Site iconSite icon Janayugom Online

അപകടകാരണത്തില്‍ അവ്യക്തത തുടരുന്നു; അട്ടിമറി സാധ്യതകള്‍ തള്ളി കേന്ദ്രം

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ അപകടകാരണത്തില്‍ അവ്യക്തത തുടരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറന്നുവന്നു. അപകടത്തിനു കാരണം പക്ഷി ഇടിച്ചതോ, വിമാനത്തിന്റെ അമിതഭാരമോ അല്ലെന്ന് റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. അന്വേഷണത്തിൽ പക്ഷി ഇടിച്ചതായോ ഇതിന്റെ ചത്തശരീരമോ കണ്ടെത്താനായിട്ടില്ല. വിമാനത്തിലെ ചില സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ അമിതഭാരമല്ല അപകടത്തിനു കാരണം. പൈലറ്റിന് പിഴവിയുണ്ടായിട്ടില്ല. അപകടത്തിന് മുമ്പുള്ള കോക്ക്പിറ്റ് ക്രൂവിന്റെ പ്രവർത്തനങ്ങൾ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളിൽ നിന്നും വ്യത്യസ്തമല്ലായിരുന്നു. അതിനാൽ അപകടം പൈലറ്റിന്റെ പിഴവ് മൂലമല്ലെന്ന് മനസിലാകും. കൂടാതെ, 2 എഞ്ചിനുകളും ഒരേസമയം തകരാറിലാകുന്നത് അസംഭവ്യമാണെന്നും അട്ടിമറിക്കുള്ള സാധ്യതയില്ലെന്നുമാണ് നിലവിലെ വിലയിരുത്തൽ. 

അതേസമയം, 12 വർഷത്തിലേറെയായി ലോകമെമ്പാടും 1,200 ഓളം വിമാനങ്ങൾ സർവീസുകൾ നടത്തിയിട്ടുണ്ടെങ്കിലും ബോയിങ് 787 ഉൾപ്പെട്ട ആദ്യത്തെ അപകടമാണിത് എന്നതും ശ്രദ്ധേയമാണ്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ, ബ്ലാക്ക് ബോക്സ് റെക്കോ‍ഡിങ്‌സ്, ഫ്ലൈറ്റ് ഡാറ്റ, എയർ ട്രാഫിക് കൺട്രോൾ ലോഗുകൾ എന്നിവ ലഭിച്ചതായും ഇതിന്റെയെല്ലാം പൂർണമായ സാങ്കേതിക, ഫോറൻസിക് പരിശോധനയ്ക്കു ശേഷം മാത്രമേ അന്തിമ കാരണങ്ങളിലേക്ക് എത്തിച്ചേരാനാകൂ എന്നും അധികൃതർ വ്യക്തമാക്കി. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ്, ബോയിങ് എന്നിവര്‍ അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. ഇന്ത്യയുടെ അന്വേഷണ സംഘത്തെ സഹായിക്കാനാണ് വി​ദ​ഗ്ധ സംഘത്തെ അയക്കുന്നതെന്ന് എൻടിഎസ്ബി അറിയിച്ചു. അന്വേഷണത്തെ സഹായിക്കാൻ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്റെ എയർ ആക്സിഡന്റ് ഇൻവസ്റ്റി​ഗേഷൻ ബ്രാഞ്ചും (എഎഐബി) അറിയിച്ചിട്ടുണ്ട്. വിമാന ദുരന്തത്തിൽ അട്ടിമറി സാധ്യത കേന്ദ്ര സർക്കാർ തള്ളി. തകർന്ന വിമാനം ഈ മാസം നിരവധി സർവീസുകൾ നടത്തിയിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ മൂന്ന് ഏയർ ഇന്ത്യ വിമാനങ്ങളിൽ തകരാറ് കണ്ടെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Exit mobile version