കാർഷിക നിയമങ്ങൾ പിൻവലിച്ചതിനു പിന്നാലെ വിവാദമായ തൊഴിൽ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോഡി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. തൊഴിലാളി യൂണിയനുകളുമായി മതിയായ കൂടിയാലോചനയില്ലാതെ നരേന്ദ്ര മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ നാല് ലേബര്‍ കോഡുകള്‍ നടപ്പാക്കുന്നതിനെതിരെ തുടക്കത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ലേബർ കോഡുകൾ റദ്ദാക്കണമെന്നും, ഇത് നടപ്പാക്കിയാല്‍ തൊഴിലാളികളുടെ അരക്ഷിതാവസ്ഥ വര്‍ധിക്കുമെന്നും തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ കാർഷിക നിയമങ്ങള്‍ക്ക് പിന്നാലെ ലേബര്‍ കോഡുകളും പിൻവലിക്കാനുള്ള ആലോചനയിലാണ് മോഡി സര്‍ക്കാര്‍.
രാജ്യത്തെ പുത്തന്‍ വാണിജ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് തൊഴില്‍ മേഖലയില്‍ മാറ്റം വരുത്തുന്ന നിയമഭേദഗതി എന്ന വാദവുമായാണ് കേന്ദ്രം ലേബര്‍ കോഡ് അവതരിപ്പിച്ചത്. നിലവിലെ 29 പ്രധാന തൊഴിൽനിയമങ്ങൾ ക്രോഡീകരിച്ചാണ് നാല് ലേബർ കോഡുകൾക്ക് രൂപംനൽകിയിരിക്കുന്നത്. 2019ല്‍ പാസാക്കിയ ബില്ലിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തിയ കേന്ദ്രം 2020ലെ ലേബര്‍ കോഡിലൂടെ ഇത് പൂര്‍ണമാക്കുകയാണ് ചെയ്തത്.
അതേസമയം 2014 ൽ അധികാരത്തിൽ വന്നതിന് ശേഷമുള്ള തന്റെ ഏറ്റവും വലിയ നയപരമായ തിരിച്ചടിയായ കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കല്‍ മോഡി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. ഒരു വര്‍ഷം നീണ്ട കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിച്ചത് മോഡി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടായിരുന്നു മോഡിയുടെ ഈ നടപടി. ലേബർ കോഡുകള്‍ റദ്ദാക്കണമെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കുത്തകകളുടെ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലുകൾ പാസായത് തൊഴിലാളികളെ നിയമിക്കുന്നതും പിരിച്ചുവിടുന്നതും എളുപ്പമാക്കുന്നു. അധികാരം നിലനിര്‍ത്താന്‍ ജനപ്രിയമായ മറ്റൊരു പ്രഖ്യാപനം എന്ന നിലയില്‍ ലേബര്‍ കോഡും പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
english summary; The Center is also postponing the implementation of labor codes for fear of setbacks
you may also like this video;