ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയന്ത്രണം കൂടുതല്‍ ശക്തമാക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ദേശീയ ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ രൂപീകരണം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നൂറുദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തി. ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ നിര്‍ദേശവുമായി 2019ലാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി ബില്‍ അവതരിപ്പിച്ചത്. ഇതിലൂടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്രസര്‍ക്കാര്‍ നേടിയെടുക്കുന്ന അമിതാധികാരത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ മാനവ വിഭവശേഷി വികസനമന്ത്രാലയത്തെ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകളും പരിഷ്കാങ്ങളുമൊന്നും കൂടാതെ നിയമം വീണ്ടും അവതരിപ്പിക്കാനാണ് നീക്കം.
ഉന്നത വിദ്യാഭ്യാസ കമ്മിഷന്റെ രൂപീകരണം ലക്ഷ്യമിട്ടുള്ള എച്ച്ഇസിഐ ബില്ലിനെ ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകളുമായി ഏകോപിപ്പിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ കൂടിയാലോചനകള്‍ കാരണമാണ് നിയമം വൈകുന്നതെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. ഇന്ത്യയിൽ നിലവിൽ 1,114 സർവകലാശാലകളും 43,796 കോളജുകളും 11,296 മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. സര്‍വകലാശാലകളുടെ മേല്‍നോട്ടത്തിനുള്ള യുജിസി, എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിനായുള്ള എഐസിടിഇ എന്നീ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന.
മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള യുജിസിയും എഐസിടിഇയുമാണ് ഭൂരിഭാഗം സർവകലാശാല, അഫിലിയേറ്റഡ് കോളജുകൾ, സാങ്കേതിക, മാനേജ്മെന്റ് സ്ഥാപനങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നത്. കൂടാതെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ), മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ), നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) എന്നിവയ്ക്ക് കീഴിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
യുജിസി നിയമത്തിൽ നിന്ന് വ്യത്യസ്തമായി, ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും പുറമെ 12 അംഗങ്ങളും ഉന്നത വിദ്യാഭ്യാസ കമ്മിഷനില്‍ ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഇതില്‍ ഒമ്പത് പേരെങ്കിലും കേന്ദ്ര സർക്കാരിന്റെ നേരിട്ടോ അല്ലാതെയോ ഉള്ള പ്രതിനിധികളാണ്. കേന്ദ്രസര്‍ക്കാരിന്റെ അമിത പ്രാതിനിധ്യം രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വഴിയൊരുക്കുമെന്ന വിമര്‍ശനം ശക്തമായിരുന്നു. കമ്മിഷന് പുറമെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു ഉപദേശക സമിതി രൂപീകരിക്കുന്നതിനും 2018ലെ ബിൽ വ്യവസ്ഥ ചെയ്തിരുന്നു. കൂടാതെ സര്‍വകലാശാലകളുടെ സ്വയംഭരണ സംവിധാനത്തിലേക്കും കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കും.
അഴിമതിയും കെടുകാര്യസ്ഥതയും ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തെറ്റായ നടത്തിപ്പിന്റെയും പേരില്‍ യുജിസി പതിറ്റാണ്ടുകളായി വിമര്‍ശിക്കപ്പെടുന്നുണ്ട്. നിരവധി കമ്മിറ്റികളും കമ്മിഷനുകളും വിദഗ്ധരും ഉന്നത വിദ്യാഭ്യാസ നിയന്ത്രണ സംവിധാനം പുനർവിചിന്തനം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസ കമ്മിഷനൊപ്പം ദേശീയ വിദ്യാഭ്യാസനയ പ്രകാരമുള്ള പരിഷ്കാരങ്ങളും വിദ്യാഭ്യാസ മന്ത്രാലയം വേഗത്തിലാക്കി. വര്‍ഷത്തില്‍ രണ്ടുതവണ ബോര്‍ഡ് പരീക്ഷകള്‍, എല്ലാ സ്കൂളുകളിൽ നിന്നും ഡാറ്റാശേഖരം ബന്ധിപ്പിക്കുന്ന വിദ്യാ സമീക്ഷാ കേന്ദ്രം എന്നിവയും നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
English Summary:The Center is also taking hold of higher education institutions
You may also like this video