Site iconSite icon Janayugom Online

വിവാഹത്തിന് മുന്‍പ് കുട്ടി; നാണക്കേട് ഭയന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

അപമാന ഭാരത്താല്‍ മാതാപിതാക്കള്‍ നവജാത ശിശുവിനെ കൊലപ്പെടുത്തി. അതിഥി തൊഴിലാളികളായ മധ്യപ്രദേശ് മാണ്ഡ്‌ല ജില്ലയില്‍ ബഹ്‌റടോള വാര്‍ഡ് നമ്പര്‍ 16ല്‍ സാഥുറാം (23), വാര്‍ഡ് നമ്പര്‍ 13 ല്‍ മാലതി (21) എന്നിവരെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കമിതാക്കളായ മാലതിയും സാഥുറാമും ഒരുമിച്ചാണ് താമസിച്ച് വന്നിരുന്നത്. ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിന് മുന്‍പ് കുട്ടിയുണ്ടായാല്‍ അപമാനമാകുമെന്ന ഭയമാണ് ഇരുവരെയും കൊലയ്ക്ക് പ്രേരിപ്പിച്ചത്. കഴിഞ്ഞ മേയ് 7ന് രാത്രിയിലാണ് മാലതി ആണ്‍കുട്ടിയെ പ്രസവിച്ചത്. കുഞ്ഞിനെ പ്രസവിച്ചയുടന്‍ തന്നെ സാഥുറാമിന്റെ സഹായത്തോടെ കുത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിനാണ് കമ്പംമെട്ട് ശാന്തിപുരം കുഞ്ഞസന്റെ പുരയിടത്തിലെ ജോലിക്കായി ഇരുവരും എത്തിയത്. കുഞ്ഞസന്റെ വീടിന്റെ സമീപത്തെ ഷെഡിലാണ് സാഥുറാമും ഭാര്യ മാലതിയും താമസിച്ചിരുന്നത്. പ്രസവം നടന്നപ്പോള്‍ തന്നെ സാഥുറാമും ചേര്‍ന്ന് ശുചി മുറിയില്‍ വെച്ച് കുട്ടിയെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു. കുട്ടി മരിച്ചെന്ന ധാരണയില്‍ ഇവര്‍ താമസിക്കുന്ന ഷെഡില്‍ കൊണ്ടുപോയി കിടത്തി. പ്രസവിച്ചപ്പോള്‍ തന്നെ നവജാത ശിശു ശുചി മുറിയിലെ ക്ലോസറ്റില്‍ പതിച്ച് മരിച്ചെന്ന് പിറ്റേന്ന് രാവിലെ ഇവര്‍ കുഞ്ഞസനെയും കുടുംബത്തെയും അറിയിച്ചു. കുഞ്ഞസന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ കുഞ്ഞിന് നേരിയ ശ്വാസോഛാസം കണ്ടെത്തി. നെടുങ്കണ്ടം താലുക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് കുഞ്ഞ് മരിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ ശിശുവിന്റെ മൃതദ്ദേഹം പോസ്റ്റുമാര്‍ട്ടം നടത്തിയപ്പോള്‍ കഴുത്തിലും വയറിലും ഞെരുക്കിയ പാടുകളും നഖത്തിന്റെ പോറലും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കമ്പംമെട്ട് സിഐ വി.എസ്.അനില്‍കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ സണ്ണി, ഷാജി, സാബു, ഏലിയാമ്മ, വി.എം.ജോസഫ്, ജെറിന്‍ ടി വര്‍ഗീസ്, സുധീഷ്, ജോസി മോള്‍ എന്നിവരുടെ നേത്യത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സാഥുറാമിനെയും മാലതിയെയും കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രസവത്തെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യമുണ്ടായ മാലതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയാണ് മാലതിയുടെയും സാഥുറാമിന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

eng­lish sum­ma­ry; The baby was stran­gled to death

you may also like this video

Exit mobile version