Site iconSite icon Janayugom Online

ഇന്നലെ വരെ ഇഡിക്കൊപ്പമായിരുന്ന പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി

ഇന്നലെ വരെ സ്വര്‍ണക്കടത്തുകേസില്‍ ഇഡിക്കൊപ്പമായിരുന്ന പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്തുകേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന് ഇ ഡി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷം സബ്മിഷനായി സഭയില്‍ ഉന്നയിച്ചതിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കള്ളപ്പണ ഇടപാടു കേസില്‍ എഐസിസി പ്രസിഡന്റിനെ വരെ ഇ ഡി ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് മുന്‍നിലപാടില്‍ നിന്നും മാറുന്നത്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അവര്‍ക്ക് ഇഷ്ടമുള്ളവരെ ചേര്‍ത്തുപിടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കുകയുണ്ടായി. ഈ നിലപാടുമാറ്റത്തില്‍ സന്തോഷമുണ്ട്.

കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുവെന്ന് ഇതുവരെ കേന്ദ്ര ഏജന്‍സികള്‍ പറഞ്ഞിട്ടില്ല. സിബിഐക്കും കേന്ദ്ര ഏജന്‍സികളുടേതായ പരിമിതികളുണ്ട്. സ്വര്‍ണക്കടത്തുകേസില്‍ സിബിഐ അന്വേഷണം വേണമോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനും, സര്‍ക്കാരിനും പൊലീസിനുമെതിരെ ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതിനുമായി ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സബ്മിഷന്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തു കേസ് വേറൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്നാണ് ഇ ഡി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Eng­lish sum­ma­ry; The Chief Min­is­ter said he was hap­py that the oppo­si­tion leader, who was with the ED till yes­ter­day, has changed his stance

You may also like this video;

Exit mobile version