തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ.വളാഞ്ചേരി വെട്ടിച്ചിറസ്വദേശി പാലക്കൽ മുഹമ്മദ് അജ്മൽ, കോട്ടക്കൽ രണ്ടത്താണി സ്വദേശി തയ്യിൽ ഫൈസൽ എന്നിവരെയാണ് തിരൂർ ഡി.വൈ.എസ്.പി ഇ.ബാലകൃഷണന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നാമന് വേണ്ടിയുളള തിരച്ചിൽ പൊലിസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.കാണാതായി രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ തിരൂർ ഡെപ്യൂട്ടി തഹസിൽദാറിനെ പോക്‌സോ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളെ പൊലിസ് ചോദ്യം ചെയ്ത് വരുന്നു.തിരൂർ പൂക്കൈത സ്വദേശിയും തിരൂർ താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസിൽദാർ പി.ബി ചാലിബിന്റെ പരാതിയിലാണ് പ്രതികളുടെ അറസ്റ്റ്. 2024 ഒക്‌ടോബർ പത്തിനും 26 ഉം ഇടയിലായി പത്ത് ലക്ഷത്തിലധികം രൂപ സംഘം തട്ടിയെടുത്തെന്നാണ് പരാതി. വീണ്ടും പണം ആവശ്യപ്പെട്ട് സംഘം നിരന്തരമായി ശല്യം ചെയ്തതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് നാടുവിട്ടതെന്നാണ് ചാലിബ് പൊലിസിന് നൽകിയ മൊഴി.
ഇന്നലെയാണ് ചാലിബ് സ്വന്തം സ്‌കൂട്ടറിൽ നാട്ടിൽ തിരിച്ചെത്തിയത്. തിരൂർ ഡി.വൈ.എസ്.പി ഇ.ബാലകൃഷണനാണ് അന്വേഷണ ചുമതല.നേരത്തെ പൊലിസ് നടത്തിയ അന്വേഷണത്തിൽ ചാലിബിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങൾ തിരൂർ ലഭിച്ചിരുന്നു. കാണാതായ ചാലിബിന് വേണ്ടിയുളള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ ഭാര്യയുമായി മൊബൈൽ ഫോൺ സംസാരിച്ച് നാട്ടിൽ തിരിച്ചെത്തിയത്. തുടർന്നാണ് പൊലിസിനോട് ഞെട്ടിക്കുന്ന വിവരം ചാലിബ് വെളിപ്പെടുത്തിയത്.