സഹപ്രവർത്തകന്റെ സർവീസ് ബുക്ക് 23 വർഷം ഒളിപ്പിച്ചുവച്ച കേസിൽ വിരമിച്ച രണ്ടുപേർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷൻ. കമ്മിഷൻ ഇടപെട്ടതിനെ തുടർന്ന് 24 മണിക്കൂറിനകം സർവീസ് ബുക്ക് കണ്ടെടുത്തിരുന്നു. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫിസിലാണ് സംഭവം. ഇവിടുത്തെ ഡെപ്യൂട്ടി ജില്ലാ ആരോഗ്യ വിദ്യാഭ്യാസ ഓഫിസറായിരുന്ന ടി സി ജയരാജിന്റെ സർവീസ് ബുക്ക് 2000 ൽ ഏജീസ് ഓഫിസിലേക്ക് അയച്ചത് തിരിച്ചു കിട്ടിയില്ല എന്നാണ് പറഞ്ഞിരുന്നത്. ഇത്രയും കാലം അദ്ദേഹത്തിന്റെ വാർഷിക ഇൻക്രിമെന്റ് ഉൾപ്പെടെ ഒരു രേഖയും സർവീസ് ബുക്കിൽ വരുത്തിയില്ല. ആനുകൂല്യങ്ങൾ നല്‍കിയില്ല. അതിനിടെ കാൻസർ ബാധിച്ച് ജയരാജ് മരിച്ചു. എന്നിട്ടും സർവീസ് ബുക്ക് എടുത്ത് അവസാന രേഖപ്പെടുത്തലുകൾ വരുത്തി ആനുകൂല്യങ്ങൾ നല്കിയില്ല.
പെൻഷനും പ്രഖ്യാപിച്ചില്ല. ഇതുസംബന്ധിച്ച് അഭിഭാഷകൻ ജോർജ് തോമസ് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചപ്പോഴും ഒന്നാം അപ്പീൽ നല്കിയപ്പോഴും സർവീസ്ബുക്ക് എജിയിൽ നിന്ന് തിരികെ കിട്ടിയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.
തുടർന്ന് കമ്മിഷനെ സമീപിക്കുകയായിരുന്നു. സർവീസ് ബുക്ക് ഡിഎംഒ ഓഫിസിൽ ഉണ്ടായിരുന്നിട്ടും കാണാനില്ലെന്ന് മറുപടി നല്കിയതിൽ ഉത്തരവാദികളായ അഞ്ച് ഉദ്യോഗസ്ഥർ 25,000 രൂപ പിഴയൊടുക്കാൻ വിവരാവകാശ കമ്മിഷണർ എ എ ഹക്കിം ഉത്തരവായി. ഇടുക്കി ഡിഎംഒ ഓഫിസിലെ വിരമിച്ച സൂപ്രണ്ടുമാരായ എം എം ശിവരാമൻ, എസ് പ്രസാദ്, സൂപ്രണ്ട് എസ് ജെ കവിത, ക്ലർക്കുമാരായ കെ ബി ഗീതുമോൾ, ജെ രേവതി എന്നിവരാണ് പിഴ ഒടുക്കേണ്ടത്. സെപ്റ്റംബർ അഞ്ചിനകം ഇവർ പിഴ ഒടുക്കുന്നില്ലെങ്കിൽ റിക്കവറി നടത്താനും ഉത്തരവുണ്ട്.
English summary; The case of hiding the service book; Right to Information Commission punished five officials
you may also like this video;