വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളും വ്യക്തികളും ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി നല്‍കിയ സംഭാവനയുടെ 82.5 ശതമാനവും ലഭിച്ചത് ബിജെപിക്ക്. ഏഴ് ഇലക്ടറല്‍ ട്രസ്റ്റുകള്‍ക്കായി 258.49 കോടി രൂപയാണ് ലഭിച്ചത്. 258.43 (99.98 ശതമാനം) കോടി രൂപ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ 212.05 കോടിയും ബിജെപിക്കാണ് ലഭിച്ചത്. ബിഹാറില്‍ ബിജെപി സഖ്യകക്ഷിയായ ജെഡിയു ആണ് രണ്ടാം സ്ഥാനത്തുള്ളത്. 27 കോടി (10.45 ശതമാനം) ആണ് ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി പാര്‍ട്ടിക്ക് ലഭിച്ചത്.
2020–21 സാമ്പത്തിക വര്‍ഷത്തിലെ അവരുടെ പങ്കാളിത്തത്തെക്കുറിച്ച് 16 ഇലക്ടറല്‍ ട്രസ്റ്റുകള്‍ മാത്രമാണ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ ഏഴെണ്ണം മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ച സംഭാവനകളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നതെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ്, എന്‍സിപി, എഐഎഡിഎംകെ, ഡിഎംകെ, ആര്‍ജെഡി, എഎപി, എല്‍ജെപി, സിപിഐ, സിപിഐ (എം), എല്‍ജെഡി എന്നീ പാര്‍ട്ടികള്‍ക്ക് മൊത്തം ലഭിച്ചത് 19.38 കോടി രൂപയാണ്.
കമ്പനി നിയമത്തിലെ 25-ാം വകുപ്പനുസരിച്ചു രൂപംകൊണ്ട ലാഭരഹിത കമ്പനികളാണ് ഇലക്ടറൽ ട്രസ്റ്റുകൾ. രാജ്യത്താകെ ഇത്തരത്തില്‍ 22 ഇലക്ടറല്‍ ട്രസ്റ്റുകളാണ് ഉള്ളത്. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പണം സ്വീകരിച്ച് ഈ ട്രസ്റ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 29എ വകുപ്പു പ്രകാരം തെരഞ്ഞെടുപ്പു കമ്മിഷനിൽ രജിസ്‌റ്റർ ചെയ്‌ത പാർട്ടികൾക്കു മാത്രമാണ് പണം സ്വീകരിക്കാന്‍ കഴിയുക.
22 ഇലക്ടറല്‍ ട്രസ്റ്റുകളില്‍ 14 എണ്ണം മാത്രമാണ് എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇതുവരെയും സംഭാവനകള്‍ ലഭിച്ചിട്ടില്ലെന്ന് എട്ട് ട്രസ്റ്റുകള്‍ പറയുന്നു. ഇവ രജിസ്റ്റര്‍ ചെയ്തതു മുതല്‍ സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.
English summary;The BJP accounted for 82 per cent of donations to electoral trusts
You may also like this video;