തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പരസ്യമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുവേണ്ടി നിലപാട് പ്രഖ്യാപിച്ച കെപിസിസി നേതാക്കള്‍ക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ചുമതലക്കാരനായ മധുസൂദന്‍ മിസ്ത്രിക്ക് പരാതി നല്‍കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെത്തിയ ശശി തരൂരിന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നിന്നുണ്ടായ കടുത്ത അപമാനവും നേതാക്കള്‍ക്കെതിരെ തുറന്ന പോരാട്ടത്തിലേക്ക് നീങ്ങാന്‍ സുപ്രധാന കാരണമായി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രണ്ട് ദിവസത്തെ പ്രചാരണത്തിനായാണ് ശശി തരൂര്‍ കേരളത്തിലെത്തിയത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാര്‍ത്ഥിക്കും അനുകൂലമായി കോണ്‍ഗ്രസ് കമ്മിറ്റികള്‍ നിലപാട് സ്വീകരിക്കരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളിലൊന്ന്. ഇത് ലംഘിച്ചുകൊണ്ടാണ് കേരളത്തിലെ നേതാക്കള്‍ പരസ്യമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുവേണ്ടി പ്രസ്താവനകള്‍ നടത്തിയത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വി ഡി സതീശനുമുള്‍പ്പെടെയുള്ള നേതാക്കളെല്ലാം ശശി തരൂരിനെ തള്ളിക്കളഞ്ഞ്, ഖാര്‍ഗെയാണ് വിജയിക്കേണ്ടതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു.
കേരളത്തിൽ തരൂരിന്റെ പ്രചാരണത്തിന് തൊട്ടുമുമ്പാണ് കെപിസിസിയിലെ മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയ്ക്ക് വേണ്ടി വക്കാലത്തുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയം. താന്‍ ഖാര്‍ഗെയ്ക്ക് വോട്ട് ചെയ്യുമെന്നും ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന പിസിസികളിൽ അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തുമെന്നുമാണ് ചെന്നിത്തല പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പരോക്ഷമായി ശശി തരൂരിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഏറ്റവുമൊടുവില്‍ ഖാര്‍ഗെയ്ക്ക് അനുകൂലമാണെന്ന് വ്യക്തമാക്കി.
അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്നാണ് ശശി തരൂര്‍ ആവര്‍ത്തിക്കുന്നത്. തനിക്ക് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് കേരള നേതാക്കളില്‍ നിന്നാണെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നു. പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ പ്രചാരണത്തില്‍ നിന്നും ഒഴിഞ്ഞുനിൽക്കേണ്ടതാണെന്നും, അല്ലെങ്കില്‍ അവര്‍ രാജിവച്ചിട്ടുവേണം പ്രചാരണം നടത്തേണ്ടതെന്നും സംഘടനാ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ചൂണ്ടിക്കാട്ടി തരൂർ പറയുന്നു.
നേതാക്കളുടെ പരസ്യ നിലപാടിന്റെ ഫലമായാണ്, കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചൊവ്വാഴ്ച പ്രചാരണത്തിനെത്തിയ തരൂരിന് മുതിര്‍ന്ന നേതാക്കളെയാരും കാണാനാകാതെ മടങ്ങേണ്ടിവന്നത്. തരൂരിന്റെ സന്ദര്‍ശനം സംബന്ധിച്ച യാതൊരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്നാണ് കെപിസിസിയുടെ പ്രോട്ടോക്കോള്‍ കമ്മിറ്റി ചുമതലയിലുള്ളവരുടെ വാദം.
മുതിര്‍ന്ന നേതാക്കള്‍ വോട്ട് നല്‍കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുമ്പോഴും സംസ്ഥാനത്തുള്ള യുവനേതാക്കളില്‍ തരൂരിന് പ്രതീക്ഷയുണ്ട്. കെ എസ് ശബരീനാഥന്‍, ഹൈബി ഈഡന്‍, എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ തരൂരിനൊപ്പമാണ്. ഗ്രൂപ്പുകള്‍ക്ക് അതീതമായി ചിന്തിക്കുന്നവരും യുവ നേതാക്കളും തനിക്ക് വോട്ട് ചെയ്യുമെന്നും തരൂരും ഒപ്പമുള്ളവരും പ്രതീക്ഷിക്കുന്നു.
English Summary: The battle for the election of the Congress president is fierce
You may like this video also