ്യ ഏകദിനത്തില്‍ കളിക്കാനാവില്ല. അതേസമയം നഥാന്‍ എല്ലിസും ജോഷ് ഇംഗ്ലിസും ടി20 ടീമില്‍ തിരിച്ചെത്തി. ട്രാവിസ് ഹെഡ്, ടിം ഡേവിഡ്, മാർക്കസ് സ്റ്റോയിനിസ്, മാത്യു ഷോർട്ട്, മിച്ചൽ ഓവൻ എന്നിവരുൾപ്പെടെയുള്ള ബാറ്റിങ് നിര ശക്തമാണ്. ഹെയ്സൽവുഡ്, എല്ലിസ്, ബാർട്ട്‌ലെറ്റ്, ഡ്വാർഷുയിസ് എന്നിവരാണ് പേസർമാർ. അതേസമയം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ മാത്രമാണ് പ്രഖ്യാപിച്ചത്. 

ഏകദിനം ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേ­വ്യർ ബാർട്ട്‌ലെറ്റ്, അലക്സ് കാരി, കൂപ്പർ കോനോലി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹെ­യ്സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ ഓവൻ, മാത്യു റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ
ടി20 ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ഷോൺ അ­ബോട്ട്, സേവ്യർ ബാ­ർട്ട്‌ലെറ്റ്, ടിം ഡേ­വിഡ്, ബെൻ ഡ്വാ­ർഷൂയിസ്, നഥാൻ എല്ലിസ്, ജോഷ് ഹെ­­യ്‌സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമൻ, മിച്ചൽ ഓ­വൻ, മാത്യു ഷോ­ർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ

Exit mobile version