Site iconSite icon Janayugom Online

ആശ പ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് വര്‍ധന പരിഗണനയിലെന്ന് കേന്ദ്രം

ആശ പ്രവര്‍ത്തകരുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂല നിലപാടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ പി നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം കേരളാ ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആശമാരുടെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കഴിഞ്ഞമാസം കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. ഇന്നലെ പാര്‍ലമെന്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ആശ വിഷയം വിശദമായി ചര്‍ച്ച ചെയ്തു. നിലവിലെ അവരുടെ ആവശ്യങ്ങളും മന്ത്രിക്ക് മുന്നില്‍വച്ചു. ഇന്‍സെന്റീവ് വര്‍ധന കേന്ദ്രം ഗൗരവത്തോടെ പരിഗണിക്കുന്നുണ്ട്. ഇക്കാര്യം ആശമാരെ ബോധിപ്പിക്കണമെന്ന നിര്‍ദേശവും നഡ്ഡ മുന്നോട്ടുവച്ചു. തൊഴിലാളികളായി ആശമാരെ മാറ്റണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ത്തി.

കേരളത്തിന് എയിംസ്, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കാസര്‍കോടും വയനാടും മെഡിക്കല്‍ കോളജ് അനുമതിയും കേന്ദ്ര സഹായവും, ഓണ്‍ലൈന്‍ വഴിയുള്ള മയക്കുമരുന്നു വില്പന തടയാന്‍ കേന്ദ്ര ഇടപെടല്‍, ആരോഗ്യ മേഖലയ്ക്ക് കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള കുടിശിക ഉള്‍പ്പെടെ ചര്‍ച്ചയില്‍ ഉന്നയിച്ചതായി വീണാ ജോര്‍ജ് പറഞ്ഞു.

Exit mobile version