2022 മുതൽ 2025 വരെയുള്ള കാലയളവിൽ കംബോഡിയ, മ്യാൻമാർ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലെ സൈബർ കുറ്റകൃത്യ കേന്ദ്രങ്ങളിൽ നിന്ന് 6,998 ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായി കേന്ദ്രം. ഇന്ത്യക്കാരെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയ സംഭവങ്ങളെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്.
വ്യാജ ജോലി വാഗ്ദാനങ്ങളിലൂടെ ഇന്ത്യൻ പൗരന്മാരെ ആകർഷിച്ച് സൈബർ കുറ്റകൃത്യങ്ങളും മറ്റ് വഞ്ചനാപരമായ പ്രവർത്തനങ്ങളും ചെയ്യാൻ നിർബന്ധിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ കംബോഡിയ, മ്യാൻമാർ, ലാവോസ് എന്നിവിടങ്ങളില്‍ പ്രവർത്തിക്കുന്നുണ്ട്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾ വഴി നിയമവിരുദ്ധ മാർഗങ്ങളിലൂടെയാണ് ആളുകള്‍ ഇവിടേക്ക് എത്തിച്ചേരുന്നത്. ഇനിയും എത്രയാളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കണക്ക് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കൈവശമുള്ള കണക്കുകൾ പ്രകാരം 2022–2025 കാലയളവിൽ കംബോഡിയയില്‍ നിന്ന് 2,533 പേരെയും ലാവോസില്‍ നിന്ന് 2,297 പേരെയും മ്യാൻമറില്‍ നിന്ന് 2,168 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.

