Site iconSite icon Janayugom Online

ബിജെപി വാദം പൊളിയുന്നു ; പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞത് ഇടതുസംഘടനയായ ബികെയു (ക്രാന്തികാരി)

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഹനവ്യൂഹം പഞ്ചാബില്‍ തടഞ്ഞത് ഇടതുപക്ഷ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്‍ (ക്രാന്തികാരി). അഹങ്കാരിയായ മോഡിയെ ഒരു പാഠം പഠിപ്പിച്ചെന്ന് ബികെയു (ക്രാന്തികാരി) ജനറല്‍ സെക്രട്ടറി ബല്‍ദേവ് സി പറഞ്ഞു.

ഡിസംബര്‍ 31 നാണ് പഞ്ചാബില്‍ എത്തുന്ന പ്രധാനമന്ത്രിയെ തടയണമെന്ന് ഏഴ് കര്‍ഷക സംഘടനകള്‍ സംയുക്തമായി തീരുമാനമെടുക്കുന്നത്. സംഘടനാശക്തി പരിഗണിച്ച് ഓരോ യൂണിയനുകള്‍ക്കും ഒരോ സ്ഥലങ്ങള്‍ പ്രതിഷേധ സമരത്തിന് ബര്‍ണാലയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

മോഡിയെ തടഞ്ഞ ഫ്‌ളൈഓവര്‍ സ്ഥിതി ചെയ്യുന്ന ഫിറോസ്പുര്‍ മോഗ റോഡിലെ പിയാരിയാന ഗ്രാമം ഭാരതീയ കിസാന്‍ യൂണിയന്‍ ക്രാന്തികാരി വിഭാഗത്തിന്റെ ശക്തി കേന്ദ്രമായിരുന്നതിനാല്‍ ഇടതുസംഘടനയെ ഏല്‍പ്പിക്കുകയായിരുന്നെന്നും കാന്തികാരി കിസാന്‍ യുണിയന്‍ പ്രസ് സെക്രട്ടറി അവ്താര്‍ മെമ പറഞ്ഞു.തുടര്‍ന്ന് ചുവപ്പും പച്ചയും കലര്‍ന്ന പതാക ഏന്തി പ്രധാനമന്ത്രി വരുന്ന ഫ്‌ളൈ ഓവറിനടുത്ത് പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ഭാരതീയ കിസാന്‍ യൂനിയന്‍ ക്രാന്തികാരി മാര്‍ഗതടസ്സം തീര്‍ക്കുകയായിരുന്നു.

ദല്‍ഹിയില്‍ സമരം നടത്തിയ സംയുക്ത കിസാന്‍ മോര്‍ച്ചയിലും ബികെയു (ക്രാന്തികാരി) പങ്കെടുത്തിരുന്നു. അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ വ്യാജ പ്രചരണവുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ കാര്യത്തില്‍ കനത്ത സുരക്ഷാവീഴ്ച സംഭവിച്ചെന്നും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിറകിലും മുദ്രാവാക്യ വുമായി സമരക്കാര്‍ എത്തിയെന്നും ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിക്ക് പുറകില്‍ വന്നത് ബിജെപി പ്രവര്‍ത്തകര്‍ തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്

ബിജെപി പതാക ഏന്തിയ പ്രവര്‍ത്തകര്‍ നരേന്ദ്ര മോദി സിന്ദാബാദ് എന്നും പഞ്ചാബി മുര്‍ദാബാദ് എന്നും വിളിക്കുന്നതും വിഡിയോയില്‍ കേള്‍ക്കുന്നുണ്ട്. അതേസമയം വിഷയത്തില്‍ പഞ്ചാബ് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാ പദ്ധതിയും പഞ്ചാബ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും നടപടിക്രമമനുസരിച്ച് സുരക്ഷക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ അവര്‍ ചെയ്യേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

കര്‍ഷകര്‍ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നരേന്ദ്ര മോഡി പരസ്യമായി രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജീവനോടെ തിരികെയെത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി പറയണമെന്നായിരുന്നു മോഡി പറഞ്ഞത്. ഭട്ടിന്‍ഡയില്‍ തിരികെ എത്തിയപ്പോഴാണ് മോഡി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു നരേന്ദ്രമോഡിയെ കര്‍ഷകര്‍ റോഡില്‍ തടഞ്ഞ് പ്രതിഷേധിച്ചത്.

പടിഞ്ഞാറന്‍ പഞ്ചാബിലെ ഫിറോസ്പൂരിലെ തെരഞ്ഞെടുപ്പ് റാലിക്ക് വേണ്ടി പോകുകയായിരുന്നു മോഡിഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ളൈ ഓവറില്‍ മോദിയെ കര്‍ഷകര്‍ തടയുകയായിരുന്നു. 20 മിനിറ്റോളം കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും ഫ്ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോഡിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കുകയായിരുന്നു.സംഭവം ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

കോണ്‍ഗ്രസ് എന്താണ് ചിന്തിക്കുന്നത് എന്നതിന്റെ ട്രെയ്‌ലറാണ് പഞ്ചാബില്‍ കണ്ടതെന്നും സംഭവത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോഡി ശ്രമിച്ചത്. എന്നാല്‍ മഴ കാരണം റോഡ് മാര്‍ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് യാത്ര തിരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോഡി പഞ്ചാബിലെത്തിയത്.

Eng­lish Sumam­ry: The BJP argu­ment fail­sLeft PM BKU (Kran­tikari) blocks PM’s vehicle

You may also like this video:

Exit mobile version