Site iconSite icon Janayugom Online

കാസര്‍കോട് ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം തൃശ്ശൂരില്‍ കടലില്‍ കണ്ടെത്തി

riaysriays

കീഴൂർ ഹാർബറിൽ ചൂണ്ടയിടുന്നതിനിടയിൽ കാണാതായ ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസിന്റെ (36) മൃതദേഹം തൃശൂർ അഴീക്കോട് കടലിൽ കണ്ടെത്തി. ഓഗസ്റ്റ് 31ന് പുലർച്ചെ അഞ്ച് മണിക്കാണ് ചൂണ്ടയിടാനായി റിയാസ് വീട്ടിൽ നിന്നും പോയത്. രാവിലെ ഒമ്പത് മണിയായിട്ടും കാണാത്തതിനെ തുടർന്ന് സഹോദരൻ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടയിൽ കീഴൂർ ഹാർബറിൽ റിയാസിന്റെ സ്‌കൂട്ടറും ചൂണ്ടയ്ക്ക് ഉപയോഗിക്കുന്ന സാധങ്ങൾ അടങ്ങിയ ബാഗും പ്രദേശവാസികൾ കണ്ടെത്തി പൊലീസിൽ വിവരം അറിയിച്ചിരുന്നു. തുടർന്ന് മേൽപറമ്പ് പൊലീസും അഗ്നിരക്ഷാ സേനയും കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും പ്രദേശത്തെ മീൻപിടുത്ത തൊഴിലാളികളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല. പിന്നീട് കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലധികം കീഴൂർ കടലിൽ ഡൈവിംഗ് നടത്തിയെങ്കിലും റിയാസിനെ കണ്ടെത്താനായിരുന്നില്ല.

രണ്ട് ദിവസം നാവികസേനയും തിരച്ചിലിന്റെ ഭാഗമായി. ഇതിനിടയിൽ പയ്യോളിയിൽ നിന്നും മീൻ പിടിക്കാൻ പോയ തൊഴിലാളികൾ പുറംകടലിൽ ഒരു മൃതദേഹം കണ്ടുവെന്ന വിവരത്തെ തുടർന്ന് പയ്യോളി മുതൽ ബേപ്പൂർ വരെയും പൊന്നാനി മുതൽ ബേപ്പൂർ വരെയും രണ്ട് ദിവസങ്ങളിലായി മറൈൻ വകുപ്പിന്റെ ബോടിൽ പുറം കടലിൽ തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല ഈ സാഹചര്യത്തിൽ നാവിക സേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്താനുള്ള നടപടിയിലേക്ക് നീങ്ങുന്നതിനിടെയാണ് ഇന്നലെ തൃശൂരിൽ മൃതദേഹം കണ്ടെത്തിയത്. ഇവിടെ കരക്കെത്തിച്ച മൃതദേഹം ആദ്യം തിരിച്ചറിഞ്ഞില്ല.

മുഹമ്മദ് റിയാസ് ധരിച്ച വസ്ത്രത്തിന് സമാനമായ വസ്ത്രം മൃതദേഹത്തിലുള്ള തിനാൽ വിവരം ചെമ്മനാട്ടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ കൊടുങ്ങല്ലൂരിലെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കും. മൃതദേഹം ഇപ്പോൾ കൊടുങ്ങല്ലൂർ സർക്കാർ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: പരേതനായ ചെമ്മനാട് കല്ലുവളപ്പ് മൊയ്‌ദീൻ കുഞ്ഞി. മാതാവ് : മുംതാസ് ഭാര്യ : സിയാന ചെങ്കള . മക്കൾ : ഫാത്തിമ റൗസ ( ആലിയ സീനിയർ സെക്കന്ററി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ), മറിയം റാനിയ(മൂന്ന് വയസ്സ്) ⁠ആയിഷ റൈസൽ അർവ്വ(രണ്ട്), സഹോദരങ്ങൾ : ഹബീബ് , അൻവാസ് (ദുബായ് )

Exit mobile version