Site iconSite icon Janayugom Online

നഗരനയ കമ്മിഷൻ രൂപീകരിക്കും; മന്ത്രിസഭാ യോഗം തീരുമാനമെടുത്തു

കൊല്ലം: സമഗ്രമായ കേരള നഗരനയ കമ്മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗ തീരുമാനം. നഗരവൽക്കരണവുമായി ബന്ധപ്പെടുത്തി കേരളത്തിന്റെ വികസനത്തെ സഹായിക്കുന്നതിന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ചാണിത്.
ഈ മേഖലയിലെ വിദഗ്ധനായ ഡോ. എം. സതീഷ് കുമാർ ആയിരിക്കും കമ്മിഷൻ അധ്യക്ഷൻ. യുകെയിലെ ബെൽഫാസ്റ്റ് ക്വീൻസ് യൂണിവേഴ്സിറ്റിയിൽ സീനിയർ അസോസിയേറ്റ് പ്രൊഫസർ ആണ് ഇദ്ദേഹം. സഹ അധ്യക്ഷരായി കൊച്ചി മേയർ അഡ്വ. എം അനിൽ കുമാർ, അഹമ്മദാബാദ് സെപ്റ്റ് മുൻ അധ്യാപകനും നഗരാസൂത്രണ വിദഗ്ധനുമായ ഡോ. ഇ നാരായണൻ എന്നിവരെയാണ് തീരുമാനിച്ചിട്ടുള്ളത്.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാവും. സംസ്ഥാന, ദേശീയ, അന്തർദേശീയ തലത്തിൽ പ്രവർത്തന പരിചയമുള്ള ഡോ ജാനകി നായർ, കൃഷ്ണദാസ്(ഗുരുവായൂർ), ഡോ കെ എസ് ജെയിൻസ്, വി സുരേഷ്, ഹിതേഷ് വൈദ്യ, ഡോ. അശോക് കുമാർ, ഡോ. വൈ വി എൻ കൃഷ്ണമൂർത്തി, പ്രൊ. കെ ടി രവീന്ദ്രൻ, തെക്കിന്ദർ സിങ് പൻവാർ എന്നീ വിദഗ്ധ അംഗങ്ങൾ ചേർന്നതാണ് കമ്മിഷൻ.

ഒരു വർഷത്തെ പ്രവർത്തന കാലാവധിയാണ് കമ്മിഷനുള്ളത്. കിലയുടെ നഗരഭരണ പഠന കേന്ദ്രം കമ്മീഷൻ സെക്രട്ടേറിയറ്റായി പ്രവർത്തിക്കും. ഇതിനായി ഒരു നഗര നയ സെൽ രൂപീകരിക്കും. ലോകത്തെ വിവിധ നഗരങ്ങളിൽ പരന്നു കിടക്കുന്ന സമൂഹം എന്ന നിലയിൽ ആഗോള തലത്തില്‍ ബന്ധപ്പെട്ട് കിടക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവൽക്കരണത്തെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് കമ്മിഷൻ സഹായകമാവും.

കേരളത്തിന്റെ അടുത്ത 25 വർഷത്തെ വികസന പ്രവർത്തനങ്ങൾക്ക് വഴിതെളിക്കാൻ സഹായിക്കുന്ന വിധത്തിലായിരിക്കും പ്രവര്‍ത്തനം. നഗര നയം രൂപീകരിക്കുന്നതിന് സാമ്പത്തികമായ പിന്തുണ നൽകുന്നതിനുള്ള വ്യവസ്ഥകൾ റീ ബിൽഡ് കേരള, ജർമ്മൻ വികസന ബാങ്കായ കെഎഫ്ഡബ്ല്യുവുമായി ബന്ധപ്പെട്ട പദ്ധതി, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത് എന്നീ പദ്ധതികളിൽ ഉണ്ട്.
2035 ഓടെ 92.8 ശതമാനത്തിന് മുകളിൽ നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമായി കേരളം മാറുമെന്നാണ് ദേശീയ ജനസംഖ്യാ കമ്മിഷൻ വിലയിരുത്തൽ. കേന്ദ്ര സർക്കാർ കരട് നഗര നയത്തിന്റെ ചട്ടക്കൂട് 2018ൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. നഗര വികസനം സംസ്ഥാന വിഷയമായതിനാൽ ഓരോ സംസ്ഥാനവും പ്രത്യേകമായി നഗര നയം പ്രസിദ്ധപ്പെടുത്തണമെന്ന് ഈ റിപ്പോർട്ട് ശുപാർശ ചെയ്തു. അർബൻ കമ്മിഷൻ രൂപീകരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറും.

Eng­lish Summary:

The Cab­i­net meet­ing decid­ed to form an Urban Com­mis­sion in the state

You may also like this video:

Exit mobile version