Site iconSite icon Janayugom Online

ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചാണ് സുനിതാ വില്യസും, ബൂച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയതെന്ന് മുഖ്യമന്ത്രി

ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുകൊണ്ടാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് സുനിത വില്യംസും ബുച്ച് വില്‍മോറും ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായമാണ് കുറിച്ചിരിക്കുന്നത്. അവര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ എട്ടുദിവസത്തേക്കുള്ള ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതയുടെയും ബുച്ചിന്റെയും മടക്കയാത്ര പല സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നീളുകയായിരുന്നു. 9 മാസത്തിലേറെ നീണ്ട ബഹിരാകാശ വാസത്തിനിടെ ഏറ്റവും കൂടുതല്‍ സമയം സ്‌പേസ് വോക്ക് നടത്തിയ വനിതയെന്ന നേട്ടവും അവര്‍ കരസ്ഥമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.സുനിത വില്യംസിനും ബുച്ച് വില്‍മോറിനും നല്ല ആരോഗ്യം നേരുന്നതായി മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു. ഇരുവരും കൂടുതല്‍ നേട്ടങ്ങളിലേക്കു കുതിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

Exit mobile version