Site iconSite icon Janayugom Online

ഹൈക്കമാന്‍ഡിലെത്താനും പോര് മുറുകി

കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് എന്നറിയപ്പെടുന്ന പ്രവര്‍ത്തക സമിതിയിലെത്താനും‍ കേരളത്തില്‍ പോരുമുറുകുന്നു. സംസ്ഥാനത്തുനിന്ന് രണ്ട് ഒഴിവുകളേ ഉണ്ടാകാനിടയുള്ളുവെങ്കിലും ഭൈമീകാമുകന്മാരുടെ എണ്ണം പത്തോളമാണ്. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയുമാണ് സ്ഥാനമൊഴിയുന്നവര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ ഉമ്മന്‍ചാണ്ടി ഒഴിവാകുമെങ്കിലും ആന്റണി ഇനിയും മനസുതുറന്നിട്ടില്ല. 80പിന്നിട്ട ആന്റണി, പാര്‍ലമെന്ററി സ്ഥാനങ്ങളിലേക്ക് മത്സരിക്കില്ല എന്നേ വ്യക്തമാക്കിയിട്ടുള്ളു. പ്രവര്‍ത്തക സമിതി അംഗമാകാന്‍ അദ്ദേഹത്തിന് മോഹമുണ്ടെന്ന് ആന്റണിയോടടുത്ത വൃത്തങ്ങള്‍ പറയുന്നുമുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒരാഴ്ച മുമ്പാണ് രണ്ടാഴ്ചയ്ക്കകം പുതിയ പ്രവര്‍ത്തക സമിതി രൂപീകരിക്കുമെന്ന് അറിയിച്ചത്. 

തെരഞ്ഞെടുപ്പായിരിക്കില്ല പ്രത്യുത കോണ്‍ഗ്രസിന്റെ ജന്മവൈകൃതമായ നോമിനേഷന്‍ തന്നെയായിരിക്കും ഇത്തവണയെന്നും ഏതാണ്ട് വ്യക്തമായി. സ്ഥാനമോഹികളുടെ ആധിക്യം കാരണം സ്ഥിരം പ്രവര്‍ത്തകസമിതി അംഗങ്ങളുടെ എണ്ണം 24ല്‍ നിന്നും 32 ആയി ഉയര്‍ത്തും. ക്ഷണിതാക്കള്‍ 23 ആകും. മൂന്നെണ്ണത്തിന്റെ വര്‍ധന. പോഷക സംഘടനകളുടെ പ്രതിനിധികളായ പ്രത്യേക ക്ഷണിതാക്കള്‍ 10 എന്നത് വര്‍ധിപ്പിക്കുമോ എന്ന് ഇനിയും വ്യക്തതയില്ല.
സംസ്ഥാനത്തു നിന്നും പത്തോളം പേര്‍ ഇതിനകം ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിവരുന്നു. ഒഴിവു വരുന്ന ഒരു സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയാകും പുതിയ പ്രവര്‍ത്തകസമിതി അംഗം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഖാര്‍ഗേയുടെ മുഖ്യ ഇലക്ഷന്‍ മാനേജര്‍മാരിലൊരാളായതിനാല്‍ പ്രഥമ പരിഗണന ചെന്നിത്തലയ്ക്കു തന്നെയാകും. മറ്റൊരു സീറ്റിലേക്ക് പരിഗണിക്കപ്പെടുക തിരുവ‍‌ഞ്ചൂര്‍ രാധാകൃഷ്ണനോ കെ സി ജോസഫോ ആയിരിക്കും. തിരുവഞ്ചൂരും ചെന്നിത്തലയുമായാല്‍ ജാതിസമവാക്യങ്ങള്‍ തെറ്റും. അതിനാല്‍ കെ സി ജോസഫിന് നറുക്ക് വീഴുമെന്ന് സൂചനയുമുണ്ട്. പ്രവര്‍ത്തകസമിതി അംഗങ്ങളുടെ എണ്ണം കൂട്ടുന്നതിനാല്‍ അതിലൊന്ന് യുഡിഎഫ് കണ്‍വീനല്‍ എം എം ഹസന് ലഭിച്ചുകൂടെന്നുമില്ല. 

ഈ കണക്കുകളനുസരിച്ച് തെരഞ്ഞെടുപ്പ് ഭംഗിയാകണമെന്ന് ഒരുറപ്പുമില്ല. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭേദപ്പെട്ട വോട്ടുകള്‍ നേടി തോറ്റ ശശിതരൂരിനെ പ്രവര്‍ത്തക സമിതിയിലേക്ക് സ്ഥിരം ക്ഷണിതാവായി നോമിനേറ്റ് ചെയ്തേക്കുമെന്ന സൂചനയുണ്ടെങ്കിലും സ്ഥിരാംഗമാക്കിയില്ലെങ്കില്‍ തരൂര്‍ കലാപക്കൊടിയുയര്‍ത്തുമെന്ന ആശങ്കയുണ്ട്. കെ സുധാകരന്‍-വി ഡി സതീശന്‍-കെ സി വേണുഗോപാല്‍ സഖ്യത്തിനു കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിയെ മുന്നോട്ടു വയ്ക്കാനുമില്ല. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വേണുവിനെ ഹൈക്കമാന്‍ഡിന്റെ ക്വാട്ടയില്‍ പ്രവര്‍ത്തകസമിതിയില്‍ കൊണ്ടുവരാനും ആലോചനയുണ്ടത്രേ. അതല്ലെങ്കില്‍ വേണുവിനെ ആസ്ഥാന പ്രവര്‍ത്തകസമിതി അംഗമാക്കിയിട്ട് മുന്‍ കെപിസിസി പ്രസിഡന്റു കൂടിയായ കെ മുരളീധരന്റെ പേര് കേരളത്തില്‍ നിന്നു നിര്‍ദേശിക്കാന്‍ സുധാകരപക്ഷം നീക്കം നടത്തിക്കൂടായ്കയുമില്ല.
ജാതിയുടെ പേരില്‍ അവഗണിക്കപ്പെടുന്നുവെന്ന് ആരോപിച്ചു ശീലമുള്ള കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പഴയ കാര്‍ഡുവീശി ഇത്തവണയും രംഗത്തിറങ്ങിയേക്കും. മഹിളാ, യുവജന, ഐഎന്‍ടിയുസി വിഭാഗങ്ങളില്‍ നിന്ന് ആര്‍ ചന്ദ്രശേഖരനെ പ്രത്യേക ക്ഷണിതാവാക്കുമെന്ന സൂചനയുമുണ്ട്. ഇതൊക്കെയാണെങ്കിലും ഈ കൂട്ടപ്പൊരിച്ചിലിനിടയില്‍ ഹൈക്കാന്‍ഡില്‍ കടന്നുകയറാനുള്ള സാഹസിക യജ്ഞത്തിനിടെ ഭൈമീകാമുകര്‍ മറ്റാരുടെയും സഹായം തേടാതെ ‘തനിപ്പിടി‘യിലേക്ക് ഒതുങ്ങുന്നതും കൗതുകമാവുന്നു.

Eng­lish Sum­ma­ry: The bat­tle to reach the high com­mand also intensified

You may also like this video

Exit mobile version