Site icon Janayugom Online

ബാര്‍ഡിന് ഒരുത്തരം തെറ്റി; ഗൂഗിളിന് നഷ്ടം പതിനായിരം കോടി

ഗൂഗിള്‍ ബാര്‍ഡിന്റെ ഒരൊറ്റ പിഴവില്‍ ഗൂഗിളിന് നഷ്ടം 100 ബില്യണ്‍ ഡോളര്‍. ചാറ്റ്ജിപിടിക്ക് ബദലായി ഗൂഗിളിന്റെ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംരംഭമായ ബാര്‍ഡ് പാരിസില്‍ നടത്തിയ പരിപാടിയില്‍ തെറ്റായ ഉത്തരം നല്‍കിയതിന് പിന്നാലെ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഓഹരികള്‍ ഇടിഞ്ഞു. മൈക്രോസോഫ്റ്റിനും ചാറ്റ്ജിപിടിക്കുമുള്ള ഗൂഗിളിന്റെ മറുപടി പ്രതീക്ഷിച്ചവര്‍ക്ക് കാര്യമായൊന്നും നല്‍കാന്‍ ബാര്‍ഡിനായില്ല. കൂടാതെ ഒരു ചോദ്യത്തിന് തെറ്റായി മറുപടി നല്‍കിയതും ഗൂഗിളിന് വന്‍ തിരിച്ചടിയായി.

ഒമ്പത് വയസുള്ള കുട്ടിയോട് പറയാനായി ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്‌കോപ്പിനെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനാണ് ബാര്‍ഡിനോട് ആവശ്യപ്പെട്ടത്. ജെയിംസ് വെബ്ബാണ് സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ഫോട്ടോ ആദ്യമായി എടുക്കുന്നതെന്നായിരുന്നു ബാര്‍ഡിന്റെ മറുപടി. എന്നാല്‍ 2004ല്‍ യൂറോപ്പിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ വെരി ലാർജ് ടെലിസ്കോപ്പ് (വിഎൽടി) ആണ് ഈ ചിത്രങ്ങള്‍ ആദ്യമായെടുത്തതെന്ന് നാസ സ്ഥിരീകരിച്ചു. 

തെറ്റായ മറുപടിക്ക് പിന്നാലെ ആല്‍ഫബെറ്റിന്റെ ഓഹരിവിലയില്‍ വന്‍ ഇടിവുണ്ടായി. വിപണി മൂല്യത്തില്‍ ഏകദേശം 10,000 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. നിലവില്‍ 1.27 ലക്ഷം കോടി ഡോളറാണ് ഗൂഗിളിന്റെ വിപണി മൂല്യം. മൈക്രോസോഫ്റ്റ്, ഇലോണ്‍ മസ്ക് തുടങ്ങിയവരുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ്ജിപിടി എന്ന ചാറ്റ്ബോട്ട് ലോകത്ത് തരംഗമായി മാറിയതിന് പിന്നാലെയാണ് ഗൂഗിള്‍ ബാര്‍ഡിനെ അവതരിപ്പിച്ചത്. ബിംഗ് സെര്‍ച്ച് എഞ്ചിനുമായി ബന്ധിപ്പിച്ചാണ് മൈക്രോസോഫ്റ്റ് ചാറ്റ്ജിപിടിയെ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനുമായി ചേര്‍ന്നായിരിക്കും ബാര്‍ഡിന്റെ പ്രവര്‍ത്തനം.

Eng­lish Summary;The bard made a mis­take; Google has lost ten thou­sand crores

You may also like this video

Exit mobile version