Site iconSite icon Janayugom Online

മീൻ കച്ചവടം തടഞ്ഞത് ചോദ്യം ചെയ്‌തയാളെ കുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും 125000 രൂപ പിഴയും വിധിച്ച് കോടതി

മത്സ്യക്കച്ചവടം തടഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും    125000 പിഴയും വിധിച്ച് കോടതി. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം താമസിക്കുന്ന താഴത്ത് വെള്ളൂര്‍ രൂപേഷിനെയാണ് ജീവപര്യന്തം കഠിന തടവിനും പിഴയൊടുക്കാനും വിധിച്ചത്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എന്‍ ആര്‍ കൃഷ്ണകുമാറാണ് ഷിക്ഷ വിധിച്ചത്. കരിക്കാംകുളം കാഞ്ഞിരമുക്കിലെ രാജീവനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി.

2021 ഓഗസ്റ്റ് 21നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാരപ്പറമ്പ് സ്വദേശിയായ സാഹിര്‍ അലിയുടെ മത്സ്യക്കച്ചവടം രൂപേഷ് തടഞ്ഞിരുന്നു. ഈ പ്രശ്‌നത്തില്‍  രാജീവന്‍  ഇടപെടുകയും രൂപേഷിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രൂപേഷ് രാജീവനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച സാഹിര്‍ അലിക്കും കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. രാജീവന്റെ ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിന് ഒരു ലക്ഷം രൂപയും സാഹിര്‍ അലിക്ക് 25,000 രൂപയും നഷ്ടപരിഹാരം നല്‍കാനുമാണ് കോടതി ഉത്തരവ്. കേസില്‍ 43 സാക്ഷികളെ വിസ്തരിച്ചു. ചേവായൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന ചന്ദ്രമോഹനാണ് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ഷംസുദ്ദീന്‍, അഡ്വ. രശ്മി റാം എന്നിവര്‍ ഹാജരായി.

Exit mobile version