Site iconSite icon Janayugom Online

ആശ്വാസം വാക്കുകളില്‍ ഒതുക്കി കേന്ദ്ര സര്‍ക്കാര്‍; നയാപൈസ സഹായം അനുവദിച്ചില്ല

CMCM

ഉരുള്‍ ദുരന്തം നന്ന് രണ്ടര മാസം കഴിഞ്ഞിട്ടും ഒരു സഹായവും അനുവദിക്കാതെ വയനാടിനെ വ‍‍ഞ്ചിച്ചിരിക്കുയാണ്. ”നൂറുകണക്കിന് ആളുകളുടെ സ്വപ്‌നമാണ് വയനാട്ടിലെ ദുരന്തത്തില്‍ തകര്‍ന്നത്. രാജ്യം ദുരന്തബാധിതര്‍ക്കൊപ്പമുണ്ട്. പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്. പണം ഒരു തടസ്സമാകില്ല. കേന്ദ്രത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യും”. ഓഗസ്റ്റ് 10ന് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍ദുരന്തഭൂമിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണിത്.
ലക്ഷങ്ങള്‍ മുടക്കി പ്രത്യേക ഹെലിപാഡും സംവിധാനങ്ങളുമൊരുക്കി രാവിലെ മുതല്‍ വൈകുന്നേരം വരെ വയനാട്ടില്‍ തങ്ങി, ഉരുള്‍ദുരന്തമുണ്ടായ ഭൂമിയിലും മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും ദുരന്തത്തിനിടയില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലും സന്ദര്‍ശനം നടത്തിയാണ് പ്രധാനമന്ത്രി മടങ്ങിയത്. കേന്ദ്ര സഹമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവരും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ദുരന്തഭൂമി സന്ദര്‍ശിച്ചിരുന്നു.

പ്രധാനമന്ത്രി മടങ്ങി രണ്ടു മാസമായിട്ടും വിദഗ്ധ സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് കിട്ടിയിട്ടും ദുരന്തമേഖലക്ക് പ്രത്യേകമായി ഒരു രൂപയുടെ സഹായം പോലും നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ഈ നാടിനെ പൂര്‍ണമായി അവഗണിക്കുകയാണ്. മുന്നൂറിലധികം പേര്‍ മരണപ്പെടുകയും എഴുനൂറോളം പേരെ നേരിട്ട് ബാധിക്കുകയും കോടികളുടെ നാശനഷ്ടമുണ്ടാവുകയും ചെയ്ത ഉരുള്‍ദുരന്തത്തിലെ സമഗ്രപുനരധിവാസത്തിന് കോടികള്‍ ആവശ്യമാണ്. എന്നാല്‍ ഒരു സഹായവും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചില്ല.
പ്രളയദുരന്തത്തില്‍ 12 പേര്‍ മരിച്ച ബിജെപി ഭരിക്കുന്ന ത്രിപുരയില്‍ മണിക്കൂറുകള്‍ക്കകം അടിയന്തര ധനസഹായമായി 40 കോടി പ്രഖ്യാപിച്ച മോദി സര്‍ക്കാരാണ് വയനാടിന്റെ കാര്യത്തില്‍ മൗനം തുടരുന്നത്. ഈ വര്‍ഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതം കൂടാതെ 219.2 കോടി രൂപ അടിയന്തിര ദുരിതാശ്വാസ സഹായമായി കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം അഭ്യര്‍ത്ഥിച്ചിരുന്നു. ഈ വര്‍ഷം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ലഭിക്കേണ്ട കേന്ദ്ര വിഹിതമായ 291.2 കോടി രൂപയുടെ ആദ്യ ഗഡു 145.6 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. രണ്ടാം ഗഡുവായ 145.6 കോടി രൂപ അഡ്വാന്‍സ് ആയി അനുവദിച്ചതായി ഒക്ടോബര്‍ ഒന്നിന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വാര്‍ത്താകുറിപ്പ് ഇറക്കുകയും ചെയ്തു. എന്നാല്‍ ഇത് സാധാരണ നടപടിക്രമം മാത്രമായിരുന്നു. 

ദുരന്തത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക ധനസഹായം അല്ല. വയനാട് ദുരന്ത ഘട്ടത്തിലും തുടര്‍ന്നും സംസ്ഥാനത്തിന് സഹായം നല്‍കാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. എന്നാല്‍ പ്രത്യേക സഹായം ഇതുവരെ ലഭ്യമായിട്ടില്ല. അര്‍ഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. എന്നാല്‍ ദുരന്തത്തിന്റെ ആഘാതം നേരിട്ട് മനസിലാക്കിയ മോദിയോ, ബിജെപിയുടെ കേന്ദ്രമന്ത്രിമാരോ ഒന്നും ചെയ്യാത്തതില്‍ ദുരിതബാധിതര്‍ കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ്.

കേരളത്തിന്റെ ഒരാവശ്യവും പരിഗണിച്ചില്ല

ദുരന്ത മേഖല സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിക്കു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അവതരിപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാവുന്ന ഉരുള്‍പൊട്ടല്‍ പോലുള്ള അപ്രതീക്ഷിത പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ മതിയായ സജ്ജീകരണങ്ങള്‍ കേരളത്തിന് ആവശ്യമാണെന്നും നിലവിലെ സാഹചര്യത്തില്‍ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, ഇന്ത്യ മെറ്റിയോറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ്, നാഷണല്‍ സിസ്മിക് സെന്റര്‍, ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ സ്‌പെഷ്യല്‍ സെന്ററുകളും അത്യാധുനിക പഠന സൗകര്യങ്ങളുള്ള പ്രാദേശിക ഓഫീസുകളും സംസ്ഥാനത്ത് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാലാവസ്ഥാ നിരീക്ഷണത്തിനായി ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. അതിനായി ഹൈ റെസൊല്യൂഷന്‍ ഹസാര്‍ഡ് അസ്സെസ്റ്റ്‌മെന്റ് ടൂളുകളും ലാന്‍ഡ് യൂസ് പ്ലാനിംഗ് മാപുകളും ലിഡാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റല്‍ എലവേഷന്‍ മോഡലും ഉപയോഗപ്പെടുത്താവുന്നതാണ്.

സംസ്ഥാന സര്‍ക്കാര്‍ കാലാവസ്ഥാ പഠനത്തിനായി 2015 ല്‍ കോട്ടയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് സ്ഥാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് പ്രാദേശികാടിസ്ഥാനത്തിനുള്ള പരിഹാരത്തിനായി ഈ സ്ഥാപനത്തിന്റെ ഗവേഷണ ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വലിയ സാമ്പത്തിക പിന്തുണ അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിജീവിക്കാന്‍ പര്യാപ്തമായ നിര്‍മ്മാണ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ കേരള ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷനും പ്രവര്‍ത്തിച്ചുവരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് സംസ്ഥാനത്തിന് സുരക്ഷിതമായി മുന്നോട്ടുപോകാന്‍ ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും ഉദാരമായ സാമ്പത്തിക പിന്തുണയും സാങ്കേതിക സഹായവും ആവശ്യമാണ്. ദ
ുരന്തത്തിന്റെ വ്യാപ്തിയും ആഘാതവും കണക്കിലെടുത്ത് വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായും ദേശീയ ദുരന്തമായും എത്രയും വേഗം പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയോട് ദുരന്തന്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം മുഖ്യമന്ത്രി അവ കുറിപ്പായി കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തിന്റെ ആവശ്യങ്ങളില്‍ ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല.

ഹൈക്കോടതിയും ചോദിക്കുന്നു, കേന്ദ്രസഹായമെവിടെ?

ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട ധനസഹായം നല്‍കാത്തതില്‍ കേന്ദ്രത്തോട് ചോദ്യമുന്നയിച്ച് ഹൈകോടതിയും. ദേശീയ ദുരന്ത നിവാരണനിധിയില്‍ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഫണ്ട് എപ്പോള്‍ നല്‍കാനാവുമെന്നതടക്കം വിവരങ്ങള്‍ രണ്ടാഴ്ചക്കകം അറിയിക്കാന്‍ ഓക്ടോബര്‍ 4ന് കേരള ഹൈകോടതി ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. വയനാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസും പൊതുതാല്‍പര്യ ഹര്‍ജിയും പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്. ഒക്ടോബര്‍ 18നകം ഇക്കാര്യത്തില്‍ നിലപാട് നല്‍കാനാണ് അഡി. സോളിസിറ്റര്‍ ജനറലിന് കോടതി നിര്‍ദ്ദേശം നല്‍കിയത്.

Exit mobile version