കേരളത്തിന്റെ സാമൂഹ്യ‑സാമ്പത്തിക വികാസത്തിന്റെ സമസ്ത മേഖലകളിലും പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വടവൃക്ഷമാണ് ഇന്ന് സഹകരണ പ്രസ്ഥാനം. പ്രാരംഭഘട്ടത്തിൽ കർഷക സഹകരണ സംഘങ്ങളായി രൂപീകരിക്കപ്പെട്ട കൂട്ടുകൃഷി സംഘങ്ങൾ കാർഷിക വായ്പാ സംഘങ്ങളായും പിന്നീട് സംഭരണ — വിപണന സംഘങ്ങളായും മാറുകയായിരുന്നു. കാലക്രമത്തിൽ കൈത്തറി-നെയ്ത്ത്-കയർ മേഖലകളിലേക്കും ചെറുകിട‑ഇടത്തരം വ്യവസായത്തിലേക്കും വിദ്യാഭ്യാസ‑ആതുരസേവന‑വിനോദ സഞ്ചാര മേഖലകളിലേക്കും വ്യാപിച്ചു. ആഗോളവൽക്കരണ ഉദാരവൽക്കരണ കാലഘട്ടത്തിൽ വൻകിട ധനകാര്യ മൂലധന നിക്ഷേപത്തിനു ബദലാകാൻ കഴിയത്തക്ക നിലയിൽ സഹകരണമേഖല കേരളത്തിൽ ഇന്ന് വളർന്നു. ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ആര് ശ്രമിച്ചാലും അത് നാടിനോടും സമൂഹത്തോടും കാണിക്കുന്ന ക്രൂരതയായി മാത്രമെ വ്യാഖ്യാനിക്കാൻ കഴിയൂ. 1975 ജൂലൈ മാസത്തിലാണ് കേരളത്തിൽ സഹകരണ മേഖലയിൽ നിക്ഷേപ സമാഹരണ പരിപാടിക്ക് തുടക്കം കുറിക്കുന്നത്. അന്ന് സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന മുൻമന്ത്രി ഇ ചന്ദ്രശേഖരൻ നായരും കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന മുൻമന്ത്രി പി രവീന്ദ്രനും ആയിരുന്നു ഈ പദ്ധതിയുടെ ആസൂത്രകർ. കേരളത്തിലെ വായ്പാ സഹകരണ സ്ഥാപനങ്ങൾക്ക് ഒരു പുതുജീവൻ പകർന്ന പദ്ധതിയായിരുന്നു നിക്ഷേപ സമാഹരണം. 1969 ലെ കേരള സഹകരണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ പിന്നീട് നിക്ഷേപത്തിന് ഗ്യാരന്റി നൽകുന്ന ചട്ടങ്ങളും ഭേദഗതികളും കൊണ്ടുവന്നു. നിക്ഷേപ സമാഹരണം ശക്തമായതോടുകൂടി സഹകരണ ബാങ്കുകൾ വായ്പാപരിധി വർധിപ്പിക്കാനും കൂടുതൽ പുതിയ കാർഷികേതര വായ്പ പദ്ധതികൾ നടപ്പിലാക്കാനും തുടങ്ങി. സ്വർണപ്പണയം, ചിട്ടി തുടങ്ങിയവ സർവ സാധാരണമായി. നീതി സ്റ്റോറുകളും കൺസ്യൂമർ സ്റ്റോറുകളും വളം ഡിപ്പോകളും മെഡിക്കൽ സ്റ്റോറുകളും ഓഡിറ്റോറിയങ്ങളും സഹകരണ ബാങ്കുകളുടെ സഹ സ്ഥാപനങ്ങളായി. നിക്ഷേപം കൂടുംതോറും ക്രെഡിറ്റിന്റെ പരിധി കൂട്ടാനും ബാങ്ക് കെട്ടിടങ്ങൾ കൂടുതൽ ആകർഷകമാക്കാനും മോടി പിടിപ്പിക്കാനും തുടങ്ങി. എല്ലാ തലത്തിലും മാറ്റങ്ങൾ വന്നു. സഹകരണ മേഖലയെ കൂടുതൽ പ്രൊഫഷണൽ മികവുള്ളതാക്കി മാറ്റി. ഉദ്യോഗസ്ഥരുടെ സേവന‑വേതന വ്യവസ്ഥകളിലും വലിയ മാറ്റങ്ങൾ വന്നു. പ്രൊഫഷണലിസത്തിന്റെ അതിപ്രസരം വന്നപ്പോൾ മട്ടിലും ഭാവത്തിലും വൻകിട കൊമേഴ്സ്യൽ ബാങ്കുകളെപ്പോലെയാകാൻ സഹകരണ സാരഥികൾ കൊതിച്ചു. കാർഷിക വായ്പകൾ തീരെ കുറഞ്ഞെങ്കിലും കുമിഞ്ഞുകൂടിയ നിക്ഷേപങ്ങൾ വായ്പകളാക്കാൻ പുതിയ പരിപാടികൾ കണ്ടുപിടിച്ചു. പലിശ കൂടുകയും തിരിച്ചുപിടിക്കാൻ കഴിയാതെ വരുകയും ചെയ്ത വായ്പകളുടെ എണ്ണം വർധിച്ചപ്പോൾ അപൂർവം ചില ബാങ്കുകളിലെങ്കിലും നഷ്ടവും കിട്ടാക്കടവും ഉണ്ടായിത്തുടങ്ങി. ചില ബാങ്കുകളിൽ ഓഡിറ്റർമാർ ഇതിന് കൂട്ടുനിൽക്കുകയോ കണ്ണടയ്ക്കുകയോ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ വളർച്ചയോടൊപ്പം നിരവധി യുവാക്കൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളായി സംഘങ്ങൾ മാറി. സഹകരണ ബാങ്കിങ് ജോലി ആകർഷകമായപ്പോൾ ജോലി ലഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി അപൂർവമായിട്ടെങ്കിലും ലേലം വിളികളും ഉയർന്നു. വേണ്ടത്ര യോഗ്യതയില്ലാത്തവരും കടന്നുകയറി. ഭരണസമിതിയോട് വിധേയത്വം പുലർത്തുന്നവരുടെ കുടുംബ സഹായ മാർഗമായി സഹകരണ രംഗം ഉപയോഗിക്കപ്പെട്ടു. ഇത് രാഷ്ട്രീയ എതിരാളികളുടെ എതിർപ്പിന്റെ മൂർച്ച കൂട്ടി. പതുക്കെ പതുക്കെ സഹകരണ മേഖല രാഷ്ട്രീയാതിപ്രസരത്തിന്റെ വിളനിലമായി. അങ്ങിങ്ങായി അഴിമതിയും തലപൊക്കിത്തുടങ്ങി.
ഇതുകൂടി വായിക്കാം : സഹകരണ പ്രസ്ഥാനങ്ങളിലൂടെ മുന്നോട്ട്
സഹകരണ ജനാധിപത്യം ഏതാനും ചിലരുടെ കൈവെള്ളയിലൊതുങ്ങുകയും വെല്ലുവിളികളെ നേരിടേണ്ടതായും വന്നു. എങ്കിലും കേരളത്തിന്റെ മിക്ക ജില്ലകളിലും തലയുയർത്തി നിൽക്കുന്ന നിരവധി ആശുപത്രികളും ആർട്ട്സ് കോളജുകളും എന്‍ജിനീയറിങ് കോളജുകളും വ്യവസായ സ്ഥാപനങ്ങളും സഹകരണ മേഖലയിൽ നാടിനഭിമാനമായി ഉയർന്നുവന്നു. സാധാരണ കൊമേഴ്സ്യൽ ബാങ്കുകളേക്കാൾ നാട്ടിലെ സാധാരണ ജനങ്ങൾക്കു പ്രയോജനപ്രദമായ സഹകരണ ബാങ്കുകളെ നിയന്ത്രിക്കുന്നതിനും സഹകരണ മേഖലയിൽ കുമിഞ്ഞുകൂടുന്ന നിക്ഷേപങ്ങളിൽ കണ്ണുവച്ചുകൊണ്ടും 1949 ലെ ബാങ്കിങ് റഗുലേഷൻ ആക്ടിൽ കേന്ദ്ര ഗവൺമെന്റ് ചില ഭേദഗതികൾ കൊണ്ടുവരാൻ തീരുമാനിച്ചു. അംഗങ്ങളായ സഹകാരികളിൽ നിന്നല്ലാതെ പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുകയോ ചെക്ക് എഴുതി തുക പിൻവലിക്കുകയോ, ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്നീ വാക്കുകൾ ഉപയോഗിക്കുകയോ പാടില്ല എന്നതായിരുന്നു അവയിൽ പ്രധാനം. നബാർഡ് ചെയർമാൻ പ്രകാശ് ബക്ഷിയും പ്രൊഫ. വൈദ്യനാഥൻ കമ്മിറ്റിയും സഹകരണ മേഖലയിലെ വായ്പാ ഘടന ഉടച്ചുവാർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കേന്ദ്ര ഗവൺമെന്റിനു സമർപ്പിച്ചിരുന്നു. പക്ഷെ അവ കേരളത്തിന്റെ സഹകരണ മേഖലയെ വേണ്ടത്ര മനസ്സിലാക്കാതെയുള്ള റിപ്പോർട്ടുകളായിരുന്നു. ഇന്ത്യൻ ഭരണഘടനയനുസരിച്ച് പൂർണമായും സംസ്ഥാന വിഷയമായി സഹകരണ സംഘങ്ങൾ നിലനിൽക്കുമ്പോഴാണ് മോഡൽ ആക്ട് കൂടാതെ 2002 ൽ മൾട്ടി കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് നിലവിൽ വന്നത്. ഒന്നിലധികം സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മൾട്ടി സൊസൈറ്റികളെ നിയന്ത്രിക്കാൻ ഒരു സംസ്ഥാന നിയമം പര്യാപ്തമാണോ? 97-ാം ഭരണഘടന ഭേദഗതി സുപ്രീം കോടതി സ്റ്റേ ചെയ്തപ്പോഴും ഭൂരിപക്ഷ ബെഞ്ച് ആ ഭേദഗതിയെ പൂർണമായും റദ്ദു ചെയ്യാതിരുന്നതിന്റെ കാരണം ഇതായിരുന്നല്ലോ. എന്നാൽ കേന്ദ്ര സർക്കാർ പുതിയ സഹകരണ മന്ത്രാലയം രൂപീകരിക്കാൻ നടത്തിയ നീക്കം സുപ്രീം കോടതി തടഞ്ഞു. സഹകരണ സംഘങ്ങൾ പരസ്പര സഹകരണത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന സ്ഥാപനങ്ങളാണ്. അവ സഹകാരികളുടെ പരസ്പര ക്ഷേമത്തിനുവേണ്ടി സഹകാരികൾ സ്വമേധയാ രൂപീകരിച്ചതാണ്. വൻകിട സ്വകാര്യ കമ്പനികളെപ്പോലെയോ വ്യക്തികളെപ്പോലെയോ ബിസിനസ് നടത്തി കോടികൾ ലാഭം കൊയ്തെടുക്കുന്ന ബിസിനസ് സ്ഥാപനങ്ങളല്ല. ഇതിനാലാണ് 1961 ലെ ഇൻകം ടാക്സിന്റെ 80-ാം വകുപ്പിലെ ചില ഉൾപ്പിരിവുകളിൽ ആദായനികുതി ഒഴിവ് സഹകരണ മേഖലയ്ക്ക് ലഭിച്ചത്. എന്നാൽ സഹകരണ സ്ഥാപനങ്ങളിൽ ലഭിക്കുന്ന നിക്ഷേപം ധനമൂലധന ശക്തികൾക്കെതിരായി ഒരു ബദൽ സാമ്പത്തിക പാത തുറന്നു നൽകുന്നു എന്ന തിരിച്ചറിവിൽ നിന്നുകൊണ്ട് കേന്ദ്ര ഗവൺമെന്റ് സഹകരണ സംഘങ്ങളെക്കൂടി ഇൻകം ടാക്സ് പരിധിയിൽ കൊണ്ടുവരുന്നതിന് നിർദ്ദേശം കൊടുക്കുകയായിരുന്നു. റിട്ടേൺസ് നൽകിയില്ലെങ്കിൽ റെയ്ഡ് വരെ നടത്തുന്നതിന് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ തയാറായി. അതിനെ ഫലപ്രദമായി ചെറുക്കാൻ നമ്മുടെ സഹകരണ മേഖലയ്ക്ക് കഴിഞ്ഞില്ലായെന്ന് പറയേണ്ടിവരുന്നു. ഒരുപക്ഷെ അത് സഹകാരികൾക്ക് ഡിവിഡന്റ് പോലും കൊടുക്കാതെ കോടികളുടെ ബിസിനസ് നിങ്ങൾ നടത്തുന്നില്ലേയെന്ന ചോദ്യത്തിനു മുൻപിൽ ഉത്തരം മുട്ടിയതു കൊണ്ടുമാവാം. 2016 നവംബർ എട്ടിന് രാജ്യത്ത് 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ നിരോധിച്ചപ്പോൾ 745 കോടി രൂപയിലധികം നിരോധിത നോട്ടുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഡയറക്ടറായുള്ള അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൽ മാറ്റിയെടുത്തത്. ഇത്രയധികം കറൻസി നോട്ടുകൾ ഈ ബാങ്കിൽ മാത്രം എങ്ങനെ വന്നു എന്നത് അന്നും ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്. ഇതുപോലെയില്ലെങ്കിലും നിരോധിത കറൻസിയുടെ ചെറിയ കോടികൾ പല സഹകരണ ബാങ്കുകളിലും മാറിയിട്ടുണ്ടാവും. കേരളത്തിലെ സഹകരണ ബാങ്കുകളിൽ കരുവന്നൂർ ബാങ്കുപോലെ ചില ഒറ്റപ്പെട്ട കേസുകൾ കണ്ടേക്കാം. പക്ഷെ അതൊന്നും ഒരിക്കലും സാമാന്യവൽക്കരിക്കപ്പെടാൻ പാടുള്ളതല്ല. മോഷണവും തട്ടിപ്പും ക്രിമിനൽ കുറ്റമാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ധനകാര്യസ്ഥാപനങ്ങളിൽ നിയമിക്കുമ്പോഴും അത്തരം ആളുകൾ ഭരണസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോഴും ഉണ്ടാകുന്ന ഒരു സ്ഥിതിവിശേഷം മാത്രമാണിത്. അത് തുടർന്നുണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് നമുക്ക് വേണ്ടത്. കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുകയും അവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. അവർക്ക് ഒരു രാഷ്ട്രീയ പരിരക്ഷയും ഉണ്ടാകരുത്. സഹകരണ സ്ഥാപനങ്ങളിലെ വിശ്വാസ്യതയെ സംരക്ഷിച്ചു നിലനിർത്തുന്നതിന് കക്ഷിഭേദമന്യേ എല്ലാവരും ഒരുമിച്ച് തീരുമാനമെടുക്കണം.