Site iconSite icon Janayugom Online

വിരമിച്ച അഗ്നിവീറുകളുടെ പുനര്‍നിയമനം ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

വിരമിച്ച അഗ്നിവീറുകളെ സ്വകാര്യ സുരക്ഷാ സ്ഥാപനങ്ങളില്‍ നിയമിക്കുന്നത് ഉറപ്പ് വരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. 2022 ല്‍ ആരംഭിച്ച അഗ്നിവീര്‍ റിക്രൂട്ട്മെന്റ് പ്രകാരം നിയമിതരായ ആദ്യബാച്ച് 2026 ല്‍ നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്നത് പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സെപ്റ്റംബര്‍ പതിനൊന്നിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. അഗ്നിവീര്‍മാരുടെ സേവനാന്തര കരിയര്‍ പുരോഗതി ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്നും ഇത്തരവില്‍ പറയുന്നു. 2022 ജൂണില്‍ ആരംഭിച്ച അഗ്നിവീര്‍ പദ്ധതി അനുസരിച്ച് 17 നും 21 വയസിനും ഇടയില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് നാല് വര്‍ഷത്തെ സൈനിക സേവനമാണ് അഗ്നിവീര്‍ പദ്ധതിയിലുടെ നടപ്പിലാക്കിയത്. ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവരില്‍ 15 ശതമാനം പേരെ 15 വര്‍ഷം കൂടി സേനയില്‍ നിലനിര്‍ത്തുമെന്നും വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു.

സുരക്ഷാ സേവനങ്ങള്‍ കരാര്‍ വ്യവസ്ഥയില്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍, ബാങ്കുകള്‍, മറ്റ് പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവ മുന്‍ അഗ്നിവീറുകളെ നിയമിക്കുന്നതിന് പരിഗണന നല്‍കണം. പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസി റെഗുലേഷൻ ആക്ട് അനുസരിച്ച് സായുധ സേനയിലോ പൊലീസിലോ ഹോം ഗാർഡുകളിലോ മുൻ പരിചയമുള്ള വ്യക്തികൾക്ക് ജോലിയിൽ മുൻഗണന നൽകണമെന്ന് കത്തിൽ പറയുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷം ചോദ്യം ചെയ്തു. മോഡി സര്‍ക്കാര്‍ ആവിഷ്കരിച്ച അഗ്നിവീര്‍ പദ്ധതി സൈന്യത്തിന്റെ ശക്തി ചോര്‍ത്തുന്ന തരത്തിലുള്ളതാവുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. നാല് വര്‍ഷ സേവനത്തിന്ശേഷം പിരിഞ്ഞുപോകുന്ന അഗ്നിവീറുകള്‍ക്ക് പെന്‍ഷന്‍ അടക്കം യാതൊരു ആനുകൂല്യവും മോഡി സര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നില്ല.

സേവനത്തിന്ശേഷം പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷ എഴുതി പുതിയ ജോലി കണ്ടെത്തണമെന്നായിരുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അഗ്നിവീര്‍ പദ്ധതി പ്രഖ്യാപിച്ചശേഷം സൈനിക സേവനത്തോട് യുവാക്കാള്‍ മുഖം തിരിച്ചതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രാജ്യത്ത് ഏറ്റവമധികം യുവാക്കള്‍ സൈന്യത്തില്‍ ചേരുന്ന പഞ്ചാബില്‍ നിന്നടക്കം യുവാക്കള്‍ സൈനിക സേവനത്തോട് വിടപറഞ്ഞിരുന്നു. അഗ്നിപഥ് പദ്ധതി പ്രകാരം സേവനമനുഷ്ഠിച്ച സൈനികരെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വഞ്ചിച്ചതായി മുൻ കേണൽ രോഹിത് ചൗധരി പറഞ്ഞു.

Exit mobile version