Site iconSite icon Janayugom Online

കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസ്; കുറ്റം നിഷേധിച്ച് കേഡൽ ; വിചാരണ നവംബർ 13 ന് ആരംഭിക്കും

മാതാപിതാക്കളും സഹോദരിയുമടക്കം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റം നിഷേധിച്ച് പ്രതി കേഡൽ ജിൻസൺ രാജ. കേസിൽ വിചാരണ നവംബർ 13 ന് ആരംഭിക്കും. മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന പ്രതി വിചാരണ നേരിടാൻ പാകത്തിന് മാനസിക നില കൈവരിച്ചെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് കോടതി പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചതും പ്രതി കുറ്റം നിഷേധിച്ചതും. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിച്ചത്. 

നന്തൻകോട് ക്ലിഫ് ഹൗസിന് സമീപം ബെയിൽസ് കോമ്പൗണ്ട് ‑117 ൽ ഡോ. ജീൻ പദ്മ, ഭർത്താവ് റിട്ട. പ്രൊഫ. രാജ തങ്കം, മകൾ കരോലിൻ, ഡോക്ടറുടെ ബന്ധു ലളിത എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഡോക്ടറുടെയും ഭർത്താവിന്റെയും മകളുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ മുകൾ നിലയിലെ ശുചി മുറിയിലാണ് കാണപ്പെട്ടിരുന്നത്. അടുത്തുള്ള കിടപ്പ് മുറിയിൽ പോളിത്തീൻ കവറിലും, ബെഡ്ഷീറ്റിലും പൊതിഞ്ഞ നിലയിൽ ബന്ധു ലളിതയുടെ മൃതദേഹവും കാണപ്പെട്ടു. ലളിതയുടെ തലയിൽ ആഴത്തിലുളള മുറിവ് കാണപ്പെട്ടിരുന്നു. ഡോ. ജീൻ പദ്മ സൗദി അറേബ്യ, ബ്രൂണെ എന്നിവിടങ്ങളിലാണ് ജോലി നോക്കിയിരുന്നത്. കൊല്ലപ്പെടുന്ന കാലയളവിൽ ചങ്ങനാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി നോക്കിയിരുന്നു. പ്രൊഫ. തങ്കം രാജ മാർത്താണ്ഡം ക്രിസ്ത്യൻ കോളജിൽ നിന്നാണ് വിരമിച്ചത്. മകൾ കരോലിൻ ചൈനയിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കി മൂന്ന് മാസം മുൻപായിരുന്നു നാട്ടിലെത്തിയത്. 

ഓസ്ട്രേലിയയിൽ ആർട്ടിഫിഷൽ ഇന്റലിജന്റ്സിൽ കമ്പ്യൂട്ടർ പഠനം പൂർത്തിയാക്കി 2009ൽ നാട്ടിൽ എത്തിയയാളാണ് പ്രതിയായ കേഡൽ ജിൻസൺ രാജ. ആത്മാവിനെ സ്വതന്ത്ര സഞ്ചാരത്തിന് വിടാനുളള ആസ്ട്രൽ പ്രൊജക്ഷൻ എന്ന പൈശാചിക രീതി പരീക്ഷിച്ച് നോക്കിയതാണെന്ന് കേഡൽ തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നു. ആത്മാവിന്റെ യാത്ര സംബന്ധിച്ച് ഇന്റർനെറ്റിൽ നിന്നാണ് വിവര ശേഖരണം നടത്തിയിരുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. 2017 ഏപ്രിൽ എട്ടിനാകാം കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് നിഗമനം.

Exit mobile version