വെള്ളിയാഴ്ച ഇന്ത്യ‑ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷം നിര്‍ഭാഗ്യകരമാണെങ്കിലും അതുസംബന്ധിച്ച് ജനപ്രതിനിധി സഭകളായ ലോക്‌സഭയിലും രാജ്യസഭയിലും ചര്‍ച്ചയ്ക്കുപോലും അവസരം നല്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. അരുണാചല്‍ പ്രദേശിലെ തവാങ്ങിലുള്ള യാങ്സെ പ്രദേശത്തെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സംഘര്‍ഷം തിങ്കളാഴ്ച വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ് പുറംലോകമറിഞ്ഞത്. ഇരുവിഭാഗങ്ങളിലും നിരവധി സൈനികര്‍ക്ക് പരിക്കേറ്റെങ്കിലും എണ്ണത്തെ സംബന്ധിച്ച് വ്യത്യസ്തമായ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അതിര്‍ത്തി ലംഘിച്ച് കയറിയതാണ് പ്രകോപനത്തിനു കാരണമായത്. എന്നാല്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട സ്ഥലത്തു പട്രോളിങ് നടത്തുന്നത് തടയുവാന്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് നീക്കമുണ്ടായതാണ് കാരണമെന്ന് ചൈന വിശദീകരിക്കുന്നു. ചൊവ്വാഴ്ചയും ഇന്നലെയും ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഇരുസഭകളിലും പ്രതിപക്ഷം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച സഭയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നല്കിയ മറുപടിയിലും വസ്തുതകള്‍ മറച്ചുവയ്ക്കുന്നതായാണ് വ്യക്തമാകുന്നത്.
ഇതുകൂടി വായിക്കൂ: അഗ്നിവീറും സൈനികരും തുല്യരല്ല
‘ഡിസംബര്‍ ഒമ്പതിന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തവാങ് മേഖലയില്‍ നിലവിലുള്ള സ്ഥിതിക്കു വിപരീതമായും ഏകപക്ഷീയമായും കടന്നുകയറ്റത്തിന് ശ്രമം നടത്തി. ഇന്ത്യന്‍ സൈന്യം ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയതിനാല്‍ ചൈനീസ് സേനാംഗങ്ങള്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് പിന്‍വാങ്ങുകയും ചെയ്തു. കായികമായി നേരിയ തോതിലുള്ള സംഘര്‍ഷങ്ങളുണ്ടായി. അതുകൊണ്ട് ചൈനീസ് സേനാംഗങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കകത്തുനിന്ന് അവര്‍ക്ക് അനുവദനീയമായ സ്ഥലത്തേക്ക് പിന്‍വാങ്ങുവാന്‍ തയ്യാറായി. ഇരുഭാഗത്തെയും കുറച്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായ പരിക്കുകളോ മരണമോ ഉണ്ടായിട്ടില്ലെന്ന് ഈ സഭയെ അറിയിക്കുന്നു. വിഷയം നയതന്ത്ര മാര്‍ഗത്തിലൂടെ ചൈനയ്ക്ക് മുന്നില്‍ ഉയര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രാദേശിക കമാൻഡർ ഡിസംബർ 11 ന് ചൈനീസ് കമാൻഡറുമായി സംസാരിച്ചിരുന്നു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കുവാനും അതിര്‍ത്തിയിലെ സമാധാനം നിലനിര്‍ത്തുവാനും ചൈനയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രശ്നം നയതന്ത്ര മാര്‍ഗത്തിലൂടെ ചര്‍ച്ച ചെയ്യും’ എന്നായിരുന്നു രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന. ആദ്യദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകളില്‍ പ്രതിരോധമന്ത്രി പറഞ്ഞതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും സംഘര്‍ഷമുണ്ടായ അരുണാചല്‍ പ്രദേശിലെ യാങ്സെ പ്രദേശവാസികളെ ഉദ്ധരിച്ചും ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയും തുടര്‍ന്നുള്ള വാര്‍ത്തകളില്‍ സര്‍ക്കാര്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ വിവരങ്ങളുണ്ടായിരുന്നു.
ഇതുകൂടി വായിക്കൂ: സൈനികസേവനത്തിലും കരാര്‍ കാലം
പ്രദേശത്തെ ലോക്‌സഭാംഗം കൂടിയായ ബിജെപി നേതാവ് താപിര്‍ ഗാവോ സാര്‍വദേശീയ മാധ്യമത്തോട് പറഞ്ഞതനുസരിച്ച് ഇരുപത് സൈനികര്‍ക്ക് പരിക്കേറ്റതില്‍ ആറു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിമാനമാര്‍ഗം ഗുവാഹട്ടിയിലെ ആശുപത്രിയിലെത്തിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഗാവോ പറഞ്ഞതായാണ് വാര്‍ത്തയിലുള്ളത്. പ്രദേശവാസികളെ ഉദ്ധരിച്ചുള്ള മറ്റു വാര്‍ത്തകളിലും ഇതിനു സമാനമായ വിശദീകരണങ്ങളുണ്ടായി. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ഒളിച്ചുകളിയാണ് പലപ്പോഴും ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ജനപ്രതിനിധി സഭകളെ യഥാര്‍ത്ഥ വസ്തുത അറിയിക്കുന്നതിനോ അവിടെ ചര്‍ച്ചയ്ക്ക് അവസരമൊരുക്കുന്നതിനോ സര്‍ക്കാര്‍ മടിക്കുകയാണ്. അതിര്‍ത്തിയില്‍ ചൈനയുമായി മുഖാമുഖം നില്ക്കേണ്ടിവരുന്നത് സമീപകാലത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇരുരാജ്യങ്ങളും 3488 കിലോമീറ്റര്‍ നീളത്തിലാണ് അതിര്‍ത്തി പങ്കിടുന്നത്. ഇതിനിടയിലാണെങ്കില്‍ 25 സ്ഥലത്തെ സംബന്ധിച്ചെങ്കിലും തര്‍ക്കവും നിലവിലുണ്ട്. 2020ല്‍ മാസങ്ങളോളമാണ് ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇരുരാജ്യത്തിന്റെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. മേയില്‍ തുടങ്ങി ജൂണില്‍ 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവില്‍ കലാശിച്ച വന്‍ സംഘര്‍ഷമായി അതുമാറി. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞു ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം പുറത്തുവന്നത്. പിന്നീട് പലതവണ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനയുടെ പ്രകോപനവും കടന്നുകയറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളായി. എന്നാല്‍ സര്‍ക്കാര്‍ അപ്പോഴൊക്കെ മൗനം പാലിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തോടും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. വിഷയ നിര്‍ണയ സമിതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഭരണപക്ഷ നിലപാടിന് അനുസരിച്ചായിരിക്കും അവിടെയുണ്ടാകുന്ന തീരുമാനം. അതിര്‍ത്തി കാക്കുന്നതിനായി സേവനം നടത്തുന്നവരില്‍ നമ്മുടെയെല്ലാം പ്രദേശങ്ങളില്‍ നിന്ന് പോയ സൈനികരുമുള്‍പ്പെടുന്നു. അവര്‍ നടത്തുന്ന ധീരവും ജീവന്‍ പണയം വച്ചുള്ളതുമായ സേവനങ്ങള്‍ ജനങ്ങളെ അറിയിക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയാണ്. അതുകൊണ്ടുതന്നെ ഇത്തരം നിഷേധാത്മകനടപടികള്‍ ജനാധിപത്യ സംവിധാനങ്ങളോടുള്ള അവഹേളനം മാത്രമല്ല സൈനികരോടുള്ള അനാദരവ് കൂടിയാണ്.