Site icon Janayugom Online

ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവര്‍ത്തനം നിര്‍ത്തി

ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം നിർത്തി. ആദായനികുതി ലംഘനത്തിന്‍റെ പേരിലുള്ള തുടർച്ചയായ നടപടിയുടെ പശ്ചാത്തലത്തിലാണ് നടപടി. പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. കലക്ടീവ് ന്യൂസ് റൂം വഴിയാകും ബിബിസിയുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവർത്തനങ്ങൾ.

ഇന്ത്യന്‍ ജീവനക്കാര്‍ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പ്രസിദ്ധീകരണ ലൈസന്‍സ് കൈമാറിയെന്നും ‘കലക്ടീവ് ന്യൂസ് റൂം വഴിയാകും പ്രവര്‍ത്തനങ്ങളെന്നും ബിബിസി വ്യക്തമാക്കി. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസൻസ് കൈമാറുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് ബിബിസി വ്യക്തമാക്കി. കൂടാതെ മാധ്യമപ്രവർത്തനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിബിസി ചൂണ്ടിക്കാട്ടി.

2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ‘ഇന്ത്യ; ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി കഴിഞ്ഞ ഫെബ്രുവരിയിൽ സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാര്‍ ബിബിസിയെയും വേട്ടയാടാന്‍ ആരംഭിച്ചത്. ഡോക്യുമെന്ററിയുടെ സംപ്രേക്ഷണവും വിലക്കിയിരുന്നു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡിയുടെ പങ്ക് മറയില്ലാതെ വിവരിക്കുന്ന ഡോക്യുമെന്ററി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ആദായ നികുതി വകുപ്പ് ബിബിസിയുടെ മുംബൈ, ഡൽഹി ഓഫിസുകളില്‍ റെയ്ഡ് നടത്തുകയും വന്‍തുക പിഴ ചുമത്തുകയും ചെയ്തു. സ്ഥാപനത്തിനെതിരെ ഒരു വര്‍ഷമായി പ്രതികാര നടപടി തുടരുകയാണ്. 

പുതിയതായി ആരംഭിക്കുന്ന കലക്ടീവ് ന്യൂസ് റൂം കമ്പനിയുടെ 26 ശതമാനം ഓഹരികള്‍ക്കായി ബിബിസി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. 1940 മെയ് മാസത്തിലാണ് ബിബിസി ഇന്ത്യയില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ബിബിസി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചത്. ബിബിസിയുടെ ഇന്ത്യന്‍ ന്യൂസ് റൂമില്‍ ഇരുന്നൂറൂളം ജീവനക്കാരുണ്ടായിരുന്നു. 

Eng­lish Sum­ma­ry: The BBC’s news­room in India has ceased operations
You may also like this video

Exit mobile version