Site icon Janayugom Online

കേന്ദ്ര സർക്കാരിന്റെ വിലസൂചികകൾ വിശ്വസനീയമല്ല

ഇന്ത്യയില്‍ ഉപഭോക്താക്കൾ ഉയർന്ന പണപ്പെരുപ്പ സമ്മർദ്ദത്തിൽ വലയുകയാണ്. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ഗതാഗതം, മരുന്ന്, ആരോഗ്യ സംരക്ഷണം എന്നിവയുടെ ചെലവുകൾ കഴിഞ്ഞ വർഷം പകുതി മുതൽ 50 മുതൽ 60 ശതമാനം വർധിച്ചു. ഉയർന്ന ഇന്ധന വില മിക്കവാറും എല്ലാ ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയെ ബാധിക്കുന്നു. ആഗോളതലത്തിൽ തന്നെ ഈ പ്രവണതയുണ്ട്. യുഎൻ ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, നവംബർ വരെയുള്ള 12 മാസങ്ങളിൽ ആഗോള ഭക്ഷ്യവിലയിൽ 27.3 ശതമാനം വർധനയുണ്ടായി. റഷ്യ‑ഉക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ മൂന്ന് മാസത്തിനുള്ളിൽ വിലകൾ കുതിച്ചുയർന്നു. ഭക്ഷണം, ഗതാഗതം, മറ്റ് അവശ്യ സാധനങ്ങൾ എന്നിവയുടെ വില അനിയന്ത്രിതമായി വർധിച്ചു. ലോകജനതയുടെ മൂന്നിൽ രണ്ടും ഇതിന്റെ ആഘാതം അനുഭവിക്കുന്നു. പാവപ്പെട്ടവരാണ് ഏറ്റവും കൂടുതൽ ഞെരുക്കം നേരിടുന്നതെന്നും യുഎന്‍ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ രാജ്യത്തിന്റെ ഉപഭോക്തൃ വില സൂചികയിൽ ഈ ചിത്രം വേണ്ടത്ര പ്രതിഫലിക്കുന്നതായി തോന്നുന്നില്ല. ലോകത്തെവിടെയും പണപ്പെരുപ്പം സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ആളുകളെയാണ് കൂടുതല്‍ ബാധിക്കുന്നത്. യുഎസിൽ പോലും, കഴിഞ്ഞ നവംബറിലെ റിപ്പോർട്ട് അനുസരിച്ച് കുറഞ്ഞ വരുമാനമുള്ള 20 ശതമാനം കുടുംബങ്ങൾ പാർപ്പിടത്തിനും ഭക്ഷണത്തിനും വേണ്ടി 4.5 മടങ്ങും ഗതാഗതത്തിനായി 3.5 മടങ്ങും കൂടുതൽ ചെലവഴിക്കുന്നു. ഇന്ത്യയിലും കുറഞ്ഞ വരുമാനക്കാരുടെ കാര്യത്തിൽ ഇത് സത്യമാണ്. സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം രണ്ട് വ്യത്യസ്ത ഡാറ്റകളാണ് പുറത്തുവിട്ടത്. മാർച്ചിൽ രാജ്യത്തെ ചില്ലറവില പണപ്പെരുപ്പം 6.95 ശതമാനമായി ഉയർന്നുവെന്നും ഫെബ്രുവരിയിലെ പണപ്പെരുപ്പം 6.07 ശതമാനമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. അതിശയമെന്നു പറയട്ടെ, റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് 2022–23 ൽ രാജ്യത്തിന്റെ പണപ്പെരുപ്പം 5.7 ശതമാനമാകുമെന്നാണ് പ്രവചിക്കുന്നത്. ആദ്യത്തെ മൂന്ന് മാസം 6.3, തുടർന്നുള്ള മൂന്ന് ഇടവേളകളിൽ യഥാക്രമം അഞ്ച്, 5.4, 5.1 ശതമാനം എന്നാണ് ആർബിഐ അവലോകനം. എന്നാല്‍ ഈ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ സർക്കാരിന്റെ തന്നെ പണപ്പെരുപ്പ കണക്കുകളുടെ പശ്ചാത്തലത്തിൽ ആർബിഐ ഗവർണറുടെ പ്രവചനം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം. മാർച്ചിലെ ചില്ലറവില്പന പണപ്പെരുപ്പം കഴിഞ്ഞ 17 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 6.95 ശതമാനവും ഫെബ്രുവരിയിലെ മൊത്തവില പണപ്പെരുപ്പം 13.11 ശതമാനവുമാണ്. കഴിഞ്ഞ മാസം മൊത്തവില പണപ്പെരുപ്പം 14.6 ശതമാനമായി ഉയർന്നു. ഈ കണക്കുകൾ പോലും അത്ര വിശ്വസനീയമാണെന്ന് തോന്നുന്നില്ല. 2022–23 ലെ ദേശീയ ബജറ്റ് തയാറാക്കിയ ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക വിദഗ്ധരുടെ തെറ്റായ അന്താരാഷ്ട്ര ഇന്ധന വിലയെ ക്കുറിച്ചുള്ള പ്രവചനങ്ങളും ഇപ്പോൾ രൂക്ഷ വിമർശനം നേരിടുകയാണ്. ബാരലിന് 70 ഡോളർ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ബജറ്റ് പ്രവചനം.


ഇതുകൂടി വായിക്കാം; http://ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ: പെരുകിവരുന്ന വൈരുധ്യങ്ങള്‍


എന്നാൽ രാജ്യാന്തര ഇന്ധന വില ബാരലിന് 110 ഡോളറിന് മുകളിലാണ്. ഇന്ധന വില ഈ ഏപ്രിലിൽ മാത്രം 10 ശതമാനത്തിലധികം ഉയർന്നു. ആഭ്യന്തര പെട്രോൾ, ഡീസൽ, വളം എന്നിവയുടെ വില കുത്തനെ ഉയരുമ്പോൾ സമ്പദ്‌വ്യവസ്ഥയിലെ ആഘാതം കുറയ്ക്കുന്നതിന് എക്സൈസ് തീരുവ കുറയ്ക്കേണ്ടതുണ്ട്. ഈ നടപടി കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് കാര്യമായ ബാധ്യത വരുത്തിയേക്കാം, പക്ഷേ അത് പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കാൻ സഹായിക്കും. ആവശ്യകതയും ഉപഭോഗവും മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയും വർധിപ്പിക്കും. കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന പണപ്പെരുപ്പ നിരക്ക് ഉപഭോക്താക്കൾക്ക് ശരിക്കും വിശ്വസിക്കാമോ? മൊത്തവില പണപ്പെരുപ്പവും ഉപഭോക്തൃ വില സൂചികയും കണക്കാക്കുന്നതിനായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിലെ ഫീൽഡ് സ്റ്റാഫിന്റെ റിപ്പോർട്ടുകൾ എത്രത്തോളം വിശ്വസനീയമാണ്? പണപ്പെരുപ്പ ചിത്രം മനഃപൂർവം അടിച്ചമർത്താനുള്ള സർക്കാർ അജണ്ട അവരെ നിയന്ത്രിക്കുമോ? തുടങ്ങിയ ചോദ്യങ്ങൾ പ്രസക്തമാണ്. ഒന്നാമതായി, ഉപഭോക്തൃ വില സൂചികയ്ക്കുള്ള പട്ടികയിൽ ഏകദേശം 299 ചരക്കുകൾ ഉൾപ്പെടുന്നുണ്ട്. ചരക്കുകളുടെയും സേവനങ്ങളുടെയും ചില്ലറ വിലയിലെ മാറ്റം പരിഗണിച്ചും പട്ടികയിലെ ഓരോ ഇനത്തിന്റെയും ശരാശരി മൂല്യമനുസരിച്ചുമാണ് സൂചിക കണക്കാക്കുന്നത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ ഫീൽഡ് സ്റ്റാഫ് വ്യക്തിപരമായ സന്ദർശനങ്ങളിലൂടെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തിരഞ്ഞെടുത്ത 1,114 നഗര വിപണികളിൽ നിന്നും 1,181 ഗ്രാമ വിപണികളിൽ നിന്നും വിലവിവരങ്ങൾ ശേഖരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2022 ജനുവരിയിൽ ഗ്രാമങ്ങളിൽ നിന്ന് 99.7 ശതമാനവും നഗര വിപണികളിൽ നിന്ന് 98.2 ശതമാനം വിലകൾ ശേഖരിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്താകെ ചില്ലറ വില്പന വില കണക്കുകൂട്ടുന്നത് എളുപ്പമല്ല. 28 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്. അവയിൽ ഓരോന്നിനും സവിശേഷമായ ജനസംഖ്യാശാസ്ത്രവും ചരിത്രവും സംസ്കാരവും ഉത്സവങ്ങളും ഭാഷയും ഭക്ഷണശീലങ്ങളും വ്യതിരിക്തമായ ഉപഭോക്തൃ മുൻഗണനകളുമുണ്ട്. രാജ്യത്താകെ 775 ജില്ലകളുണ്ട്. ഇതില്‍ ഗുജറാത്തിലെ കച്ച് ഏറ്റവും വലുതും പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ഏറ്റവും ജനസംഖ്യയുള്ളതും മധ്യ ഡൽഹി ഏറ്റവും തിരക്കേറിയതുമാണ്. 2019 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 6,64,369 ഗ്രാമങ്ങളാണുളളത്. ഇതിൽ പലതിലും ശരിയായ റയിൽ‑റോഡ് കണക്ഷനുകളും സംഘടിത വിപണികളുമില്ല. അത്തരം സാഹചര്യങ്ങളിൽ, റീട്ടെയിൽ വിലയും പണപ്പെരുപ്പവും വിലയിരുത്തുക എളുപ്പമല്ല.


ഇതുകൂടി വായിക്കാം; പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതെങ്ങനെ?


എന്നാൽ മൊത്ത വില്പന വിലകളുടെ ശേഖരണം ഇതിനെക്കാള്‍ എളുപ്പവും കൂടുതൽ വിശ്വസനീയവുമാണ്. പണപ്പെരുപ്പത്തെക്കുറച്ചുകാണിക്കുന്നത് അലസമായ പണനയത്തിനും അനന്തരഫലങ്ങളെ അവഗണിച്ചുകൊണ്ടുള്ള പണമിടപാടിനും കാരണമാകും. ഇത് അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. അതിനാൽ, നിലവിലെ പണപ്പെരുപ്പ സൂചകം വേണ്ടത്ര കൃത്യതയോടെ വിലയിരുത്തുന്നതാണോ എന്നതിനെക്കുറിച്ച് വിശദമായ ചർച്ച പ്രധാനമാണ്. ഇന്ത്യയെപ്പോലുള്ള സങ്കീർണമായ ഒരു സമൂഹത്തിൽ പണപ്പെരുപ്പം ലക്ഷ്യമിട്ടുള്ള സൂചകത്തിന്റെ തിരഞ്ഞെടുപ്പും പ്രധാനമാണ്. മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ മൊത്തവില സൂചിക തിരഞ്ഞെടുത്തപ്പോൾ മുൻ ആർബിഐ ഗവർണർ ഡോ. രഘുറാം രാജൻ വിലയിരുത്തിയത് ഉപഭോക്തൃ വില സൂചികയാണ്. മൊത്തവില സൂചികയുടെ തിരഞ്ഞെടുപ്പിന് പിന്നിലെ യുക്തി അത് ഉപഭോക്തൃ വില സൂചികയെക്കാൾ കുറഞ്ഞ പരിഗണനയാണ് ഭക്ഷ്യോല്പന്നങ്ങള്‍ക്ക് നല്കുന്നത് എന്നതാണ്. ഭക്ഷ്യ വിലക്കയറ്റത്തിൽ കാര്യമായ സ്വാധീനം ചെലുത്താത്ത പണനയത്തിന്റെ നടത്തിപ്പിന് ഇത് കൂടുതൽ അനുയോജ്യമാണ്. അതുകൊണ്ട് ഉപഭോക്തൃ വില സൂചിക കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണെന്നും പണപ്പെരുപ്പം കണക്കാക്കുന്നതിനുള്ള മുൻഗണനാ സൂചകമായി മൊത്തവില സൂചികയ്ക്ക് പകരം ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കണമെന്നും ഡോ. രഘുറാം ​​രാജൻ അഭിപ്രായപ്പെടുന്നു. ഭക്ഷ്യവിലപ്പെരുപ്പത്തിലെ വർധനവ് കാരണം ഉപഭോക്തൃ വില സൂചിക ഉയർന്നേക്കാമെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഇന്ത്യയിൽ ഇപ്പോൾ കാണുന്ന ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പ നിരക്ക് മൊത്തവില പണപ്പെരുപ്പ വളർച്ചാ നിരക്കിനേക്കാൾ 50 ശതമാനം കുറവാണ്. അതുകൊണ്ടാണ് സർക്കാർ പ്രസിദ്ധീകരിച്ച ചില്ലറ വിലപ്പെരുപ്പ നിരക്ക് അത്ര വിശ്വസനീയമാണോ എന്ന സംശയം ജനിക്കുന്നത്. എന്തായാലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പണപ്പെരുപ്പത്തിൽ വലയുന്നു എന്നത് യാഥാർത്ഥ്യമാണ്. അതുപോലെ സമ്പദ്‌വ്യവസ്ഥ സ്തംഭനാവസ്ഥയുടെയും മന്ദഗതിയിലുള്ള ജിഡിപി വളർച്ചയുടെയും അപകടസാധ്യതയെയും അഭിമുഖീകരിക്കുന്നുണ്ട്.

Exit mobile version