Site icon Janayugom Online

തവനൂർ സെൻട്രൽ ജയിൽ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്വാതന്ത്ര്യ ലബ്ധിയ്ക്കുശേഷം സർക്കാർ നിർമ്മിക്കുന്ന ആദ്യത്തെ തവനൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോം നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയാവും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മുഖ്യാതിഥിയാവും.

ഡോ. കെ ടി ജലീൽ എംഎൽഎ അധ്യക്ഷനാവും. തവനൂർ കൂരടയിൽ ജയിൽ വകുപ്പിന്റെ 7.56 ഏക്കർ ഭൂമിയിൽ മൂന്ന് നിലകളിലായാണ് ജയിൽ സമുച്ചയം നിർമ്മിച്ചിട്ടുള്ളത്. മറ്റ് മൂന്ന് ജയിലുകളിൽനിന്ന് വ്യത്യസ്തമാണ് പുതിയ ജയിലിന്റെ നിർമ്മാണം. ‘യു’ ആകൃതിയിൽ മൂന്ന് നിലകളിലായാണ് ജയിൽ നിർമ്മിച്ചിരിക്കുന്നത്. 706 തടവുകാരെ പാർപ്പിക്കുന്നതിനുള്ള സൗകര്യമാണ് ജയിലുള്ളത്.

35 കോടിയോളം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. നിലവിലെ സെൻട്രൽ ജയിലുകളുടെ നിർമ്മാണ രീതിയിൽനിന്ന് വ്യത്യസ്തമായി ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. ഉദ്ഘാടന ദിവസം പൊതുജനങ്ങൾക്ക് ജയിൽ സന്ദർശിക്കാനുള്ള അവസരവും ഉണ്ടാകും.

രാവിലെ ഒമ്പത് മുതൽ 10 വരെ ഒരു മണിക്കൂർ സമയമാണ് ജയിലിന്റെ ഉൾവശം മുഴുവനായും സന്ദർശകർക്കായി സമയം അനുവദിച്ചിട്ടുള്ളത്. എന്നാൽ ഫോട്ടോ എടുക്കുന്നതിന് അനുവദിക്കില്ല. അതീവ സുരക്ഷാ മേഖലയായതിനാൽ ഉദ്ഘാടനത്തിനുശേഷം ജയിലിനുള്ളിൽ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തും.

Eng­lish summary;The Chief Min­is­ter will inau­gu­rate the Tha­va­nur Cen­tral Jail tomorrow

You may also like this video;

Exit mobile version