നീറ്റ് പിജി സംവരണവുമായി ബന്ധപ്പെട്ട കേസുകള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ആവശ്യം ഉന്നയിച്ചത്. ഓള്‍ ഇന്ത്യ മെഡിക്കല്‍ പി ജി പ്രവേശനത്തിലെ ഒബിസി- സാമ്പത്തിക പിന്നാക്കാവസ്ഥാ സംവരണവുമായി ബന്ധപ്പെട്ട കേസുകള്‍ ഇന്ന് പരിഗണിക്കണമെന്ന ആവശ്യമാണ് കേന്ദ്രം ഇന്നലെ സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമുണ്ട്. ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ അരവിന്ദ് ദാതറിനോടും കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഹര്‍ജി ഇന്നോ നാളെയോ പരിഗണിക്കണമെന്ന ആവശ്യം ദാതറും ഉന്നയിച്ചു.
മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബെഞ്ചിലെ മറ്റംഗങ്ങളായ ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസിനൊപ്പമാണ് സിറ്റിങ്. ജസ്റ്റിസ് വിക്രം നാഥും മറ്റൊരു ബെഞ്ചിലാണ്. ഇക്കാര്യം ചീഫ് ജസ്റ്റിസിനെ അറിയിച്ച് പുതിയൊരു സ്‌പെഷ്യല്‍ ബെഞ്ച് രൂപീകരണം ഭരണപരമായി സാധ്യമാണോ എന്ന കാര്യം അഭ്യര്‍ത്ഥിക്കാം. ഇന്ന് കോടതി അവസാനിച്ചാല്‍ ചീഫ് ജസ്റ്റിസുമായി ഇക്കാര്യം സംസാരിക്കാം എന്നായിരുന്നു കേസ് പരിഗണിക്കുന്ന ബെഞ്ചിലെ അധ്യക്ഷനായ ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി നല്‍കിയത്.
ENGLISH SUMMARY:The Center has asked the Supreme Court to consider NEET PG reservation as a matter of urgency
You may also like this video