Site iconSite icon Janayugom Online

ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നു; രാജ്യത്ത് കോവിഡ് മരണങ്ങള്‍ കൂടുതല്‍

ലോകാരോഗ്യ സംഘടനയുൾപ്പെടെ ഇന്ത്യയിലെ കോവിഡ് മരണങ്ങളെ ക്കുറിച്ച് പുറത്തിറക്കിയ റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞ കേന്ദ്രസർക്കാർ തന്നെ മരണനിരക്ക് കൂടുതലായിരുന്നുവെന്ന് സമ്മതിക്കുന്നു. കഴിഞ്ഞദിവസം രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആര്‍ജിഐ) പുറത്തിറക്കിയ മെഡിക്കൽ സർട്ടിഫിക്കേഷൻ-2020 റിപ്പോർട്ടിലാണ് പുതുക്കിയ നിരക്കുള്ളത്. കോവിഡ് നാശം വിതച്ച 2020 ൽ രാജ്യത്തെ 18.11 ലക്ഷം സാക്ഷ്യപ്പെടുത്തിയ മരണങ്ങളിൽ 8.9 ശതമാനം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. 

2020‑ൽ ഇന്ത്യയിലാകെ 81.16 ലക്ഷം മരണങ്ങൾ രജിസ്റ്റർ ചെയ്തതായി ആർജിഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2019 നെ അപേക്ഷിച്ച് ആറ് ശതമാനം കൂടുതലാണിത്. അഞ്ചു ലക്ഷത്തിലേറെ കോവിഡ് മരണമെന്നാണ് സർക്കാർ കണക്ക്. എന്നാല്‍ 2020, 21 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്തു കോവിഡ് ബാധിതരായി മരിച്ചെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ. കേന്ദ്രസർക്കാരിന്റെ കണക്കിന്റെ പത്തിരട്ടിയോളമാണിത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ശരിവയ്ക്കുന്ന കണ്ടെത്തലുകളും പഠനങ്ങളും നേരത്തെയും പുറത്തു വന്നിരുന്നെങ്കിലും കേന്ദ്രം അവയൊക്കെ രീതിശാസ്ത്രത്തിന്റെ പേരില്‍ തള്ളിയിരുന്നു. 2020‑ലെ സാക്ഷ്യപ്പെടുത്തിയ മരണങ്ങളിൽ നാലാമത്തെ വലിയ കാരണമായാണ് കോവിഡിനെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഏഴ് സംസ്ഥാനങ്ങളിൽ ഇത് രണ്ടാമത്തെ കാരണമായി ഉയർന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റവും ഉയർന്ന മരണനിരക്ക് മഹാരാഷ്ട്രയിലാണ് 17.7 ശതമാനം. മണിപ്പുർ 15.7, ഉത്തർപ്രദേശ് 15, ഹിമാചൽ പ്രദേശ് 13.5, ആന്ധ്രാപ്രദേശ് 12, പഞ്ചാബ് 11.9, ഝാര്‍ഖണ്ഡ് 7.6 ശതമാനം എന്നിങ്ങനെയാണ് കോവിഡ് മൂലമുള്ള മരണം. 

2020 മാർച്ചിലാണ് മരണകാരണമായി കോവിഡ് കൂട്ടിച്ചേർത്തത്. ഇതനുസരിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം രേഖപ്പെടുത്തിയതും മഹാരാഷ്ട്രയിലാണ്, 61,212 കോവിഡ് മരണങ്ങൾ. ഉത്തർപ്രദേശ് 16,489), കർണാടക (15,476), ആന്ധ്ര (12,193), ഡൽഹി (8,744) എന്നിവയാണ് തൊട്ടുപിന്നിൽ. അരുണാചൽ പ്രദേശിലും കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലും ഈ കാലയളവിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

Eng­lish Summary:the cen­tral gov­ern­ment admits that covid deaths are high in the country
You may also like this video

Exit mobile version