Site iconSite icon Janayugom Online

സൈനികരുടെ ആനുകൂല്യങ്ങളിലും കയ്യിട്ടുവാരി കേന്ദ്ര സര്‍ക്കാര്‍

armyarmy

പോരാട്ടങ്ങളില്‍ ശാരീരിക വൈകല്യം സംഭവിച്ച സൈനികര്‍ക്കും വീരമൃത്യു വരിക്കുന്ന സേനാംഗങ്ങളുടെ വിധവകള്‍ക്കും നല്‍കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ബിജെപിയുടെ കപട ദേശീയതയ്ക്കുള്ള ഉദാഹരണമാണ് പുതിയ തീരുമാനമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിച്ചു. അത്യാഹിതം സംഭവിക്കുന്ന സൈനികര്‍ക്കും നല്‍കുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട 2008 ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് പുതുക്കിയ അത്യാഹിത പെന്‍ഷന്‍ ശാരീരിക വൈകല്യ നഷ്ടപരിഹാര ചട്ടങ്ങള്‍ 2023, ഈ മാസം 21 നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയത്. ചട്ടഭേദഗതിക്കെതിരെ ശക്തമായ വിയോജിപ്പുമായി വിമുക്തഭടന്മാരുടെ സംഘടനകള്‍ രംഗത്തെത്തി. മുമ്പുണ്ടായിരുന്ന പല ആനുകൂല്യങ്ങളും ഇല്ലാതാക്കിക്കൊണ്ടുള്ള ചട്ടഭേദഗതിയാണ് മോഡി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

പഴയ ചട്ട പ്രകാരം ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും പുതിയ ചട്ടത്തിലെ നിര്‍വചന പ്രകാരം ഇല്ലാതാകും. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം സേവനം അവസാനിപ്പിക്കേണ്ടി വരുന്ന സൈനികര്‍, പോരാട്ടങ്ങളില്‍ പങ്കെടുത്ത് അംഗവൈകല്യങ്ങള്‍ സംഭവിക്കുന്നവര്‍, ഏറ്റുമുട്ടലുകളില്‍ വീരചരമം പ്രാപിക്കുന്ന സൈനികരുടെ വിധവകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവയിലെല്ലാം മാറ്റംവരുത്തി. ആനുകൂല്യങ്ങളില്‍ മോഡി സര്‍ക്കാരിന്റെ പതിവ് പരിപാടിയായ പേരുമാറ്റവും വരുത്തിയിട്ടുണ്ട്.
നിര്‍വചനങ്ങളില്‍ വരുത്തിയ മാറ്റത്തിലൂടെ മുമ്പത്തെ ആനുകൂല്യങ്ങളെ തരം തിരിക്കുകയും ഈ തരംതിരിവിന്റെ അടിസ്ഥാനത്തില്‍ ആനുപാതികമായി ആനുകൂല്യങ്ങള്‍ കുറയ്ക്കുകയുമാണ് ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനാണ് പുതിയ ചട്ടങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. അഗ്നിവീര്‍ സൈനികരുടെ സേവന സുരക്ഷയും പുതിയ ചട്ടങ്ങള്‍ പ്രകാരം ചോദ്യചിഹ്നമാകും. സാമൂഹ്യ സുരക്ഷ അന്യമാക്കുന്ന സര്‍ക്കാരിന്റെ പുതിയ ചട്ട ഭേദഗതി സൈന്യത്തിന്റെ മനോവീര്യത്തെ സാരമായി ബാധിക്കുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

Eng­lish sum­ma­ry: The cen­tral gov­ern­ment also inter­fered with the ben­e­fits of soldiers

You may also like this video

Exit mobile version