Site iconSite icon Janayugom Online

കേന്ദ്ര സര്‍ക്കാരിന്റെ ഭവന പദ്ധതിയും പാളി

കോവിഡ് കാലത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് നരേന്ദ്ര മോഡി പ്രഖ്യാപിച്ച വാടക കുറഞ്ഞ ഭവന സമുച്ചയ പദ്ധതിയും എങ്ങുമെത്തിയില്ല. ലോക്ഡൗണ്‍ വേളയില്‍ കുടിയേറ്റത്തൊഴിലാളികള്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രമുഖ നഗരങ്ങളില്‍ വാടക കുറഞ്ഞ ഭവന സമുച്ചയ (എആര്‍എച്ച്സി) പദ്ധതി പ്രഖ്യാപിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച ജവഹര്‍ ലാല്‍ നെഹ്രു നഗര പുനരധിവാസ മിഷന്‍, രാജീവ് ആവാസ് യോജന എന്നിവയിലെ ഭവനങ്ങള്‍ ഇതിനായി മാറ്റുമെന്നായിരുന്നു അറിയിച്ചത്. 83,534 ഭവനങ്ങള്‍ അടങ്ങിയ സമുച്ചയങ്ങള്‍ പണിയുകയായിരുന്നു ഈ രണ്ട് പദ്ധതികളുടെ ലക്ഷ്യം. മഹാരാഷ്ട്ര (32,245), ഡല്‍ഹി (29,112) എന്നിവിടങ്ങളിലാണ് കൂടുതല്‍ ഭവനങ്ങള്‍ പണിയുന്നതിന് തീരുമാനിച്ചത്,
ഇതില്‍ നിന്ന് നഗരങ്ങളിലെ കുടിയേറ്റ‑ദരിദ്ര വിഭാഗങ്ങള്‍ക്ക് കുറഞ്ഞ വാടകയില്‍ വീടുകള്‍ നല്‍കുമെന്നാണ് നരേന്ദ്ര മോഡി 2020 ജൂലൈയില്‍ പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായി പദ്ധതി നടത്തിപ്പ് 25 വര്‍ഷത്തേക്ക് പുറംകരാര്‍ നല്‍കുകയും ചെയ്തു. 

എന്നാല്‍ 83,534ല്‍ കേവലം 5648 വീടുകളാണ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇവയാകട്ടെ മുഴുവനായും ഗുണഭോക്താക്കളെ കണ്ടെത്തി നല്‍കിയതുമില്ല. നിര്‍മ്മാണം പൂര്‍ത്തിയായ പല ഭവനങ്ങളും താമസയോഗ്യമല്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പണിത ഭവന സമുച്ചയത്തിലെ ചില വീടുകള്‍ ഘടനാപരമായ തകരാറുകളുള്ളതാണെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദ പ്രിന്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. പല സമുച്ചയങ്ങളും നഗരങ്ങളില്‍ നിന്ന് വളരെ അകലെയാണെന്നതും ആളുകള്‍ വാടകയ്ക്കെത്താത്തതിന് കാരണമായി. ഡൽഹിയില്‍ നിർമ്മിച്ച ഫ്ലാറ്റുകളിൽ ചിലതും ജീർണാവസ്ഥയിലാണ്. ബവാനയിലെ ഭവന സമുച്ചയത്തിന്റെ ഒരുഭാഗം 2022ല്‍ തകര്‍ന്നുവീഴുന്ന സ്ഥിതിയുമുണ്ടായി.
പ്രധാനമന്ത്രി നഗര ആവാസ് യോജന പദ്ധതി പ്രകാരം പ്രഖ്യാപിച്ച 2.96 ലക്ഷം വീടുകളുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. മാര്‍ച്ച് 11 വരെ 1.56 ലക്ഷം വീടുകളാണ് ഈ പദ്ധതിയില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. അതേസമയം 2022, 23 വര്‍ഷങ്ങളില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ചേരിനിവാസികളുടെ എണ്ണം 7.4 ലക്ഷത്തിലധികമാണെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. 

Eng­lish Summary:The cen­tral gov­ern­men­t’s hous­ing scheme also failed

You may also like this video

Exit mobile version