Site icon Janayugom Online

സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം നാട്ടിലെത്തിച്ചു

നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ മേഴ്‌സി കുട്ടനും അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും മറ്റു ബന്ധുക്കളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തിൽ ഉണ്ടായിരുന്നു. ശേഷം മൃതദേഹം ആലപ്പുഴയില്‍ എത്തിച്ചു. കൃഷിവകുപ്പ്  മന്ത്രി പി പ്രസാദും ആലപ്പുഴ ജില്ല കളക്ടര്‍ വി ആർ കൃഷ്ണ തേജയും നിദ ഫാത്തിമയ്ക്ക് ആദരാഞ്ജലിയർപ്പിച്ചു.

നിദ ഫാത്തിമയ്ക്ക് മന്ത്രി പി പ്രസാദ് ആദരാഞ്ജലിയർപ്പിക്കുന്നു

വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകൾക്ക് ശേഷം മൃതദേഹം നിദ പഠിച്ച നീര്‍ക്കുന്നം ഗവ സ്കൂളില്‍  പതിനൊന്നുമണിക്ക് പൊതുദർശനത്തിന് വെയ്ക്കും. അവിടെ നിന്ന് അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും. ഉച്ചക്ക് പന്ത്രണ്ടരയോടെ കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനത്തിലാണ് ഖബറടക്കം.

ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാൻ ഡിസംബർ 20നാണ് നിദയടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛർദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. നിദ ഫാത്തിമയടക്കം കേരള സൈക്കിൾ പോളോ അസോസിയേഷന്‍റെ 24 താരങ്ങൾ നാഗ്‍പൂരിലെത്തിയത് ഇവര്‍ക്ക് അവിടെ താമസവും ഭക്ഷണവും ഒരുക്കിയില്ലെന്ന് കേരള സൈക്കിൾ പോളോ അസോസിയേഷൻ ആരോപിച്ചു.

Eng­lish Summary:The body of cycle polo play­er Nida Fati­ma was brought home
You may also like this video

Exit mobile version