Site iconSite icon Janayugom Online

സഹപൈലറ്റ് ബോധരഹിതനായി; 199 യാത്രക്കാരുമായി ലുഫ്താൻസ വിമാനം പൈലറ്റില്ലാതെ പറന്നത് 10 മിനിറ്റ്

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് സ്പെയിനിലെ സെവില്ലയിലേക്ക് 199 യാത്രക്കാരുമായി പോവുകയായിരുന്ന ലുഫ്താൻസ വിമാനം പൈലറ്റില്ലാതെ പറന്നത് 10 മിനിറ്റോളം. കോക്ക്പിറ്റിൽ തനിച്ചായിരുന്ന സഹപൈലറ്റ് പെട്ടെന്ന് ബോധരഹിതനായതാണ് ഇതിന് കാരണം. സംഭവം 2024 ഫെബ്രുവരിയിലായിരുന്നെങ്കിലും, അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വിവരം ലോകമറിഞ്ഞത്.

43 കാരനായ ക്യാപ്റ്റൻ നൽകിയ മൊഴി അനുസരിച്ച്, യാത്രയുടെ അവസാന 30 മിനിറ്റ് ശേഷിക്കെയാണ് അദ്ദേഹം വാഷ്‌റൂമിലേക്ക് പോയത്. പോകുമ്പോൾ ഫസ്റ്റ് ഓഫീസർക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. എട്ട് മിനിറ്റിന് ശേഷം തിരിച്ചെത്തിയ ക്യാപ്റ്റന് സുരക്ഷാ വാതിലിന്റെ ആക്സസ് കോഡ് നൽകിയിട്ടും കോക്ക്പിറ്റിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്ന് എമർജൻസി കോഡ് ഉപയോഗിച്ചാണ് അദ്ദേഹം അകത്തേക്ക് കടന്നത്. വിളറി വിയര്‍ത്ത അവസ്ഥയിലായിരുന്നു സഹപൈലറ്റ്. തുടര്‍ന്ന് വിമാനജീവനക്കാരുടെയും യാത്രക്കാരനായ ഡോക്ടറുടെയും സഹായത്തോടെ ഇയാളെ പരിചരിച്ചു എന്നും പൈലറ്റ് വ്യക്തമാക്കി.
തുടർന്ന് പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഏറ്റവും അടുത്തുള്ള വിമാനത്താവളമായ മാഡ്രിഡിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു. ബോധരഹിതനായ സഹപൈലറ്റിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഡി സംബന്ധമായ രോഗമാണ് പെട്ടെന്നുള്ള ബോധക്ഷയത്തിന് കാരണം. പെട്ടെന്ന് ബോധരഹിതനായതിനാൽ മറ്റുള്ളവരെ വിവരം അറിയിക്കാൻ കഴിഞ്ഞില്ലെന്ന് സഹപൈലറ്റ് മൊഴി നൽകി. 

Exit mobile version