Site iconSite icon Janayugom Online

സെൻസസ് വീണ്ടും നീളും; 2024 തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകില്ല

സെൻസസ് നടപടികള്‍ വീണ്ടും നീളും. 2024 പൊതു തെരഞ്ഞെടുപ്പിന് മുമ്പായി സെൻസസ് പൂര്‍ത്തീകരണം ഉണ്ടാകില്ലെന്നാണ് സൂചന. ഭരണ അതിര്‍ത്തികള്‍ നിശ്ചയിക്കുന്നതിന്റെ അവസാന തീയതി നീട്ടി കഴിഞ്ഞ ആഴ്ച രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഉത്തരവ് പുറത്തിറക്കി. ഡിസംബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നത്. ഭരണാതിര്‍ത്തി സംബന്ധിച്ച തിരുത്തലുകളുടെ പകര്‍പ്പ് സെൻസസ് ഓഫിസില്‍ എത്തിക്കാനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭിച്ച ഉത്തരവില്‍ പറയുന്നു. 

അതിര്‍ത്തികള്‍ നിര്‍ണയിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നുള്ള പ്രവര്‍‍ത്തികള്‍ക്കായി ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിന് മൂന്ന് മാസമെങ്കിലും സമയം വേണ്ടി വരും. ഇക്കാരണത്താല്‍ 2024 ഏപ്രിലിന് മുമ്പായി സെൻസസ് നടപടികള്‍ ആരംഭിക്കാൻ സാധിക്കില്ല.
സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെട്ട 30 ലക്ഷം പേരെയാണ് കണക്കെടുപ്പിനായി നിയോഗിക്കേണ്ടത്. പൊതുതെരഞ്ഞെടുപ്പ്, പെരുമാറ്റ ചട്ടം എന്നിവയുടെ ചുമതലകള്‍ക്കായും ഇത്ര തന്നെ ഉദ്യോഗസ്ഥരെ ആവശ്യമായി വരും. ഇതിനാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സെൻസസ് നടപടികള്‍ ആരംഭിക്കാനാണ് സാധ്യത. ഈ വര്‍ഷത്തെ ബജറ്റില്‍ സെന്‍സസിനുള്ള തുക വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. 

1881 മുതല്‍ രാജ്യം എല്ലാ പത്തു വര്‍ഷത്തിലും സെൻസസ് നടത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് പോലും സെൻസസ് തടസപ്പെട്ടിരുന്നില്ല. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ആദ്യമായി 2021ല്‍ നടത്തേണ്ടിയിരുന്ന സെൻസസ് നീട്ടിവച്ചത്. അടുത്ത സെൻസസ് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെൻസസ് ആയിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുന്നത്. ആദ്യ ഘട്ടത്തോടെ ദേശീയ പോപ്പുലേഷൻ രജിസ്റ്റര്‍ അപ്ഡേഷൻ പൂര്‍ത്തിയാക്കാനും ഇരു ഘട്ടങ്ങളും മാര്‍ച്ച് അഞ്ചോടെ പൂര്‍ത്തീകരിക്കാനുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 

Eng­lish Summary:The cen­sus will be extend­ed again; Not before the 2024 election
You may also like this video

Exit mobile version