Site iconSite icon Janayugom Online

സഹോദരനെ അനുജന്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടി വെച്ചു

മദ്യത്തിന്റെ ലഹരിയില്‍ സഹോദരന്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് ജേഷ്ടനെ വെടിവെച്ചു. കഴുത്തിന് വെടിയേറ്റ ആനവിരട്ടി വട്ടയാര്‍ കുരിശുപാറ കൂനംമാക്കല്‍ വീട്ടില്‍ സിബി(49) യെ സാരമായ പരിക്കുകളോടെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടുമ്പന്‍ചോല മാവറസിറ്റി സ്വദേശി കൂനമാക്കല്‍ സാന്റോയാണ് മൂത്ത സഹോദരന്‍ സിബിയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്. ഒളിവിലായ സാന്റോയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് മുനിയറ ഭാഗത്തുള്ള ബന്ധുവിന്റെ വീട്ടിലേയ്ക്ക് സ്‌കൂട്ടറില്‍ പോയതായും അവിടുന്ന് പോയ സാന്റോയെ കുറിച്ചുള്ള സൂചന ഉടുമ്പന്‍ചോല പൊലീസിന് ലഭിച്ചതായാണ് അറിയുവാന്‍ കഴിഞ്ഞത്.

സംഭവത്തെ കുറിച്ച് ഉടുമ്പന്‍ചോല പോലീസ് പറയുന്നത് ഇങ്ങനെ : ബുധനാഴ്ച ഉച്ചയ്ക്ക് അടിമാലിയില്‍ നിന്നും സിബിയും സുഹൃത്തും കൂടി മദ്യം കഴിച്ചതിന് ശേഷം മാവറസിറ്റിയിലുള്ള സാന്റോയുടെ വീടിന് അടുത്തുള്ള സിബിയുടെ സ്ഥലത്ത് എത്തി മൂവരും പണി ചെയ്തു. വൈകിട്ട് ആറോടെ സാന്റേയുടെ വീട്ടില്‍ പണി ആയുധങ്ങള്‍ വെച്ച ശേഷം മൂവരും വീണ്ടും ഷാപ്പില്‍ കയറി കള്ളുകുടിക്കുകയും തിരികെ സാന്റോയുടെ വീട്ടില്‍ എത്തുകയും ചെയ്തു. സിബിയ്ക്ക് പിണക്കമുള്ള സാന്റേയുടെ കൂട്ടുകാരനെ സാന്റോ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തിയതോടെയാണ് സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായത്. സുഹൃത്തിനെ വീട്ടില്‍ നിന്നും പറഞ്ഞുവിടാന്‍ സാന്റോയോട് സിബി ആവശ്യപ്പെടുകയായിരുന്നു. ഇത് ഇഷ്ടപ്പെടാത്ത സാന്റോ മോട്ടാര്‍ അടക്കമുള്ള പണിയായുധങ്ങള്‍ പിടിച്ച് വെച്ചതിന് ശേഷം സിബിയേയും സിബിയുടെ കൂട്ടുകാരനേയും വീട്ടില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. നേരെ ഉടുമ്പന്‍ചോല പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി സിബിയും സുഹൃത്തും എത്തി .

മദ്യലഹരിയായിരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ ഇവരോടെ് അടുത്ത ദിവസം എത്തുവാനും അപ്പോള്‍ പണിയായുധങ്ങള്‍ എടുക്കാമെന്നും ഇന്ന് നിങ്ങള്‍ അങ്ങോട്ട് പോകരുതെന്നുമുള്ള നിര്‍ദ്ദേശം നല്‍കിയാണ് ഇരുവരേയും പറഞ്ഞ് വിടുന്നത്. എന്നാല്‍ സാന്റോയുടെ വീടിന് പുറത്ത് പണിയായുധങ്ങള്‍ ഇരിപ്പുണ്ടെന്ന് അറിഞ്ഞ സിബി നേരെ സാന്റോയുടെ വീട്ടിലേയ്ക്ക് പോയി. വീടിന് അടുത്ത് വരെ മാത്രമാണ് വാഹനം എത്തുക. അവിടെ നിന്നും നടന്ന് ചെന്ന സിബിയ്ക്ക് നേരെ വീടിന് പുറത്ത് എയര്‍ ഗണ്ണുമായി നിന്ന സാന്റോ വെടിവെയ്ക്കുകയായിരുന്നു. മൂന്ന് വെടികളാണ് ഉതിര്‍ത്തത്. ഇതില്‍ ഒരു പെല്ലറ്റ് സിബിയുടെ കഴുത്തില്‍ കൊളളുകയും അന്നനാളത്തില്‍ തുളച്ച് കയറുകയും ചെയ്തു. അടിമാലി ആശുപത്രിയില്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് എത്തിച്ച സിബിയെ നീണ്ട അഞ്ചുമണിക്കൂര്‍ നേരത്തെ ശസ്ത്രക്രിയക്കു ശേഷമാണ് വെടിയുണ്ട പുറത്തെടുക്കുകയും അപകട നില സിബി തരണം ചെയ്യുകയും ചെയ്തു. സാന്റോക്കെതിരെ ഉടുമ്പന്‍ചോല പൊലീസ് വധശ്രമത്തിന് കേസ്സെടുത്തതായി ഉടുമ്പന്‍ചോല സി.ഐ. ഫിലിപ്പ് സാം പറഞ്ഞു.

സാന്റോയുടെ പേരില്‍ ശാന്തന്‍പാറ പൊലീസ് സ്‌റ്റേഷനില്‍ രണ്ട് ക്രിമിനല്‍ കേസുകളും ഉടുമ്പന്‍ചോല പൊലീസ് സ്‌റ്റേഷനില്‍ രണ്ട് പരാതികളും ഉണ്ട്. ഉടുമ്പന്‍ചോല പൊലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 107 എടുക്കകുയും റൗഡി ഹിസ്റ്ററി ഷീറ്റ് ഓപ്പണ്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ ബോണ്ട് വെപ്പിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച ദേവികുളം കോടതിയില്‍ ഹാജരാകുവാന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് അവധിയ്ക്ക് അപേക്ഷ സാന്റോ വെയ്ക്കുകയും ചെയ്തിരുന്നു. സിബിയും സാന്റേയുടെ കൂട്ടുകാരുനും തമ്മിലുള്ള വലിയ തോതിലുള്ള വഴക്കാണ് ഇത്തരത്തില്‍ വെടിവെയ്ക്കുവാന്‍ കാരണമായി തീര്‍ന്നതെന്ന് സംശയിക്കുന്നതായും പ്രതിയെ കണ്ടെത്തിയാല്‍ മാത്രമേ മുഴുവന്‍ കാര്യങ്ങളും വ്യക്തമാകുകയുള്ളുവെന്നും ഉടുമ്പന്‍ചോല പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: The broth­er shot his broth­er with an airgun
You may like this video also

Exit mobile version