Site iconSite icon Janayugom Online

കെഎസ്ആര്‍ടിസി എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കെഎസ്ആര്‍ടിസിക്ക് എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. കെ എസ് ആര്‍ ടി സിയിലെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും നടക്കും.. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബസുകളാണ് നിരത്തിലെത്തുന്നത്.സൗകര്യത്തിലും ഭംഗിയിലും സ്വകാര്യ ബസുകളെ മറികടക്കുന്ന ബസുകള്‍ നിരത്തില്‍ ഇറക്കുകയാണ് കെ എസ് ആര്‍ ടി സി. ബിഎസ് 6 വിഭാഗത്തിലുള്ള അത്യാധുനിക ബസുകളാണ് ഇന്ന് നിരത്തില്‍ ഇറങ്ങുക. 

ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ലിങ്ക്, വോള്‍വോ, എ സി സീറ്റര്‍ കം സ്ലീപ്പര്‍, എ സി സ്ലീപ്പര്‍, എ സി സീറ്റര്‍, മിനി ബസ് എന്നീ വിഭാഗത്തിലാണ് പുതിയ ബസുകള്‍.വോള്‍വോയില്‍ സഞ്ചരിക്കാന്‍ നടന്‍ മോഹന്‍ലാലും എത്തും. ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചായിരിക്കും പുതിയ ലിങ്ക് സര്‍വീസുകള്‍. സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍ ബസുകള്‍ എന്നിവയുടെ ബോഡിയില്‍ കേരളീയ തനിമ വിളിച്ചോതി, ദേശീയപതാകയുടെ കളര്‍ തീമില്‍ കഥകളി ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.

പുഷ്ബാക്ക് സംവിധാനത്തിനൊപ്പം രണ്ട് നിറത്തിലുള്ള ലെതര്‍ സീറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനും വ്യത്യസ്ത നിറമാണ്. വൈഫൈ കണക്ഷന്‍ നല്‍കാവുന്ന ടി വി, പുറത്തും അകത്തുമായി കാമറകള്‍ എന്നിവ എല്ലാ ബസിലുമുണ്ടാകും. ഒമ്പത് മീറ്ററിന്റേതാണ് മിനി ബസുകള്‍. തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ്സുകളുടെ ഫ്ലാഗ്ഓഫ് നിര്‍വഹിക്കും. നാളെ മുതല്‍ ഞായര്‍ വരെ കനകക്കുന്നില്‍ നടക്കുന്ന എക്‌സ്‌പോയില്‍ ബസുകള്‍ പ്രദര്‍ശിപ്പിക്കും.

Exit mobile version