Site iconSite icon Janayugom Online

കെഎസ്ആർടിസി- സ്വിഫ്റ്റ് സർവീസ് 11 ന് മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും

കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ ബസ് സർവീസ് ഈ മാസം 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാ​ഗ് ഓഫ് ചെയ്യും. വൈകുന്നേരം 5.30 ന് തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ ഗതാ​ഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും. ആദ്യ സർവീസ് തിരുവനന്തപുരത്ത് നിന്നും ബംഗളുരുവിലേക്കാണ്. 12 ന് ബംഗളുരുവിൽ നിന്നുള്ള മടക്ക സർവീസ് വൈകുന്നേരം മൂന്ന് മണിക്ക് ഗതാ​ഗത മന്ത്രി ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്യും. അന്നേ ദിവസം ബംഗളുരുവിലെ മലയാളികളുടെ യാത്രാപ്രശ്നങ്ങൾ ബംഗളുരു മലയാളി സംഘടനകളുമായി മന്ത്രി ചർച്ച നടത്തുകയും ചെയ്യും. സർക്കാർ പദ്ധതി വിഹിതം ഉപയോ​ഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളുടെ രജിസ്ട്രേഷൻ നടപടി പൂർത്തിയായി ഇതിനോടകം ആനയറയിലെ കെഎസ്ആർടിസി- സ്വിഫ്റ്റിന്റെ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇവിടെ എത്തിച്ചേർന്ന 99 ബസുകളിൽ 28 എസി ബസുകളാണുള്ളത്. അവയിൽ എട്ടെണ്ണം എസി സ്ലീപ്പറും 20 ബസുകൾ എസി സെമി സ്ലീപ്പർ ബസുകളുമാണ്. കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിൽ ഇറക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പട്ടണങ്ങളിലേക്ക് സ്വിഫ്റ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ സർവീസുകളും ആരംഭിക്കും. ഇതിന് വേണ്ടിയുള്ള ഓൺലൈൻ റിസർവേഷൻ സംവിധാനം ഉടൻ തന്നെ ലഭ്യമാക്കും. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെഎസ്ആർടിസി-സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോഗിക്കുക.

Eng­lish sum­ma­ry; The Chief Min­is­ter will flag off the KSRTC-Swift ser­vice on the 11th

You may also like this video;

Exit mobile version