തമിഴ്‌നാട്ടിലെ കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് ആദരം അര്‍പ്പിച്ച് രാജ്യം. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ ഊട്ടിയിലെ വെല്ലിങ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററില്‍ പൊതുദര്‍ശനത്തിന് വച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഗവര്‍ണര്‍ ടി എന്‍ രവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് റോഡ് മാർഗം വിലാപയാത്രയായി സുലൂരിലെത്തിച്ചു. സുലൂരിലും പരിസരത്തും വിലാപ യാത്രയെത്തിയപ്പോൾ നിരവധി പേർ ആദരാഞ്ജലികളർപ്പിച്ചു. കോയമ്പത്തൂർ സേലം ഹൈവേയിൽ ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു.
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, പ്രതിരോധ ഉപദേഷ്ടാവ് അജിത് ഡോവല്‍, സേനാ മേധാവികളായ ജനറല്‍ എം എം നരവനെ, അഡ്മിറല്‍ ആര്‍ ഹരികുമാര്‍, ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി എന്നിവര്‍ പാലം വിമാനത്താവളത്തിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ഇന്ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഡല്‍ഹി കന്റോണ്‍മെന്റ് ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലാണ് ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും സംസ്‌കാരം. ഔദ്യോഗിക വസതിയിൽ ഇന്ന് രാവിലെ 11 മുതൽ രണ്ടു മണിവരെ പൊതുദർശനത്തിന് വയ്ക്കും.
ഊട്ടി കുനൂരിനു സമീപത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള 14ല്‍ 13 പേരും മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപ്പെട്ടത്. മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
സിപിഐ അനുശോചിച്ചു;
ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും 11 സൈനികരും കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് പറഞ്ഞു. അപകടത്തില്‍ മരിച്ച ധീര ജവാന്‍മാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അറിയിച്ചു.
സംയുക്തസേനാ സംഘം അന്വേഷിക്കും;
സംയുക്ത സേനാ തലവന്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള സൈനികര്‍ക്ക് പാര്‍ലമെന്റിന്റെ ഇരു സഭകളും ആദരം അര്‍പ്പിച്ചു. ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. എയർ മാർഷൽ മാനവേന്ദ്ര സിങ് അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
11.48 ന് ഹെലികോപ്റ്റർ സുലൂരിൽനിന്ന് പുറപ്പെട്ടു. 12.15 ന് വെല്ലിങ്ടണിൽ എത്തേണ്ടതായിരുന്നു. 12.08 ന് എടിസിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കോപ്റ്ററിൽ ഉണ്ടായിരുന്ന 14ൽ 13 പേരും മരിച്ചുവെന്ന് പ്രതിരോധ മന്ത്രി ഇരുസഭകളിലും അറിയിച്ചു. ദുരന്തത്തിനിരയായവരുടെ പേരുവിവരങ്ങളും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചു.
english summary;The bodies of General Bipin Rawat and his wife Burial will be in the cemetery
you may also like this video;