Site iconSite icon Janayugom Online

സുപ്രീം കോടതിയുടെ താക്കീത് ഫലംകണ്ടു; അഞ്ചു ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്രസർക്കാർ അനുമതി

ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ വഴങ്ങി. സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നിയമ മന്ത്രി കിരണ്‍ റിജിജുവാണ് നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതി ജഡ്ജി അഹ്‌സനുദ്ദീന്‍ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരുടെ നിയമനത്തിനാണ് അംഗീകാരം നല്‍കിയത്. ഇവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം കഴിഞ്ഞവര്‍ഷം ഡിസംബര്‍ 13 നാണ് നിയമ മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തത്. നിയമനം ഇത്രയും കാലം നീണ്ടുപോയതിനെ സുപ്രീം കോടതി കഴിഞ്ഞദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. 

നിയമനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് ഫെബ്രുവരി രണ്ടിന് അംഗീകാരം നല്‍കിയതായും പേരുകള്‍ രാഷ്ട്രപതി ഭവനിലേക്ക് അയച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഇന്നു നിയമന വാറന്റ് പുറപ്പെടുവിച്ചാല്‍, അടുത്തയാഴ്ച ആദ്യം പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും. കഴിഞ്ഞമാസം 31ന് സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ രണ്ടു പേരുകള്‍ കൂടി കൊളീജിയം അസാധാരണമായ നീക്കത്തിലൂടെ ശുപാര്‍ശ ചെയ്തിരുന്നു. 

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദല്‍, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരുടെ പേരുകളാണ് ശുപാര്‍ശ ചെയ്തത്. സാധാരണ കൂടുതല്‍ ശുപാര്‍ശകള്‍ അയയ്ക്കും മുമ്പ് ആദ്യ ഫയലില്‍ തീരുമാനമാകുന്നതിനായി കൊളീജിയം കാത്തിരിക്കുന്നതാണ് പതിവ്. പുതുതായി നിയമിച്ച ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 32 ആയി ഉയരും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീം കോടതിയില്‍ ആകെ വേണ്ട ജഡ്ജിമാരുടെ എണ്ണം 34 ആണ്. 

Eng­lish Summary;The cen­tral gov­ern­ment approved the appoint­ment of five judges
You may also like this video

Exit mobile version