വിവാദങ്ങളുടെ തോഴൻ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയിൽ നാളെ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ തുടരാൻ കേന്ദ്രം പച്ചക്കൊടി കാട്ടിയേക്കുമെന്ന് സൂചന. രണ്ടാഴ്ച മുൻപ് രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും ആരിഫ് മുഹമ്മദ് ഖാൻ ചർച്ച നടത്തിയിരുന്നു. അദ്ദേഹം വീണ്ടും തുടരാനുള്ള താൽപര്യം പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചനകൾ. ജസ്റ്റിസ് പി സദാശിവം അഞ്ച് വർഷം തികഞ്ഞപ്പോൾ മാറിയതിനെ തുടർന്നാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായത്.
രാഷ്‌ട്രീയ ലക്ഷ്യവുമായി സർക്കാരിനെതിരെ തിരിഞ്ഞ ഗവർണർ ഉണ്ടാക്കിയ വിവാദങ്ങൾ ചെറുതല്ല. ചാൻസിലർ പദവി ദുരുപയോഗം ചെയ്ത് ഗവർണർ പ്രവർത്തിച്ചപ്പോൾ എതിർപ്പുമായി സർക്കാർ നേരിട്ട് രംഗത്തിറങ്ങി. വിസിമാരെ നിയമിക്കാൻ സ്വന്തം നിലക്ക് സേർച് കമ്മിറ്റി രൂപീകരിച്ചും താൽപര്യമുള്ളവരെ സെനറ്റിലേക്കു നാമനിർദേശം ചെയ്തുമെല്ലാം ഗവർണർ വിവാദങ്ങൾ തുടർന്നു.എസ് എഫ് ഐ ഗവർണർക്കെതിരെ സമരം പ്രഖ്യാപിച്ചപ്പോൾ പൊലീസിനെ അവഗണിച്ചു ഗവർണർ സ്വന്തം സുരക്ഷക്കായി കേന്ദ്ര സേനയെ നിയോഗിച്ചു. നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഗവർണർ തടഞ്ഞുവെച്ചപ്പോൾ സർക്കാരിന് സുപ്രിം കോടതിയെ സമീപിക്കേണ്ടി വന്നിരുന്നു.