Site iconSite icon Janayugom Online

രാജ്യത്ത് ജനന നിരക്ക് കുറയുന്നു; മരണനിരക്ക് വര്‍ധിക്കുന്നു

രാജ്യത്ത് ജനന നിരക്ക് കുറയുകയും മരണനിരക്ക് നേരിയ തോതില്‍ വര്‍ധിക്കുകയും ചെയ്യുന്നതായി 2023‑ലെ പൊതു രജിസ്ട്രേഷന്‍ സമ്പ്രദായ (സിആര്‍എസ്) റിപ്പോര്‍ട്ട്. 2023‑ല്‍ ഇന്ത്യയില്‍ 2.52 കോടി കുഞ്ഞുങ്ങള്‍ ജനിച്ചു. തൊട്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.32 ലക്ഷത്തിന്റെ കുറവാണിത്. ജനന, മരണ നിരക്ക് സംബന്ധിച്ച് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ) കണക്കുകള്‍ സമാഹരിച്ച ശേഷം കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 2023‑ല്‍ 86.6 ലക്ഷം മരണങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022ലെ 86.5 ലക്ഷം മരണങ്ങളില്‍ നിന്ന് നേരിയ വര്‍ധനയാണിത്.
2025 മെയ് അഞ്ച് വരെ കോവിഡ് മഹാമാരി കാരണം 5,33,665 മരണങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നു. 2022–23 കാലത്ത് മരണനിരക്ക് വര്‍ധിച്ചിട്ടില്ല. എന്നാല്‍ ലോക്ഡൗണിന്റെ രണ്ടാം വര്‍ഷമായ 2021ല്‍ മരണസംഖ്യ (102.2 ലക്ഷം) ഗണ്യമായി വര്‍ധിച്ചു. 2020നേക്കാള്‍ (81.2 ലക്ഷം) 21 ലക്ഷം കൂടുതലാണിത്. ഏറ്റവും കുറഞ്ഞ ജനന ലിംഗാനുപാതം ഝാര്‍ഖണ്ഡിലാണ് (899). തൊട്ടുപിന്നില്‍ ബിഹാര്‍ (900). തെലങ്കാന (906), മഹാരാഷ്ട്ര (909), ഗുജറാത്ത് (910), ഹരിയാന (911), മിസോറാം (911). 2020 മുതല്‍ ബിഹാറിലാണ് ഏറ്റവും കുറഞ്ഞ ലിംഗാനുപാതം രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ലിംഗാനുപാതം അരുണാചല്‍ പ്രദേശിലാണ് (1085). നാഗാലാന്‍ഡില്‍ (1,007), ഗോവ (973), ലഡാക്കും ത്രിപുരയും (972), കേരള (967).
2023ലെ ജനന രജിസ്ട്രേഷന്‍ 98.4 ശതമാനമാണ്. ഇതില്‍ 74.7ശതമാനം ആശുപത്രികള്‍ അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതാണ്. സിക്കിമിലെ വിവരങ്ങള്‍ റിപ്പോര്‍ട്ടിലില്ല. 11 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമയപരിധിയായ 21 ദിവസങ്ങള്‍ക്കുള്ളില്‍ 90 ശതമാനത്തിലധികം രജിസ്ട്രേഷന്‍ നടത്തി. അഞ്ച് സംസ്ഥാനങ്ങള്‍ 80–90 ശതമാനവും കേരളം അടക്കമുള്ള 14 സംസ്ഥാനങ്ങള്‍ 50–80 ശതമാനം രജിസ്ട്രേഷന്‍ നടത്തി. 

Exit mobile version