Site iconSite icon Janayugom Online

യുപിയില്‍ പ്രചരണത്തിനെത്തിയ ബിജെപി എംഎൽഎയെ നാട്ടുകാർ ഓടിച്ചു

മുസാഫർ നഗറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി എംഎൽഎയെ നാട്ടുകാർ ഓടിച്ചു. ഖത്തൗലി നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ വിക്രം സിംഗ് സൈനിയെ മുദ്രാവാക്യം വിളികളോടെ ജനം ഉപരോധിക്കുകയായിരുന്നു. എംഎൽഎയെ നാട്ടുകാർ ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വഴിതടഞ്ഞ ജനങ്ങളെ കണ്ട് എംഎൽഎയുടെ ഡ്രൈവർ തുടർച്ചയായി ഹോൺ അടിക്കുന്നതും നാട്ടുകാർ സൈനിയുടെ കാറിനുനേരെ ആക്രോശിക്കുന്നതും എൻഡിടിവി സംപ്രേഷണം ചെയ്ത വീഡിയോയിൽ ദൃശ്യമാണ്. 

2020 സെപ്റ്റംബറിൽ പാസാക്കിയ വിവാദ കാർഷിക നിയമങ്ങളാണ് നാട്ടുകാരുടെ നീരസത്തിന് കാരണമായതെന്ന് റിപ്പോർട്ട് പറയുന്നു. എംഎൽഎയെ കണ്ടതോടെ പ്രകോപിതരായ ഗ്രാമീണർ അദ്ദേഹത്തോട് ഗ്രാമം വിട്ടു പോകാൻ ആവശ്യപ്പെടുകയും മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. പ്രതിഷേധം തുടർന്നതോടെ എംഎൽഎ ജനങ്ങളോട് തട്ടിക്കയറി. എന്നാൽ ജനം പ്രതിഷേധം കടുപ്പിക്കുകയും സെെനിക്ക് കാറിൽത്തന്നെ ഇരിക്കേണ്ടി വരികയുമായിരുന്നു. പിന്നീട് കെെകൂപ്പിക്കൊണ്ട് എംഎൽഎ തിരികെപ്പോയി. 

നേരത്തെ വിവാദ പ്രസ്താവനകളിലൂടെ നിരവധി തവണ വാർത്തകളിൽ നിറഞ്ഞുനിന്ന ബിജെപി നേതാവാണ് വിക്രം സിങ് സെെനി. രാജ്യത്തിന് ഭീഷണിയായവരെ ബോംബിട്ട് കൊല്ലണമെന്ന ഇയാളുടെ പ്രസ്താവന 2019ൽ വലിയ വിവാദമായിരുന്നു. ‘പശുക്കളെ കൊല്ലുന്നവരുടെ കയ്യും കാലും ഒടിക്കണം’,‘നമ്മുടെ രാജ്യം ഹിന്ദുസ്ഥാനാണ് അതുകൊണ്ട് അത് ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതാണ്’-തുടങ്ങിയവയാണ് ഇയാളുടെ മറ്റ് വിവാദ പ്രസ്താവനകൾ. 

മോഡി സർക്കാർ പ്രഖ്യാപിക്കുകയും പിൻവലിക്കുകയും ചെയ്ത വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കടുത്ത എതിർപ്പ് നിലനിന്നിരുന്ന പ്രദേശത്താണ് എംഎൽഎക്ക് എതിരെ പ്രതിഷേധം ഉയർന്നത് എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷം നീണ്ട കര്‍ഷക സമരവും, ലഖിംപൂരില്‍ കർഷകർക്കു നേരയുണ്ടായ അക്രമവും മൂലം ബിജെപിക്കെതിരെയുള്ള അതൃപ്തി നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്ന് ബിജെപി ഭയപ്പെടുന്നുണ്ട്. 

ENGLISH SUMMARY:The BJP MLA who cam­paigned in UP was chased away by the locals
You may also like this video

Exit mobile version