Site icon Janayugom Online

കേന്ദ്രത്തിന്റെ വികല നയം; ചെറുകിട സമ്പാദ്യം ഇല്ലാതാകുന്നു

ചെറുകിട സമ്പാദ്യത്തിന്മേലുള്ള കേന്ദ്ര സർക്കാരിന്റെ നിരന്തരമായ കടന്നുകയറ്റം മൂലം പാവപ്പെട്ടവരുടെ ലഘുനിക്ഷേപങ്ങള്‍ കുറയുന്നു. അതേസമയം വായ്പയുടെ നിരക്കുകൾ ഉയരുകയും ചെയ്യുന്നു. കോടിക്കണക്കിന് സാധാരണക്കാരുടെ പ്രതീക്ഷയായ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കേന്ദ്രം ദീർഘകാലമായി വർധിപ്പിച്ചിട്ടില്ല. 2014ൽ നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനുശേഷം ഈ പദ്ധതികളുടെ പലിശനിരക്ക് പലതവണ വെട്ടിക്കുറച്ചു. മുതിര്‍ന്ന പൗരന്‍മാരുടെ സേവിങ്‌സ് അക്കൗണ്ടിന് 2015ൽ 9.3 ശതമാനം പലിശ ലഭിച്ചിരുന്നു. നിലവിൽ പലിശ 7.4 ശതമാനമാണ്. 2015 മുതൽ ഈ പദ്ധതിയിലെ പലിശ നിരക്ക് ആറ് തവണ വെട്ടിക്കുറച്ചു. പണപ്പെരുപ്പ നിരക്ക് പുതിയ ഉയരങ്ങളിലെത്തിയിട്ടും 2011 ഡിസംബറിന് ശേഷം പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് നിരക്കില്‍ വർധനയുണ്ടായിട്ടില്ല.

കിസാൻ വികാസ് പത്രയുടെ പലിശ 2014 ൽ 8.7 ശതമാനമായിരുന്നു. ഇത് 2020 ൽ 6.9 ആയി കുറഞ്ഞു.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് പലിശ 2013 ൽ 8.7 ആയിരുന്നത് 2020ൽ 7.1 ശതമാനമായി കുറഞ്ഞു. ദേശീയ സമ്പാദ്യ പദ്ധതിയിലെ (ആര്‍ഡി)പലിശ നിരക്ക് കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏഴ് തവണ കുറച്ചിട്ടുണ്ട്. 2014ൽ 8.4 ആയിരുന്ന പലിശ 2020ൽ 5.8 ശതമാനമായി. ദേശീയ സമ്പാദ്യ സർട്ടിഫിക്കറ്റ് പലിശ 2013 ൽ 8.5 ആയിരുന്നു. 2020ൽ 6.8 ശതമാനമായി കുറച്ചു.

ദേശീയ സേവിങ്‌സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിൽ 2014ൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 8.4 ശതമാനം നിരക്കിലും അഞ്ച് വർഷ നിക്ഷേപങ്ങൾക്ക് 8.5 ശതമാനം നിരക്കിലും പലിശ ലഭിച്ചിരുന്നു. ഇത് യഥാക്രമം 5.5, 6.7 എന്നിങ്ങനെയായി കുറച്ചു. പ്രതിമാസ വരുമാന നിക്ഷേപ പലിശ 2016 ൽ 7.8 ആയിരുന്നത് അഞ്ച് വർഷത്തിനിടെ ആറ് തവണ വെട്ടിക്കുറച്ചു. നിലവിൽ പലിശ നിരക്ക് 6.6 ശതമാനം മാത്രമാണ്. കഴിഞ്ഞ എട്ട് വർഷത്തെ ശരാശരി പണപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തിനടുത്തായിരിക്കേ ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് 6–7 ശതമാനം പലിശ അപര്യാപ്തമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2014–15 കാലയളവിൽ പണപ്പെരുപ്പ നിരക്ക് 5.27 ശതമാനം ആയിരുന്നപ്പോൾ 2021–22 ല്‍ 5.93 ആയി ഉയർന്നു. പണപ്പെരുപ്പ നിരക്ക് രാജ്യത്ത് ഇരട്ട അക്കത്തിൽ ഉയർന്ന നിലയിൽ തുടരുകയാണ്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ 15.18 ആണ്.

വർധിച്ചുവരുന്ന തൊഴിലില്ലായ്മ കാരണം ജനങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ദുർബലമായിരിക്കുകയാണ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനമായി ഉയർന്നിട്ടുണ്ട്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ പ്രകാരം ജൂണിൽ 1.3 കോടി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു. വൻകിട കോർപറേറ്റുകൾക്കായി ലക്ഷക്കണക്കിന് കോടികൾ എഴുതിത്തള്ളുന്ന മോഡി സർക്കാർ, വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം തകർന്ന സാധാരണക്കാർക്ക് ആശ്വാസം പകരാൻ ചെറുകിട സമ്പാദ്യങ്ങളുടെ പലിശ നിരക്ക് ഉയർത്താന്‍ തയാറാകുന്നില്ല.

Eng­lish Summary:the Cen­tral Govt Small sav­ings disappear
You may also like this video

Exit mobile version