സ്വവർഗ ലൈംഗികത പ്രമേയമാകുന്ന കാതൽ എന്ന സിനിമ ധ്യാനാത്മകമായ ഒരു കാഴ്ചാനുഭമാണ്. നമ്മിലേക്ക് നോക്കാനും കാഴ്ചപ്പാടുകൾ മാറ്റാനും സഹായകരമാകുന്ന ദൃശ്യാനുഭവം. മലയാള സിനിമ തൊടാൻ ഭയപ്പെടുന്ന ഹോമോസെക്ഷ്വാലിറ്റി പോലൊരു പ്രമേയത്തെ ധീരമായി അടയാളപ്പെടുത്തിയ ‘കാതൽ ദി കോർ’ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്ക്കാരം നേടുമ്പോൾ സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയ പുരസ്കാര ജേതാവായ കിഷോർകുമാർ എന്ന എഴുത്തുകാരൻ പക്ഷേ, അംഗീകാരങ്ങൾക്ക് കാത്തു നിൽക്കാതെ നേരത്തെ യാത്രയായി.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടന്‍ പൃഥ്വിരാജ്, മികച്ച നടിമാര്‍ ഉര്‍വശിയും ബീനയും
കിഷോർ കുമാറിന്റെ ‘മഴവിൽ കണ്ണിലൂടെ മലയാള സിനിമ’ എന്ന പുസ്തകത്തിനാണ് ഇത്തവണത്തെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ മലയാള സിനിമയിൽ സംഭവിച്ച ഭാവുകത്വ പരിണാമത്തെ സൂക്ഷ്മവും വിമർശനാത്മകവുമായി അപഗ്രഥിക്കുന്ന കൃതി സിനിമയിലെ ക്വിയർ രാഷ്ട്രീയത്തെ സംവാദാത്മകമാക്കുന്നുവെന്നാണ് ജൂറി വിലയിരുത്തിയത്. തന്റെ നിലപാടുകളിൽ ഉറച്ച് നിന്ന് കാതൽ എന്ന സിനിമയ്ക്കൊപ്പം സഞ്ചരിച്ച വ്യക്തി കൂടിയായിരുന്നു കിഷോർ കുമാർ. കാതൽ സിനിമയുടെ സെറ്റിൽ വെച്ച് മമ്മൂട്ടിയെ കാണുകയും തന്റെ രണ്ട് പുരുഷൻമാർ ചുംബിക്കുമ്പോൾ- മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും’ എന്ന തന്റെ പുസ്തകം മമ്മൂട്ടിക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. ഗേ നായക വേഷം ചെയ്യുന്നതിന് കേരളത്തിലെ എൽ ജി ബി ടി ക്യു കമ്യൂണിറ്റിയുടെ പേരിൽ മമ്മൂട്ടിയോട് നന്ദി രേഖപ്പെടുത്തുകയായിരുന്നു കിഷോർ കുമാർ അന്ന് ചെയ്തത്. സിനിമ പുറത്തുവരികയും സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ പതിയെ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നതിന് മുമ്പേ തന്നെ ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോർകുമാർ യാത്രയായി. കുറച്ചു മാസങ്ങൾക്ക് മുമ്പ് കോഴിക്കോട്ടെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ജീവിതത്തിലെ നിരവധി അസുഖകരമായ അനുഭവങ്ങൾക്കും ശേഷം ഏകാന്ത ജീവിതം നയിക്കുന്നതിനിടെയാണ് അദ്ദേഹം ജീവിതം വെടിയുന്നത്. എൽ ജിബിടി ക്യു ഐ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ക്വീരളയുടെ സ്ഥാപകാംഗമായിരുന്നു അദ്ദേഹം.
ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം ആട്ടം
ഒരു ഗേ പുരുഷന്റെ കണ്ണിലൂടെ, ജെൻഡർ സെക്ഷ്വാലിറ്റിയിൽ ഊന്നി നിന്നുകൊണ്ടുള്ള മലയാള സിനിമാ പഠനങ്ങളാണ് മഴവിൽ കണ്ണിലൂടെ മലയാള സിനിമ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. അമേരിക്കൻ പ്രസാസം അവസാനിപ്പിച്ച് കേരളത്തിലെത്തിയ എൽ ജി ബി ടി ആക്ടിവിസ്റ്റായ കിഷോർ കുമാർ കോവിഡ് ലോക് ഡൗൺ കാലത്താണ് ഈ പുസ്തകം എഴുതാൻ ആരംഭിക്കുന്നത്. ഗേ എന്നതിനുപുറമെ ലെസ്ബിയൻ, ട്രാൻസ് ജെൻഡർ, ബൈസെക്ഷ്വൽ എന്നീ ഐഡന്റിറ്റികളെയും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വവർഗ ലൈംഗികത, എൽ ജി ബി ടി എന്നിവയൊക്കെ പാശ്ചാത്യമായ നഗരവത്ക്കരണത്തിൽ നിന്നുണ്ടാകുന്ന മൂല്യച്യുതികളാണെന്ന മലയാളികളുടെ തെറ്റിദ്ധാരണകളെ പൊളിച്ചെഴുതുന്നതാണ് കാതലിലെ നായകനും നായികയും ജീവിക്കുന്ന മധ്യവർഗ-സർ അർബൻ മലയാളി എന്ന ഭൂമികയെന്ന് കിഷോർ കുമാർ വിലയിരുത്തിയിട്ടുണ്ട്. കാതൽ സിനിമയിലെ നായകൻ മാത്യു ദേവസി ഗേ ആണെന്ന വാർത്ത നാട്ടിൽ പരക്കുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടി മാത്യുവിനെ പിന്തുണച്ചുകൊണ്ടാണ് നിലപാട് സ്വീകരിച്ചത്. എന്നാൽ ചില രാഷ്ട്രീയ പാർട്ടികൾ ട്രാൻസ്ജെന്റർ വ്യക്തികളെ ചേർത്തുപിടിക്കുന്നുണ്ടെങ്കിലും സ്വവർഗാനുരാഗികളോടുള്ള മനോഭാവത്തിൽ വലിയ മാറ്റമൊന്നും രാഷ്ട്രീയ രംഗത്ത് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നായിരുന്നു കിഷോർ കുമാറിന്റെ നിലപാട്. സമൂഹത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ മാത്യു തന്റെ രഹസ്യ പങ്കാളിയായ തങ്കൻ നേരിടുന്നതുപോലെ അവഹേളനങ്ങൾ നേരിടുന്നില്ലെന്നത് ഇവരുടെ സോഷ്യൽ സ്റ്റാറ്റസ് വ്യത്യസ്തമാണ് എന്ന വസ്തുതയുടെ പ്രതിഫലനം കൂടിയാണെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജിയോ ബേബി ഒരുക്കിയ കാതൽ എന്ന സിനിമ ആരെയും കുറ്റക്കാരനായി വിധിക്കാതെയും ആരെയും ശത്രുപക്ഷത്ത് നിർത്താതെയുമായിരുന്നു കഥ പറഞ്ഞത്. എന്നാൽ ഇതിന് വിപരീതമായ അനുഭവങ്ങളാണ് കിഷോർ കുമാറിന് സമൂഹത്തിൽ നേരിടേണ്ടിവന്നത്. നന്ദനം, എന്നു നിന്റെ മൊയ്തീൻ, പ്രേമം, ഹൃദയം തുടങ്ങി ഭിന്നവർഗ പ്രണയത്തെ ചിത്രീകരിക്കുന്ന സിനിമകൾ പോലെ സ്വവർഗ പ്രണയത്തെ ചിത്രീകരിക്കുന്ന സിനിമകൾക്ക് വേണ്ടിയായിരുന്നു കിഷോർ കുമാർ കാത്തിരുന്നത്. എന്നാൽ മാറുന്ന കാലത്തിനു മുന്നേ, അംഗീകാര ലബ്ദിക്ക് മുന്നേ അദ്ദേഹം യാത്രയായി. കാതൽ സിനിമയും കിഷോർ കുമാറിന്റെ പുസ്തകവും അംഗീകരിക്കപ്പെടുന്നത് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ തന്നെയാണ് അടയാളപ്പെടുത്തുന്നത്.