Site iconSite icon Janayugom Online

മറഞ്ഞത് കർഷകരുടെ പ്രിയ നേതാവ്

അടിമുടി കർഷകൻ ആയിരുന്നു എൻ കെ സാനുജൻ എന്ന കമ്യൂണിസ്റ്റുകാരൻ. കൃഷിയെ സ്നേഹിച്ച കർഷരുടെ പ്രശ്നങ്ങൾ അറിഞ്ഞ കമ്യൂണിസ്റ്റ്. ജില്ലയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിൽ പ്രവർത്തിക്കുമ്പോഴും നേതാക്കളുമായും മന്ത്രിമാരും ആയും ഒക്കെയുള്ള തന്റെ അടുപ്പവും പരിചയവും സാനുജൻ ഉപയോഗപ്പെടുത്തിയത് അത്രയും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആയിരുന്നു. സിപിഐയുടെ കോട്ടയം മുൻ മണ്ഡലം സെക്രട്ടറി ആയിരുന്ന സാനുജനു പക്ഷെ പ്രവർത്തിക്കാൻ ഏറെ സന്തോഷം നൽകിയ ഇടം കർഷക സംഘടനകൾ ആയിരുന്നു. അതുകൊണ്ട് തന്നെ കിസാൻ സഭയുടെ ജില്ലാ ഭാരവാഹിയും സംസ്ഥാന ഭാരവാഹിയും ഒക്കെയായി നിന്നുകൊണ്ട് കർഷക പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടിരുന്നു അദ്ദേഹം. കിസാൻ സഭയുടെ മാത്രമല്ല, കർഷക പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന എല്ലാ കർഷകസംഘടനകളുടെയും പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. 

നെല്ല്, കേര കർഷകൻ കൂടി ആയിരുന്നത് കൊണ്ട് തന്നെ ആർ ബ്ലോക്ക് പാടശേഖരത്തിലെ കർഷക പ്രശ്നങ്ങളിൽ മുൻപന്തിയിൽ നിലകൊണ്ടു സാനുജൻ. സമുദ്രനിരപ്പിലും താഴ്ന്ന പ്രദേശം ആയത് കൊണ്ട് തന്നെ നിരന്തരമായി മോട്ടോറുകൾ പ്രവർത്തിച്ചാൽ മാത്രമേ ആര്‍ ബ്ലോക്ക് പാടശേഖരത്തിൽ കൃഷി സാധ്യമാവുകയുള്ളൂ. ഇതിനായി നിരവധി മോട്ടോറുകൾ ആവശ്യമായിരുന്നു. നെല്ലും, തെങ്ങും മാത്രമല്ല പടശേഖരത്തിലെ കൃഷി ആകെയും ഇല്ലാതാകുമെന്ന സാഹചര്യത്തിൽ നിരന്തരം തിരുവനന്തപുരത്ത് മന്ത്രി ഓഫീസുകളിൽ നിവേദനങ്ങളും പരാതികളും ആയി കയറി ഇറങ്ങി അദ്ദേഹം. ഒടുവിൽ അന്നത്തെ കൃഷി മന്ത്രിയായിരുന്ന വി എസ് സുനിൽകുമാറും ആയുള്ള അടുപ്പം വച്ച് ഇരുപത്തി അഞ്ചോളം മോട്ടോറുകൾ ആണ് ആര്‍ ബ്ലോക്കിന് മാത്രമായി അനുവദിപ്പിച്ചത്.
കരിനിലവികസന സമിതി വൈസ് ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. പ്രദേശത്തെ ഒട്ടുമിക്ക പാടശേഖരങ്ങളിലെയും വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചിരുന്നു. 

കർഷക പ്രശ്നങ്ങളിൽ നിരന്തരം ഓടിയെത്തിയിരുന്ന, പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കർഷകർ നിരന്തരം തേടിയെത്തിയിരുന്ന പ്രിയ നേതാവിനെ ആണ് എൻ കെ സാനുജന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനുവിന്റെ നേതൃത്വത്തില്‍ രക്തപതാക പുതപ്പിച്ച് അന്തിമോപചാരം അര്‍പ്പിച്ചു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവംഗം സി കെ ശശിധരൻ, സംസ്ഥാന കൗണ്‍സിലംഗം അഡ്വ. വി കെ സന്തോഷ് കുമാര്‍,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മോഹൻ ചേന്നംകുളം, സിപിഐ(എം) ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥ്, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എൻ കെ രാധാകൃഷ്ണൻ,തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎല്‍എ, സിപിഐ ജില്ലാ എക്സിക്യുട്ടീവംഗങ്ങളായ അഡ്വ. വി ടി തോമസ്, ബാബു കെ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍,മണ്ഡലം സെക്രട്ടറിമാരായ അഡ്വ. സന്തോഷ് കേശവനാഥ്, അഡ്വ. ജി രാധാകൃഷ്ണൻ, വി ജെ കുര്യാക്കോസ്, കെ ഐ കുഞ്ഞച്ചൻ, സി ജി ജ്യോതിരാജ്, സിബി താളിക്കല്ല്, പി എസ് സുനില്‍, പി കെ ഷാജകുമാര്‍, പി ജി തൃഗുണസെൻ, സാബു പി മണലൊടി, എം ഡി ബാബുരാജ്, ജില്ലാ കൗണ്‍സിലംഗങ്ങളായ ടി സി ബിനോയി, എൻ എൻ വിനോദ്, സിപിഐ(എം) കോട്ടയം ഏരിയ സെക്രട്ടറി വി ശശികുമാര്‍, ജില്ലാ കമ്മറ്റിയംഗം എം കെ പ്രഭാകരൻ, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

Exit mobile version