Site iconSite icon Janayugom Online

ആദ്യ വിവാഹത്തിലെ കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ

രാജസ്ഥാനിലെ അജ്മീറിൽ മൂന്ന് വയസ്സുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തി. ആദ്യ വിവാഹത്തിലുണ്ടായ കുഞ്ഞിനെ കാമുകന് ഇഷ്ടമല്ലാത്തതിനാലാണ് കൊന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. അജ്മീറില്‍ രാത്രി പട്രോളിങ്ങിനിടയിലാണ് പൊലീസ് യുവതിയും കാമുകനും നടന്നു പോകുന്നത് കണ്ടത്. അര്‍ധരാത്രി ആളൊഴിഞ്ഞ വഴിയിലൂടെ നടക്കുന്നത് കണ്ടപ്പോള്‍ സംശയം തോന്നി നടത്തിയ ചോദ്യം ചെയ്യലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.

അഞ്ജലി എന്ന യുവതിയേയും അവരുടെ കാമുകനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്രോളിങ്ങിനിടയില്‍ രാത്രി നടക്കുന്നതെന്തിനാണെന്ന് പൊലീസ് ചോദിച്ചപ്പോള്‍ മകളെ കാണാനില്ലെന്നായിരുന്നു യുവതിയുടെ മറുപടി. വീട്ടില്‍ നിന്നും മകള്‍ക്കൊപ്പമാണ് പുറത്തേക്കിറങ്ങിയത്. എന്നാല്‍, പെട്ടെന്ന് കുഞ്ഞിനെ കാണാതായെന്നും കുഞ്ഞിനെ അന്വേഷിച്ചിറങ്ങിയതാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കുഞ്ഞുമായി സമീപത്തെ പുഴയ്ക്കരികിലേക്ക് യുവതി പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. അര്‍ധരാത്രി 1.30 നുള്ള ദൃശ്യങ്ങളില്‍ കുഞ്ഞില്ലാതെ യുവതി തിരിച്ചു വരുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതോടെയാണ് പൊലീസിന് സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നുവെന്ന് യുവതി സമ്മതിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ വാരാണസി സ്വദേശിയായ അഞ്ജലി ആദ്യ ഭര്‍ത്താവില്‍ നിന്ന് വേർപിരിഞ്ഞ ശേഷമാണ് അജ്മീറിലെത്തിയത്. ഇവിടെ കാമുകനായ ആല്‍കേഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. മൂന്ന് വയസ്സുള്ള മകള്‍ അഞ്ജലിയുടെ ആദ്യ ബന്ധത്തിലുള്ളതാണ്. കുഞ്ഞിനെ ആല്‍കേഷിന് ഇഷ്ടമല്ലായിരുന്നു. ഇതോടെയാണ് കുഞ്ഞിനെ ഒഴിവാക്കാന്‍ യുവതി തീരുമാനിച്ചത്. രാത്രി മകളെ ഉറക്കിയ ശേഷം പുഴയിലെറിയുകയായിരുന്നു. പിന്നീട് കുഞ്ഞിനെ കാണാനില്ലെന്ന് ആല്‍കേഷിനെ വിവരം അറിയിച്ചു. കുഞ്ഞിനു വേണ്ടി ആല്‍കേഷിനൊപ്പം തിരച്ചില്‍ നടത്തുന്നതിനിടയിലാണ് പൊലീസിന്റെ മുന്നില്‍ പെട്ടത്. അഞ്ജലി തനിച്ചാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അഞ്ജലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തില്‍ ആല്‍കേഷിന് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

Exit mobile version