Site iconSite icon Janayugom Online

ബംഗ്ലാദേശ് അനുഭവം മതരാഷ്ട്രത്തിനുള്ള താക്കീത്

indiaindia

ഞ്ചു പതിറ്റാണ്ടുകൾക്ക് മുമ്പ്, രണ്ടുവർഷം മാത്രം പ്രായമായ ബംഗ്ലാദേശ് എന്ന ശിശുരാഷ്ട്രം ചരിത്രപ്രധാനമായ ഒരു പ്രസ്താവം ലോകസമക്ഷം നടത്തുകയുണ്ടായി. ന്യൂറംബർഗ് മുതലുള്ള യുദ്ധ കുറ്റവിചാരണകൾ കണ്ടിട്ടുള്ള ലോകത്ത് അത് അത്യസാധാരണമെന്നൊന്നും പറയാനാകില്ലെങ്കിലും അന്നും ഇന്നും ലോകത്തിന് പൊതുവിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജനങ്ങൾക്ക് വിശേഷിച്ചും അനുഭവമായും ചരിത്രമായും തീക്കൊള്ളികൊണ്ട് പിൻകഴുത്തിൽ കുത്തുന്നതുപോലുള്ള ഓർമ്മപ്പെടുത്തലായി ആ പ്രഖ്യാപനം എഴുന്നുനിൽക്കുന്നു. 195 പ്രമുഖ യുദ്ധക്കുറ്റവാളികളുടേതുൾപ്പെടെയുള്ള വിചാരണ ഒന്നര മാസത്തിനുള്ളിൽ അതായത് 1973 മേയ് അവസാനത്തിനുള്ളിൽ പൂർത്തിയാക്കുമെന്നതായിരുന്നു അത്. പാകിസ്ഥാനി അധിനിവേശ സൈന്യത്തിന്റെ തലവൻ ലെഫ്റ്റനന്റ് ജനറൽ എ കെ നിയാസി, മേജർ ജനറൽ റാവു ഫർമാൻ അലി എന്നിവരായിരുന്നു ആ കുറ്റവാളികളിൽ പ്രമുഖർ. ഇന്ത്യയും ബംഗ്ലാദേശും നടത്തിയ സംയുക്ത പ്രഖ്യാപനത്തിന്റെ ചുവടൊപ്പിച്ച് അന്നത്തെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി കമാൽ ഹൊസെെനാണ് ഈ പ്രസ്താവന നടത്തിയത്. പാകിസ്ഥാനി സൈന്യവും അതിന്റെ നാടൻ സഹായികളും ചേർന്ന് നടത്തിയ കൊടുംക്രൂരതകളെപ്പറ്റിയുള്ള അന്വേഷണം പൂർത്തിയായിക്കഴി‍ഞ്ഞതാണെന്നും സാർവദേശീയ നീതിന്യായ ചട്ടങ്ങൾക്കനുസൃതമായി ഉന്നതന്യായാധിപൻമാർ അടങ്ങുന്ന ഒരു പ്രത്യേക ട്രിബ്യൂണലായിരിക്കും വിചാരണ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പ്രമുഖരായ ജൂറിസ്റ്റുകൾക്ക് നടപടികൾ വീക്ഷിക്കാൻ അവസരം നല്കുമെന്നും പ്രതികൾക്ക് വിദേശ അഭിഭാഷകരുൾപ്പെടെയുള്ള നിയമവിദഗ്ധരെ തങ്ങൾക്കായി അണിനിരത്താൻ അവകാശം ഉണ്ടായിരിക്കുമെന്നും പ്രസ്താവന വിശദമാക്കി. വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ, ജനീവ കൺവെൻഷന്റെ അനുച്ഛേദം എട്ടിന്റെ ലംഘനം, അരുംകൊല, ബലാത്സംഗം, തീവയ്പ് എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളാണ് ആരോപിക്കപ്പെട്ടത്.
ഇന്ത്യാവിഭജനത്തോടനുബന്ധിച്ച് ഹിന്ദു-മുസ്ലിം സ്പർധയുടെ പേരിൽ ഏറ്റവും വലിയ മനുഷ്യക്കുരുതി നടന്നത് പഞ്ചാബിലും ബംഗാളിലുമാണ്. ഇരു പ്രവിശ്യകളും നെടുകെ വിഭജിക്കപ്പെട്ടു. 1947 ഓഗസ്റ്റ് 14ന് ചെങ്കോട്ടയിൽ യൂണിയൻജാക്ക് വലിച്ചിറക്കി ത്രിവർണ പതാക ഉയർത്തുന്ന പാതിരാവിൽ മഹാത്മജി നവഖാലിയിലെ ഒരു ഗ്രാമത്തിൽ ദുഃഖിതനായി അലയുകയായിരുന്നു-ബംഗാൾ വിഭജനത്തിന്റെ മുറിവുകളിലൂടെ. പാകിസ്ഥാൻ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമായി ഭൂമിശാസ്ത്രപരമായി വിഭജിച്ചാണ് കിടന്നത്. മുഖ്യ ഭൂപ്രദേശം ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് അഫ്ഗാനിസ്ഥാന് കിഴക്കായി സ്ഥിതിചെയ്തു. ഇതിനെയാണ് പടിഞ്ഞാറൻ പാകിസ്ഥാനെന്ന് വിളിച്ചുപോന്നത്. വിഭജിക്കപ്പെട്ട ബംഗാളിന്റെ പടിഞ്ഞാറ് ഇന്ത്യൻ സംസ്ഥാനമായി തുടർന്നപ്പോൾ കിഴക്കൻ ബംഗാൾ കിഴക്കൻ പാകിസ്ഥാൻ എന്നും അറിയപ്പെട്ടു. എന്നാൽ ഭൂമിശാസ്ത്രപരമായ ഈ വിഭജനമല്ല മറിച്ച് മതത്തിന് മൂടിവയ്ക്കാൻ കഴിയാത്ത ഭാഷാപരവും സാംസ്കാരികവുമായ വൈജാത്യങ്ങളാണ് പിന്നീട് പാകിസ്ഥാന്റെ ശിഥിലീകരണത്തിലും ബംഗ്ലാ വിമോചനത്തിലും കലാശിച്ചതെന്നു കാണാം.


ഇതുകൂടി വായിക്കൂ:  മതേതരത്വം സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്


സ്വതന്ത്രരാജ്യമെന്ന നിലയിൽ പാകിസ്ഥാൻ രൂപമെടുത്തപ്പോള്‍ പടിഞ്ഞാറൻ ഭാഗത്തെ സമ്പന്ന വരേണ്യവിഭാഗങ്ങൾ ഭരണവർഗമായി മാറുകയും കിഴക്ക് ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന വികാരം വ്യാപരിച്ചു. ഉർദു ഏക ദേശീയഭാഷയായി മുഹമ്മദലി ജിന്നയുടെ കാലത്ത് തന്നെ പ്രഖ്യാപിക്കപ്പെട്ടു. പാക് കറന്‍സികളിലും സ്റ്റാമ്പുകളിലും നിന്ന് ബംഗാളി ലിപി നീക്കം ചെയ്യാൻ തീരുമാനിക്കുമ്പോൾ 56 ശതമാനം ജനങ്ങളും ബംഗാളികളായിരുന്നു ആ രാജ്യത്ത്. ബംഗാളി ഭാഷയ്ക്ക് ഫെഡറൽ പദവി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ മൂ‍ർധന്യത്തിൽ 1952 ഫെബ്രുവരി 21ന് പൊലീസ് വെടിവയ്പിൽ വിദ്യാർത്ഥികളടക്കം നിരവധിപേർ വധിക്കപ്പെട്ടു. ഈ ദിനം പിന്നീട് ഭാഷാപ്രക്ഷോഭ അനുസ്മരണ ദിനമായി വ്യാപകമായി ആചരിക്കപ്പെട്ടു. 1999 നവംബർ മുതൽ യുനെസ്കോ അന്താരാഷ്ട്ര തലത്തിൽ മാതൃഭാഷാ ദിനമായി ഫെബ്രുവരി 21നെ അംഗീകരിച്ചു.
ഇന്ത്യാ വിഭജനകാലത്തു തന്നെ താരതമ്യേന ദരിദ്രമായിരുന്ന ബഗാളിനെ കൂടുതൽ സാമ്പത്തികമായി ദുർബലമാക്കുന്ന നടപടികളാണ് പാകിസ്ഥാൻ ഭരണകൂടം സ്വീകരിച്ചത്. ജനസംഖ്യയിൽ ഏറെക്കുറേ തുല്യമായ കിഴക്കൻ പാകിസ്ഥാനിലേക്ക് ബജറ്റിന്റെ 46.4, 31.7, 41.8, 41.2ശതമാനം വീതമാണ് 1950–55, 1955–60, 1960–65, 1965–70 പഞ്ചവർഷങ്ങളിൽ നീക്കിവച്ചത്. സാമ്പത്തിക ചൂഷണത്തിനും സാംസ്കാരികമായ അധീശത്വത്തിനും തങ്ങൾ ഇരയാവുകയാണെന്ന വികാരമാണ് കിഴക്കൻ പാകിസ്ഥാനെ ഒരു പൊട്ടിത്തെറിയിലേക്ക് നയിച്ചത്.
ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആധുനിക സങ്കല്പങ്ങളോട് ഇരു പാകിസ്ഥാനിലെയും പാശ്ചാത്യ വിദ്യാഭ്യാസം കിട്ടിയ വരേണ്യർക്കുള്ള മമത ഒരേപോലെയായിരുന്നെങ്കിലും ബംഗാളി പാരമ്പര്യത്തിലുള്ള അഭിമാനം കിഴക്കൻ പ്രദേശത്ത് അധികമായി നിന്നു. ബഹു സംസ്കാരികമായ രാജ്യത്തെ ഏകോപിപ്പിക്കുന്ന ഏകഘടകമായി മതത്തെക്കണ്ട് കിഴക്കിനെയും കൂടുതൽ ഇസ്ലാമികവല്‍ക്കരിക്കണമെന്ന് പടിഞ്ഞാറൻ വിഭാഗങ്ങൾ കരുതി. മതത്തിൽ അധിഷ്ഠിതമായ ദേശീയത എന്ന സംഘ്പരിവാർ രാഷ്ട്രീയവുമായി വിഭജനപൂർവ പാകിസ്ഥാനുള്ള സാദൃശ്യം അതിശയകരമാണ്.
1960കളോടെ തന്നെ പാകിസ്ഥാനിലെ ഭരണനേതൃത്വത്തിൽ സൈന്യം പിടിമുറുക്കി. കിഴക്കൻ പാകിസ്ഥാനിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഏതൊരു നേതാവിനെയും ജനാധിപത്യവിരുദ്ധമായി പുറത്താക്കപ്പെടും എന്ന് സുഹ്രവർദിയും ഇസ്കന്ദർ മിശ്രയുമടക്കമുള്ളവരുടെ അനുഭവങ്ങൾ തെളിവായി. ഷേഖ് മുജീബ് റഹ്‌മാൻ നേതൃത്വം നല്കുന്ന അവാമിലീഗിന് തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം ലഭിച്ചതോടെ അദ്ദേഹം ഭരണാധികാരിയാവുന്നത് തടയാൻ എല്ലാ ജനാധിപത്യവിരുദ്ധ മാർഗങ്ങളും പടിഞ്ഞാറ് സ്വീകരിച്ചു. അദ്ദേഹവും തുറന്ന പോരാട്ടത്തിനിറങ്ങി. ഈ രാഷ്ട്രീയ സാഹചര്യത്തിൽ ‘ഓപ്പറേഷൻ സേർച്ച്‍ലൈറ്റ്’ എന്ന പേരിൽ പാകിസ്ഥാൻ പട്ടാളം ക്രൂരമായ അടിച്ചമർത്തൽ ആരംഭിച്ചു. 1971 മാർച്ച് 25 മുതൽ നടന്നത് വംശഹത്യതന്നെയായിരുന്നു. ന്യൂനപക്ഷമായ ബംഗാളി ഹിന്ദുക്കളും, പാക് ഭരണകൂടത്തെ അനുകൂലിച്ച ചെറിയ വിഭാഗം ഇസ്ലാമിസ്റ്റുകൾ ഒഴികെ മഹാഭൂരിപക്ഷം ബംഗാളി മുസ്ലിങ്ങളും വിവരണാതീതമായ ക്രൂരതകൾക്കിരയായി. ഒരു രാജ്യത്തിന്റെ സൈന്യം സിവിലിയൻ പൗരന്മാർക്കുനേരെ ഇത്തരത്തിൽ പെരുമാറിയത് ചരിത്രത്തിൽ അത്യധികമില്ല. 30ലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. ലക്ഷക്കണക്കിന് സ്ത്രീകൾ മാനഭംഗം ചെയ്യപ്പെട്ടു. പാകിസ്ഥാൻ പട്ടാളത്തെ സഹായിക്കാൻ രൂപീകരിക്കപ്പെട്ട റസാക്കർമാർ എന്ന അർധസൈനികദളത്തിന്റെ ക്രൂരതകൾ വർണനാതീതമായിരുന്നു. കീഴടങ്ങുന്നതിന്റെ തൊട്ടു മുൻദിവസങ്ങളിൽ ഇവർ ധാക്കയിലെ പ്രൊഫസർമാർ, ഡോക്ട‍ർമാർ, അക്കാദമീഷ്യൻമാർ തുടങ്ങിയ ബുദ്ധിജീവിവിഭാഗങ്ങളെ തെരഞ്ഞുപിടിച്ച് കൂട്ടക്കൊല ചെയ്തു.


ഇതുകൂടി വായിക്കൂ:  ഇന്ത്യ മതേതര രാജ്യം; വിശ്വാസം അടിച്ചേല്പിക്കാനാവില്ല


‘മുക്തിബാഹിനി’ എന്ന പ്രതിരോധസൈന്യം രൂപീകരിച്ച് ബംഗ്ലാജനത ശക്തമായി പ്രതിരോധിച്ചു. എത്ര ക്രൂരമായ മ‍ർദകഭരണകൂടത്തിനും ജനശക്തിയെ പരാജയപ്പെടുത്താനാവില്ലെന്ന് മാസങ്ങൾകൊണ്ട് ധീരരായ ബംഗാളികൾ തെളിയിച്ചു. അഭയാർത്ഥിപ്രവാഹത്തിൽ പൊറുതിമുട്ടിയ ഇന്ത്യന്‍ സർക്കാർ വിഷയത്തിൽ നേരിട്ടിടപെട്ടു. അമേരിക്കൻ ഭരണകൂടമടക്കമുള്ള മുതലാളിത്ത ശക്തികൾ പാകിസ്ഥാന്റെ മനുഷ്യാവകാശലംഘനങ്ങൾക്ക് രാഷ്ട്രീയസഹായം നല്കിയെങ്കിലും സോവിയറ്റ് യൂണിയന്റെ പിന്തുണ ഇന്ത്യക്കും ബംഗ്ലാ ജനതയ്ക്കും ബലം നൽകി. 1997 ഡിസംബർ 16ന് നിയാസിയുടെ നേതൃത്വത്തിൽ 93,000പാക് സൈനികർ ഇന്ത്യ–ബംഗ്ലാദേശ് സംയുക്ത സൈനിക നേതൃത്വത്തിന് മുമ്പിൽ കീഴടങ്ങി. ബംഗ്ലാദേശ് എന്ന രാഷ്ട്രം അങ്ങനെ പിറവിയെടുത്തു.
യുദ്ധങ്ങളിൽ നടക്കുന്ന അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ‍ ഉത്തരവാദികളായവർക്ക് ചരിത്രത്തിൽ വലിയ വിചാരണയോ ശിക്ഷയോ നേരിടേണ്ടി വരാറില്ല. 1973ൽ ബംഗ്ലാദേശ് സർക്കാർ രൂപീകരിച്ച ഇന്റർനാഷണൽ ക്രൈംസ് (ട്രിബ്യൂണൽ) ആക്ടിനും വലിയ തുടർനടപടികൾ ഉണ്ടായില്ല. സിവിലിയൻഹത്യ, ബലാത്സംഗം, തീവയ്പ് തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടവരല്ലാത്ത എല്ലാവരെയും പൊതുമാപ്പ് നല്കി വിട്ടയച്ചു. കുറ്റം ചുമത്തപ്പെട്ട 37,000ത്തിൽ 26,000 ബംഗ്ലാദേശികളും ഇപ്രകാരം കുറ്റവിമുക്തരായി. പാകിസ്ഥാൻ സൈനികരായ യുദ്ധത്തടവുകാരെ അതിന് മുമ്പേ തന്നെ അന്താരാഷ്ട്ര നിയമപ്രകാരം കൈമാറിയിരുന്നു. 1975 ഓഗസ്റ്റ് 15ന് മുജീബ് റഹ്മാനും കുടുംബവും കൊല്ലപ്പെടുകയും സിയാ ഉൽ റഹ്മാൻ അധികാരത്തിലെത്തുകയും ചെയ്തു. മുജീബിന്റെ മകളായ ഷേഖ് ഹസീന ഇന്ത്യയിലായിരുന്നതിനാൽ ജീവാപായത്തിൽ നിന്ന് രക്ഷപ്പെടുകയും പിൽക്കാലത്ത് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാവുകയും ചെയ്തു. സിയ ഉൽ റഹ്‌മാൻ ഇസ്ലാമിസ്റ്റ് ശക്തികളെ പ്രീണിപ്പിക്കുന്നതിനായി യുദ്ധവിചാരണകൾ റദ്ദാക്കിയെങ്കിലും ബംഗ്ലാദേശിൽ ഇതൊരു രാഷ്ട്രീയപ്രശ്നമായി എക്കാലത്തും തുടർന്നുപോന്നു.

1972 ജനുവരിയിൽ കൊല്ലപ്പെട്ട സാഹിർ റൈഹാന്റെ വിധവയുടെ നേതൃത്വത്തിൽ ദേശീയവിമോചന രക്തസാക്ഷികളായ ബുദ്ധിജീവികളുടെ ജീവിതപങ്കാളികൾ വിചാരണ തുടരാൻ വേണ്ടി സമാധാനപരമായ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. പാക് സൈന്യത്തിനും തദ്ദേശീയ അക്രമിസംഘത്തിനും താത്വികമായ പിന്തുണ നൽകിയ ബംഗ്ലാ ജമാഅത്തെ ഇസ്ലാമിയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. 1972ലെ കുപ്രസിദ്ധ വിദ്യാർത്ഥികൂട്ടക്കൊല നടന്ന സർക്കാർ ബംഗ്ലാകോളജിലെ വിദ്യാർത്ഥികൾ 2007ൽ മനുഷ്യചങ്ങല, നിരാഹാര സത്യഗ്രഹം, പുഷ്പാർച്ചന തുടങ്ങിയ പ്രകടനങ്ങളിലൂടെ വിഷയം വീണ്ടും സജീവമാക്കി. 2013 ലെ ഷാബാഗ് പ്രതിഷേധത്തിൽ കുറ്റകൃത്യങ്ങളിൽ പങ്കാളിയായ അബ്ദുൾ ഖാദർ മൊല്ലായ്ക്ക് വധശിക്ഷ എന്ന മുദ്രാവാക്യമുയർന്നു. ബംഗ്ലാദേശിൽ ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കണമെന്ന ആവശ്യവും സജീവമായി.
പാകിസ്ഥാനിൽ നിന്ന് സ്വതന്ത്രമായെങ്കിലും മതരാഷ്ട്രവാദശക്തികൾക്ക് ‍ സമൂഹത്തിലുള്ള ഗണ്യമായ സ്വാധീനം അവാമി ലീഗും എതിരാളികളും എന്ന നിലയിൽ ബംഗ്ലാ ആഭ്യന്തര രാഷ്ട്രീയത്തെ മാറ്റി. മുജീബിന്റെ മകൾ ഹസീനയും സിയയുടെ ഭാര്യ ഖാലിദയും മാറിമാറി ഭരണത്തിലെത്തി. ദേശീയ വിമോചനം സാധ്യമാക്കിയ രാഷ്ട്രപിതാവിന്റെ ഘാതകർ ഭരണാധികാരത്തിൽ എത്തുന്നതിന് ഇന്ത്യക്കു മുമ്പേ ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചു. യുദ്ധക്കുറ്റവാളികൾ മരിക്കുകയോ കിടപ്പിലാവുകയോ സഹതാപാർഹമായ ജീവിതാവസ്ഥകളിലേക്ക് മാറുകയോ ചെയ്തു. രണ്ടാം ലോകയുദ്ധാനന്തരം ചരിത്രം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യം ഒരു ചെറു ദരിദ്രരാഷ്ട്രത്തിന്റെ ആഭ്യന്തര രാഷ്ട്രീയപ്രശ്നം മാത്രമായി മാറി.


ഇതുകൂടി വായിക്കൂ: ജനാധിപത്യമതേതര മുന്നണി അനിവാര്യം


ബംഗ്ലാദേശിന് സ്വാതന്ത്ര്യവും ജനാധിപത്യ മതേതരപാതയിൽ മാർഗദർശനവും നല്കാൻ മുൻനിന്ന സഹോദരരാഷ്ട്രമാണ് ഇന്ത്യ. ഇന്നത് നിർലജ്ജമായ മതരാഷ്ട്ര ശക്തികളുടെ പിടിയിൽ അമരുന്നത് നാം കാണുന്നു. പാകിസ്ഥാനെക്കാൾ മത‑വംശ‑ഭാഷാ വൈജാത്യങ്ങൾകൊണ്ട് സമ്പന്നമായ ഭാരതത്തെ ഏകമത സാംസ്കാരികാധീശത്വത്തിന് കീഴിൽ കെട്ടാനുള്ള ശ്രമങ്ങളുടെ യുക്തിക്ക് എതിരെയുള്ള ചരിത്രാനുഭവങ്ങൾ തേടി മുസോളിനിയുടെ ഇറ്റലിയിലേക്കും ഹിറ്റ്ലറുടെ ജർമ്മനിയിലേക്കും നാം എന്തിന് പോകണം? മനുഷ്യത്വരഹിതമായ പാക് ഭരണകൂട ഭീകരതയും അതിനൊത്താശ ചെയ്ത മതാന്ധതയും പരാജയപ്പെടുകയും അപ്രതിരോധ്യമായ ജനകീയേച്ഛ വിജയം കാണുകയും ചെയ്ത ബംഗ്ലാ വിമോചനത്തിന്റെ അരനൂറ്റാണ്ടുകാലത്തെ അനുഭവങ്ങൾ മതരാഷ്ട്രവാദികൾക്ക് ഏറ്റവും മികച്ച താക്കീതാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ മാത്രമല്ല ലോകത്താകെയും.

Exit mobile version