17 April 2024, Wednesday

ജനാധിപത്യമതേതര മുന്നണി അനിവാര്യം

കെ പി ശങ്കരദാസ്
January 5, 2023 4:30 am

പുതുവർഷത്തെ വരവേൽക്കുമ്പോൾ കടന്നുപോയ കാലത്തെക്കുറിച്ച് ആലോചിക്കുക സ്വാഭാവികം! കഴിഞ്ഞകാലത്തെ അനുഭവങ്ങളും പാളിച്ചകളും മനസിലാക്കിയാണല്ലോ ഭാവി പ്രവർത്തനങ്ങൾക്കു രൂപം നൽകുക. പോയ ഒരു വർഷം ഇന്ത്യയുടെ ചരിത്രത്തിൽ ധൈഷണിക സ്വാധീനത്തിന്റെ സൂചനകൾ തെളിഞ്ഞുവരുന്നതായി കാണാം. പതിനഞ്ചാം ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയത്തിൽ ഇടതുപക്ഷ പാർട്ടികളുടെ പ്രസക്തിക്കും പ്രാധാന്യത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും കൈവന്ന വമ്പിച്ച പ്രാധാന്യവും പ്രാമാണ്യവും ദേശീയ രാഷ്ട്രീയ ഗതിവിഗതികളെ നിർണായകമായി സ്വാധീനിക്കുകയും ഒരു പരിധിവരെ നിയന്ത്രിക്കുകയും ചെയ്തിരുന്നു. 1990കളിൽ കോൺഗ്രസിനെയും മറ്റ് മതനിരപേക്ഷ ജനാധിപത്യ സർക്കാരുകളെയും അധികാരത്തിലേറ്റുന്നതിന് ചാലകശക്തിയായത് ഇടതുപാർട്ടികളാണ്.
2004ലെ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് നേതൃത്വത്തിൽ ഐക്യപുരോഗമന സഖ്യസർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതിലും നിലനിര്‍ത്തുന്നതിലും പ്രധാന പങ്ക് വഹിച്ച ഇടതുപാർട്ടികൾ ദേശീയ രാഷ്ട്രീയത്തിൽ നേടിയ മേൽക്കൈ വളരെ വലുതായിരുന്നു. നവലിബറലിസത്തിന്റെ ഹിസ്റ്റീരിയ ബാധിച്ച കോൺഗ്രസും മൻമോഹൻസിങ് സർക്കാരും നടപ്പാക്കാൻ തുനിഞ്ഞ വിനാശകരമായ നിരവധി നയങ്ങൾക്കും നടപടികൾക്കും ഒരു പരിധിവരെ തടയിട്ട ഇടതുപാർട്ടികൾ രാജ്യത്തിന്റെ ഭരണരാഷ്ട്രീയം നിയന്ത്രിച്ചു.

 


ഇതുകൂടി വായിക്കു; കേന്ദ്ര ബജറ്റിനെ ഭയന്ന് തൊഴിലുറപ്പ് തൊഴിലാളികൾ


കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പോടെ ദേശീയ രാഷ്ട്രീയത്തിലെ ബലാബലത്തിൽ വന്ന മാറ്റം ഇടതുപാർട്ടികളുടെ മേധാശക്തിക്ക് കുറച്ചൊക്കെ ഊനംതട്ടിച്ചുവെന്നത് വസ്തുതയാണ്. ലോക്‌സഭയിലെ അംഗബലത്തിൽ വലിയ മാറ്റമുണ്ടായി. ഭരണസഖ്യത്തിന്റെ ഭാഗമല്ലാതാകുകയും ചെയ്തു. ഇതാണ് ഇടതുപാർട്ടികളുടെ പ്രാധാന്യം കുറഞ്ഞുവെന്ന പ്രതീതി സൃഷ്ടിച്ചത്. പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ പാർലമെന്റിലെയും നിയമസഭകളിലെയും അംഗബലമാണ് പാർട്ടികളുടെ ശക്തിയുടെയും ജനകീയാടിത്തറയുടെയും അളവുകോലാകുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുത്തക കോർപറേറ്റുകളുടെ മുഖ്യ അജണ്ട ഇടതുപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥികളെ കൂട്ടത്തോടെ തോല്പിക്കുകയെന്നതായിരുന്നു. അതിനായി അവർ പണം വാരിവിതറുകയായിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കാര്യമായ അടിത്തറയുള്ള സംസ്ഥാനങ്ങളിൽ പോലും പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും മാത്രം വോട്ട് കൊണ്ട് അധികാരത്തിൽ വരാനാകില്ല. പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ യോജിക്കാൻ കഴിയുന്ന ജനാധിപത്യമതേതര പാർട്ടികളുമായി ചേർന്നുള്ള മുന്നണി അനിവാര്യമാകുന്നത് ഈ സാഹചര്യത്തിലാണ്. കാൽനൂറ്റാണ്ട് മുമ്പുവരെ പ്രബലമായ സോഷ്യലിസ്റ്റ് പ്രസ്ഥാനം രാജ്യത്തുണ്ടായിരുന്നു. സോഷ്യലിസ്റ്റ് പാർട്ടികൾ ഇടതുപക്ഷ രാഷ്ട്രീയത്തിനും പുരോഗമന ചേരിക്കും കരുത്തു പകർന്നിരുന്നു. ഇന്ന് സോഷ്യലിസ്റ്റ് പാർട്ടികളും ഗ്രൂപ്പുകളും ഏറെക്കുറെ പൂർണമായും ശിഥിലമായിരിക്കുന്നു. രണ്ടു മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും പുറമേ കൊച്ചുകൊച്ചു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ഗ്രൂപ്പുകളുടെയും എണ്ണം കഴിഞ്ഞ രണ്ട് ദശകങ്ങളിൽ പെരുകി.
ആഗോളീകരണത്തിന്റെ ആഗമനത്തോടെ മുതലാളിത്തത്തിനു വന്ന രൂപപരിണാമം ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയെ കൂടുതൽ വികലവും സങ്കീർണവുമാക്കി. ഒപ്പം മുതലാളിത്ത ശക്തികളുടെ വർധിച്ച കേന്ദ്രീകരണവുമുണ്ടായി.

 


ഇതുകൂടി വായിക്കു;  ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും ദേശീയ പ്രസ്ഥാനവും


 

ഭരണവർഗം കൂടുതൽ വലതുപക്ഷ, മുതലാളിത്ത, സാമ്രാജ്യത്വ ചായ്‌വുകളിലേക്ക് പോകുമ്പോൾ അതിനെതിരെ സുശക്തമായ ബദൽ വളർത്തിയെടുക്കുന്നതിൽ ഇടതുപാർട്ടികൾ എത്രത്തോളം മുന്നോട്ടു പോകുന്നുവെന്നത് സുപ്രധാനമാണ്. സാധാരണക്കാരുടെയും ദരിദ്രരുടെയും തൊഴിലാളി വർഗത്തിന്റെയും പ്രബലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ചരിത്രപരമായ ഉത്തരവാദിത്തമുണ്ട്.
ജാതിവ്യവസ്ഥയുടെ കെട്ടുപാടുകളാൽ വരിഞ്ഞുമുറുക്കപ്പെട്ട രാജ്യത്ത് മത സാമുദായിക ശക്തികളും അവരുടെ രാഷ്ട്രീയപാർട്ടികളും ആക്രമണത്തിന്റെ കുന്തമുന തിരിക്കുന്നത് കോൺഗ്രസിനോ മറ്റു കപട മതേതര ജനാധിപത്യ പാർട്ടികൾക്കോ നേരെയല്ല; കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരായാണ്. വർഗീയ‑സാമുദായികാടിസ്ഥാനത്തിൽ വോട്ടുബാങ്കുകളും ധ്രുവീകരണവും ഉണ്ടാക്കുന്നതിനെതിരെ ചെറുത്തുനില്പ് നടത്തുന്നത് ഈ പാർട്ടികളെന്നതാണ് കാരണം.
നവമുതലാളിത്ത ശക്തികൾ ഇന്ത്യൻ ജനാധിപത്യത്തിന് വൻ വിപത്തായി മാറുകയാണ്. മുൻകാലങ്ങളിൽ അവർ ഭരണകാര്യങ്ങളിൽ പരോക്ഷമായോ അദൃശ്യമായോ ഇടപെടുകയും നിയന്ത്രിക്കുകയുമാണ് ചെയ്തിരുന്നത്. ഇപ്പോഴാകട്ടെ, ജനാധിപത്യ പാർട്ടികളിലും പ്രാദേശിക പാർട്ടികളിലും കയറിപ്പറ്റി തങ്ങളുടെ പ്രതിനിധികളെ പാർലമെന്റിലും നിയമസഭകളിലും അംഗങ്ങളാക്കുകയാണ്. ഭരണത്തെ നയിക്കുന്ന ബിജെപിയിലും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിലും കൂടിയാണ് ഇവരിൽ ഏറെപ്പേരും പാർലമെന്റിലെത്തിയത്. അധഃസ്ഥിതരുടെയും പിന്നാക്കക്കാരുടെയും പാർട്ടികളെന്ന് അവകാശപ്പെടുന്ന പാർട്ടികളിലും കോടീശ്വര എംപിമാരാണ് കൂടുതലും. കേന്ദ്രമന്ത്രിമാരിലെ സ്ഥിതിയും ഇതുതന്നെയാണ്. ഭരണമണ്ഡലത്തിലെ അവരുടെ സ്വാധീനവും കൈകടത്തലും പാർലമെന്ററി ജനാധിപത്യ സംവിധാനത്തെ മൊത്തത്തിൽ വിഴുങ്ങുന്ന നിലയായിരിക്കുന്നു.

ബിജെപി സർക്കാരിന്റെ സാമ്പത്തിക, വ്യവസായ നയങ്ങളെയും വിദേശനയത്തെയും കോൺഗ്രസ് പിന്തുണയ്ക്കുന്നതിനു പിന്നിൽ ഇവരാണ് ഇടനിലക്കാർ. ഭരണമുന്നണിയിലും കോൺഗ്രസ് മുന്നണിയിലും ചേരാതെ നിൽക്കുന്ന പാർട്ടികളും ഈ നയങ്ങളുടെ പിന്തുണക്കാരാണ്. ബിജെപി സർക്കാർ നിലനില്പ് ഭീഷണി നേരിടുമ്പോഴൊക്കെ ഈ പാർട്ടികൾ രക്ഷയ്ക്കെത്തുന്നുമുണ്ട്. വർഗപരമായി നോക്കുമ്പോൾ വ്യത്യസ്ത ചേരിയിലാണെങ്കിലും ആവശ്യാനുസരണം മാറിയുംമറിഞ്ഞും നിലപാടെടുക്കാൻ ഇവർക്ക് ഒരു ഉളുപ്പുമില്ല. ആശയപരമായും രാഷ്ട്രീയപരമായും യഥാർത്ഥ പ്രതിപക്ഷമായി നിലകൊള്ളുന്നത് ഇടതുപാർട്ടികൾ മാത്രമാണ്. അംഗബലം കുറഞ്ഞതുകൊണ്ട് ആ പ്രാധാന്യം കുറയുന്നില്ല. ഇടതുപക്ഷ പാർട്ടികളുടെയും ബഹുജന അടിത്തറയുള്ള മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെയും ദേശീയതലത്തിലുളള കൂട്ടായ്മ അനിവാര്യമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. 2024 ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഭരണസ്വാധീനം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ബിജെപി. അതിനെ മറികടക്കാനായി ഭാഷയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ ജനങ്ങളെ വിവിധ തട്ടുകളായി വേർതിരിച്ചുനിർത്തി സ്വാധീനം ഉറപ്പിക്കുന്നതിനുള്ള തീവ്ര യജ്ഞത്തിലുമാണ്. ഒരു ഭാഗത്ത് സ്വദേശ‑വിദേശ കുത്തകകൾക്കു വേണ്ടിയും മറുഭാഗത്ത് ഹിന്ദുവർഗീയതയ്ക്കും ഹിന്ദുരാഷ്ട്രത്തിനു വേണ്ടിയും മാത്രമായുള്ള ഭരണമാണ് കഴിഞ്ഞ എട്ടുവർഷമായി നടക്കുന്നത്. പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും നടുവിൽ നട്ടംതിരിയുന്ന കോടിക്കണക്കായ ജനങ്ങളുടെ അതിദയനീയമായ ചിത്രങ്ങൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടം.

അയോധ്യയിൽ 365 വർഷം പഴക്കമുള്ള ബാബരി മസ്ജിദ് തകർത്ത സംഭവവും, അവിടെ രാമക്ഷേത്രം പണിയുമെന്ന പ്രചണ്ഡമായ പ്രചാരണവുമാണ് ബിജെപിക്ക് ആദ്യമായി അധികാരത്തിലേറാൻ അവസരം സൃഷ്ടിച്ചത്. സമാനമായി വാരാണസിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും തകർത്ത് അവിടങ്ങളില്‍ ശിവന്റെയും ശ്രീകൃഷ്ണന്റെയും ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ബാബരി മസ്ജിദും തകർക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന രണ്ട് മസ്ജിദുകളും ഉത്തര്‍പ്രദേശ് സംസ്ഥാനത്തുള്ളവയാണ്. ഇവിടെ അധികാരത്തിലിരിക്കുന്നതും ബിജെപിയാണ്. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കുമ്പോൾ ഇവിടെ അധികാരത്തിൽ ഉണ്ടായിരുന്നതും കല്യാൺസിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരായിരുന്നു. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് പി വി നരസിംഹറാവു നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് സർക്കാരും. ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാൻ എന്ന ആശയത്തിന്റെ ചുവടുപിടിച്ചുകൊണ്ട് സംസ്ഥാനങ്ങൾ തമ്മിലും ജനങ്ങൾ തമ്മിലും ആശയവിനിമയം നടത്തേണ്ടത് ഇംഗ്ലീഷിലല്ല ഹിന്ദിയിലായിരിക്കണമെന്നാണ് അമിത്ഷാ നേരത്തെമുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇത് 1963 ലെ ഔദ്യോഗിക ഭാഷ ആക്ടിന് വിരുദ്ധമാണ്. അമിത്ഷാ അധ്യക്ഷനായുള്ള പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതിയുടെ നിർദേശങ്ങൾ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ടു മാത്രമേ നടപ്പാക്കാവു എന്ന ചട്ടം പാലിക്കപ്പെടുമോ എന്ന സംശയത്തിലാണ്.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 112 ശുപാർശകൾ അതേപടി നടപ്പാക്കുമെന്നാണ് ഭാഷാസമിതി ഉപാധ്യക്ഷൻ ഭര്‍തൃഹരി മഹ്താബ് വിശദീകരിച്ചത്.

ലോകമെങ്ങും വിവിധ ഭാഷകൾ സംസാരിക്കുന്നവരെ ചേർത്തു നിർത്തുന്ന ഭാഷയാണ് ഇംഗ്ലീഷ് എന്നത് മറക്കാനാവില്ല. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട 22 ഭാഷകള്‍ക്കും തുല്യ അവകാശമാണ്. രാജ്യത്തെ ഒരു ഭാഷയും മറ്റൊന്നിനേക്കാൾ മുന്നിലോ പിന്നിലോ അല്ല. ഭാരതമാണ് തങ്ങളുടെ മാതാവെന്ന് പ്രചരിപ്പിച്ചിരുന്നവർ ഗോക്കളിൽ മാതാവിനെ കണ്ടെത്തിയതിലും, സംസ്കൃത ഭാഷയുടെ പേരിൽ ഊറ്റം കൊണ്ടിരുന്നവർ പൊടുന്നനേ ഹിന്ദി പ്രേമം പ്രകടിപ്പിക്കുന്നതിന്റെ പിന്നിലും ഈ അജണ്ടയാണ്. സ്വാതന്ത്യ്രപ്രാപ്തിക്കു ശേഷം ഇന്ത്യയിൽ മതനിരപേക്ഷതയ്ക്ക് ഇത്രയേറെ വെല്ലുവിളി നേരിടേണ്ടിവന്ന ഒരു കാലഘട്ടം ഇതുവരെ ഉണ്ടായിട്ടില്ല. ഇംഗ്ലീഷിന് പകരം ഉന്നത വിദ്യാഭ്യാസത്തില്‍ ഹിന്ദി പ്രധാന ഭാഷയാക്കുന്നത് കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. യുവതയുടെ വിദേശജോലി സാധ്യതകൾ അടയും. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, എൻഐടി, ഐഐഎസ്‌സി, ഐഐഎം, എയിംസ് തുടങ്ങിയവയിലും കേന്ദ്ര സർവീസ് റിക്രൂട്ട്മെന്റുകൾക്കും ഹിന്ദി മുഖ്യമാധ്യമമാക്കണമെന്ന് പാർലമെന്റിന്റെ ഔദ്യോഗിക ഭാഷസമിതി നിർദേശിച്ചിരിക്കുന്നതായാണ് വാർത്ത. ഒറ്റഭാഷ കൊണ്ട് രാജ്യത്തെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ബഹുസ്വരതയെയും ഭാഷാവൈവിധ്യത്തെയും അപകീർത്തിപ്പെടുത്തുക മാത്രമല്ല രാജ്യത്തെ ഭാവിതലമുറയുടെ ജീവനും ജീവിതവും കണ്ണീരിലാഴ്ത്തുകയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.